ഫുട്ബാൾ സ്വർണം സ്പെയിനിന്; ത്രില്ലർ പോരിൽ ഫ്രാൻസ് വീണത് 5-3ന്
text_fieldsപാരിസ്: യൂറോ കപ്പിന് പിന്നാലെ ഒളിമ്പിക്സിലും ജേതാക്കളായി സ്പെയിൻ. ഫൈനലിൽ ആതിഥേയരായ ഫ്രാൻസിനെ 5-3ന് തകർത്താണ് സ്പെയിനിന്റെ വിജയം. നിശ്ചിത സമയത്ത് 3-3ന് അവസാനിച്ച മത്സരത്തിൽ അധികസമയത്താണ് മറ്റു ഗോളുകൾ പിറന്നത്. 1992 ബാഴ്സലോണ ഒളിമ്പിക്സിന് ശേഷം ആദ്യമായാണ് സ്പെയിൻ ഒളിമ്പിക് സ്വർണം നേടുന്നത്.
വാശിയേറിയ ഫൈനലിൽ ഫ്രാൻസാണ് ആദ്യം സ്കോറിങ് തുടങ്ങിയത്. സ്പാനിഷ് ഗോൾകീപ്പർ ടെനസിന്റെ പിഴവിൽ ഫ്രാൻസിന്റെ മില്ലോട്ട് വല കുലുക്കി. എന്നാൽ, മിനിറ്റുകൾക്ക് ശേഷം സ്പെയിനിന്റെ മറുപടി ഗോളെത്തി. ഉജ്ജ്വല ഫോമിൽ പന്തുതട്ടുന്ന ഫെർമിൻ ലോപ്പസ് സമനില പിടിച്ചു. സ്കോർ: 1-1.
അധികം വൈകാതെ സ്പെയിൻ രണ്ടാം ഗോളും നേടി. ആക്രമണത്തിനൊടുവിൽ ആബേൽ റൂയിസിന്റെ ഷോട്ടിൽ റീബൗണ്ടായി വന്ന പന്ത് ലോപ്പസ് വലയിലേക്ക് തൊടുത്തുവിട്ടു. 28ാം മിനുറ്റിൽ ബയേനയുടെ ഉഗ്രൻ ഫ്രീകിക്കിലൂടെയായിരുന്നു മൂന്നാം ഗോൾ.
ഇടവേളക്ക് ശേഷം ഫ്രാൻസ് ആക്രമണം ശക്തമാക്കി. ഫിനിഷിങ്ങിലെ പോരായ്മകളും സ്പെയിൻ ഗോൾകീപ്പറുടെ തകർപ്പൻ സേവുകളുമാണ് ഗോളിന് തടസ്സമായത്. ഒടുവിൽ മത്സരത്തിന്റെ 78ാം മിനുറ്റിൽ മൈക്കൽ ഒലിസെ ബോക്സിന് പുറത്തുനിന്ന് തൊടുന്ന കിക്ക് അക്ലൗഷെയുടെ കാലിൽ തട്ടി സ്പാനിഷ് വലയിലേക്ക്. സ്കോർ: 3-2. വീണ്ടും ആക്രമിച്ചു കളിച്ച ഫ്രാൻസ് മത്സരം അവസാനിക്കാനിരിക്കെയാണ് സമനില പിടിച്ചത്. കോർണർ കിക്കിനിടെ ഫ്രഞ്ച് താരം കലിമുആൻഡോയെ വീഴ്ത്തിയതിന് വാറിലൂടെ ലഭിച്ച പെനൽറ്റി മറ്റേറ്റ വലയിലെത്തിക്കുകയായിരുന്നു.
അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ കമല്ലോ പെരസിന്റെ ഇരട്ട ഗോളുകളാണ് സ്പെയിനിന് വിജയം സമ്മാനിച്ചത്. ടോക്യോ ഒളിമ്പിക്സ് ഫൈനലിൽ അധികസമയത്ത് ബ്രസീലിനോട് തോൽക്കുകയായിരുന്നു സ്പെയിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

