ക്രൊയേഷ്യയെ വീഴ്ത്തി സ്പെയിൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ; ചെക്ക് റിപ്പബ്ലിക്കിനെ തകർത്ത് ഇംഗ്ലണ്ട്
text_fieldsപാരീസ്: ക്രൊയേഷ്യയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായ സ്പെയിൻ യുവേഫ നേഷൻസ് ലീഗ് ഫുട്ബാളിന്‍റെ ക്വാർട്ടറിൽ. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽപോയ സ്പാനിഷുകാർ ഇടവേളക്കുശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് അവസാന എട്ടിലെത്തിയത്.
പകരക്കാരനായി കളത്തിലിറങ്ങിയ ആഴ്സനൽ മധ്യനിര താരം മെക്കൽ മെറീനോയാണ് സ്പെയിനിന്‍റെ രണ്ടു ഗോളുകളും നേടിയത്. 17-ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിന്റെ ഗോളിൽ ക്രൊയേഷ്യയാണ് ലീഡെടുത്തത്. 0-1 എന്ന സ്കോറിനാണ് ഇടവേളക്കു പിരിഞ്ഞത്. അലക്സ് ബയേനക്കു പകരക്കാരനായി 46ാം മിനിറ്റിലാണ് മെറിനോ കളത്തിലിറങ്ങുന്നത്. പരിശീലകന്‍റെ തീരുമാനം തെറ്റിയില്ല. 61-ാം മിനിറ്റിൽ മെറീനോ സ്പെയിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. ഡാനി ഓൽമോയാണ് ഗോളിന് വഴിയൊരുക്കിയത്. 79-ാം മിനിറ്റിൽ പെരിസിച്ച് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് ക്രോട്ടുകൾക്ക് തിരിച്ചടിയായി. 88-ാം മിനിറ്റിൽ മാർട്ടിൻ സുബിമെൻഡിയുടെ അസിസ്റ്റിൽ മെറീനോ സ്പെയിനായി വിജയ ഗോൾ നേടി. ഇതോടെ സ്പെയിൻ തോൽവി അറിയാതെ 42 മത്സരങ്ങൾ പൂർത്തിയാക്കി.
ഗ്രൂപ്പ് സിയിൽ നാല് മത്സരങ്ങളും ജയിച്ച് 12 പോയന്‍റുമായി ആധികാരികമായാണ് സ്പെയിൻ ക്വാർട്ടറിലെത്തിയത്. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് മറുപടിയില്ലാത്ത ഏഴു ഗോളിനാണ് ക്രൊയേഷ്യ പരാജയപ്പെട്ടത്. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ചെക് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് ഇംഗ്ലണ്ട് വീഴ്ത്തി. സൂപ്പർതാരം ഹാരി കെയ്ൻ ഇരട്ട ഗോൾ നേടി. ചെക് താരം വ്ലാഡിമിർ കൂഫലിന്‍റെ സെൽഫ് ഗോളും ഇംഗ്ലണ്ടിന്‍റെ അക്കൗണ്ടിലെത്തി. 27-ാം മിനിറ്റിലാണ് ഇംഗ്ലണ്ട് മുന്നിലെത്തുന്നത്. ഹാരി കെയ്ൻ നൽകിയ ക്രോസ് മുൻ വെസ്റ്റ് ഹാം യുനൈഡ് പ്രതിരോധ താരം കൂഫൽ തടയാൻ ശ്രമിക്കവേ സ്വന്തം വലയിലേക്ക് കയറുകയായിരുന്നു.
ആദ്യ പകുതി പിരിയാൻ അഞ്ച് മിനിറ്റ് ബാക്കിനിൽക്കെ, കെയ്നും വെംബ്ലി സ്റ്റേഡിയവും ആഗ്രഹിച്ച ഗോളെത്തി. മോർഗൻ റോജേഴ്സ് നൽകിയ മികച്ച ഫസ്റ്റ് ടൈം പാസ് ഇംഗ്ലീഷ് നായകൻ ക്ലോസ് റേഞ്ചിൽ നിന്ന് അനായാസം വലയിലാക്കി. 57ാം മിനിറ്റിൽ കെയ്ൻ വീണ്ടും വലകുലുക്കി. ലൂയിസ് ഹാളിന്റെ കോർണർ കിക്കിൽ ഫാർ പോസ്റ്റിൽ ഉയർന്നു ചാടി ഹെഡ്ഡറിലൂടെ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. നാല് കളികളിൽ ഒമ്പത് പോയന്റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പിൽ രണ്ടാമതാണ്.
മറ്റ് മത്സരങ്ങളിൽ സ്ലൊവാക്യ എതിരില്ലാത്ത നാല് ഗോളിന് മൽദോവയേയും ബൾഗേറിയ 2-0ത്തിവ് ലംക്‌സംബർഗിനേയും തോൽപ്പിച്ചു. ഫിൻലൻഡിനെതിരെ ബെലാറസും സാൻ മറീനോയ്‌ക്കെതിരെ അൽബേനിയയും ജയിച്ചു. എസ്‌തോണിയയും ഐസ് ലൻഡും സമനിലയിൽ പിരിഞ്ഞു. സ്വിറ്റ്‌സർലൻഡ് നോർത്ത് മാസിഡോണിയയേയും സ്ലൊവേനിയ സ്‌കോട്ട്‌ലൻഡിനേയും പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

