കോച്ച് ബ്രൂസിന് ഇനി രാജിവെക്കേണ്ട; ദക്ഷിണാഫ്രിക്ക ലോകകപ്പിന്; തോൽവിയോടെ ബെനിൻ സ്വപ്നം വീണുടഞ്ഞു
text_fieldsകോച്ച് ഹ്യൂഗോ ബ്രൂസിനെ എടുത്തുയർത്തി ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീം അംഗങ്ങൾ
ജൊഹാനസ് ബർഗസ്: ‘2026 ലോകകപ്പിന് ഞങ്ങൾ യോഗ്യത നേടിയില്ലെങ്കിൽ നിങ്ങൾക്ക് എന്നെ പുറത്താക്കേണ്ടി വരില്ല. കാരണം, അതിനും മുമ്പേ ഞാൻ രാജിവെക്കും’ -ദക്ഷിണാഫ്രിക്ക ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ബൂട്ട് കെട്ടുന്നതിനും മുമ്പായിരുന്നു മുൻ ബെൽജിയം താരം കൂടിയായ പരിശീലകൻ ഹ്യൂഗോ ബ്രൂസിന്റെ ഈ വാക്കുകൾ.
രാജ്യാന്തര ഫുട്ബാളിൽ ‘ബഫാന, ബഫാന’ എന്ന വിളിപ്പേരിൽ പരിഹാസ്യ സംഘമായിമാറിയ ദക്ഷിണാഫ്രിക്കയുടെ പരിശീലന കുപ്പായം ഏറ്റെടുത്ത് രണ്ടു വർഷം മാത്രം കഴിഞ്ഞപ്പോൾ, 70 പിന്നിട്ട വയോധികൻ നടത്തിയ പ്രഖ്യാപനം ആരാധകർക്ക് അന്ന് വെറുമൊരു തമാശയായിരുന്നു. എന്നാൽ, 2023ൽ ബ്രൂസ് പറഞ്ഞ ആ തമാശ ഇന്നലെ മുതൽ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ തലപൊക്കി. കോച്ച് നിറച്ച ആത്മിവിശ്വാസത്തെ ഊർജമാക്കി കളത്തിൽ പോരാടിയ സംഘം 2026 ലോകകപ്പിലേക്ക് നേരിട്ട് ടിക്കറ്റുപ്പിച്ച് അത്ഭുതം കുറിച്ചപ്പോൾ, കൈയടികളെല്ലാം 73കാരനായ ഹ്യൂഗോ ബ്രൂസിനാണ്. അദ്ദേഹത്തോട്, നിങ്ങളിനി രാജിവെക്കുന്നില്ലെന്നു മാത്രമല്ല, നമ്മൾ അമേരിക്കയിലേക്ക് പറക്കുന്നുവെന്നും ആരാധകർ പറയുകയാണിപ്പോൾ.
2010 ലോകകപ്പിൽ ആതിഥേയരെന്ന നിലയിൽ ആദ്യമായി ലോകകപ്പ് കളിച്ച്, ശേഷം ആഫ്രിക്കൻ ഫുട്ബാളിൽ കാണാമറയത്തേക്ക് മറഞ്ഞ ദക്ഷിണാഫ്രിക്കയുടെ ഉയിർത്തെഴുന്നേൽപ് കൂടിയാണി ഇപ്പോൾ സംഭവിക്കുന്നത്.
ആഫ്രിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ‘സി’ മത്സരത്തിൽ അവസാന കളിയും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ലോകകപ്പ് ബർത്തുറപ്പിച്ചത്. നിർണായക അങ്കത്തിൽ റുവാൻഡയെ 3-0ത്തിന് തോൽപിച്ചായിരുന്നു കുതിപ്പ്. അതേ ഗ്രൂപ്പിൽ ഫുട്ബാൾ ലോകത്തെ മറ്റൊരു അത്ഭുതമായി യോഗ്യതക്കരികിലെത്തിയ ബെനിനെ നൈജീരിയ 4-0ത്തിന് തരിപ്പണമാക്കിയ അവസരം മുതലെടുത്ത് ദക്ഷിണാഫ്രിക്ക കുതിച്ചു.
17 പോയന്റുമായി മുന്നേറിയ ബെനിന് ഒരു സമനില കൊണ്ട് ലോകകപ്പ് യോഗ്യതയെന്ന സ്വപ്നം സാക്ഷാത്കരിക്കമായിരുന്നെങ്കിലും നിർണായക മത്സരത്തിൽ നൈജീരിയ നിറഞ്ഞാടി. മറുപടിയില്ലാത്ത നാല് ഗോളിന്റെ ജയം അവർ സ്വന്തമാക്കിയതോടെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞു. അതുവരെ ഒന്നാമതായി കുതിച്ച ബെനിൻ 17 പോയന്റുമായി മൂന്നിലേക്ക് പതിച്ചപ്പോൾ, നിർണായക ജയത്തോടെ ദക്ഷിണാഫ്രിക്ക (18 പോയന്റ്) ഒന്നാം സ്ഥാനവുമായി ലോകകപ്പ് യോഗ്യത. രണ്ടാം സ്ഥാനക്കാരായ നൈജീരിയ രണ്ടാം സ്ഥാനക്കാരുടെ പട്ടികയിൽ നാലിൽ ഒരു ടീമായി രണ്ടാം റൗണ്ട് കളിക്കാനും യോഗ്യത നേടി.
2010ൽ ലോകകപ്പ് ആതിഥേയരെന്ന നിലയിൽ കളിച്ച് അട്ടിമറി കുതിപ്പ് നടത്തിയ ദക്ഷിണാഫ്രിക്കയുടെ പ്രകടനം ഇന്നും ഫുട്ബാൾ ആരാധകരുടെ ഓർമയിലെ തിളക്കമേറിയ മുഹൂർത്തമാണ്. ആദ്യ മത്സരത്തിൽ ഷബലാലയുടെ ഗോളിലൂടെ മെക്സികോക്കെതിരെ നേടിയ സമനിലയും, അവസാന ഗ്രൂപ്പ് മത്സരത്തിൽ മുൻ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ചു നേടിയ വിജയവുമെല്ലാം ‘ബഫാന’യുടെ കളിപ്പകിട്ടിനെ ലോകശ്രദ്ധയിലെത്തിച്ചു. എന്നാൽ, പിന്നീട് നിറംമങ്ങിയ സംഘത്തിന് ആഫ്രിക്കൻ നേഷൻസ് കപ്പിലും മറ്റും തിരിച്ചടിയായി. ഒടുവിൽ 2021ൽ ബ്രൂസ് പരിശീലകനായെത്തിയതോടെയാണ് പുതു താരങ്ങളുമായി ടീമിന്റെ ഉയിർത്തെഴുന്നേൽപ്. 2023 ആഫ്രിക്കൻ നേഷൻസ് കപ്പിൽ മൂന്നാം സ്ഥാനക്കാരായി വീണ്ടും വരവറിയിച്ചവർ, ഇപ്പോൾ ലോകകപ്പ് യോഗ്യത കൂടി ഉറപ്പിച്ച് വീണ്ടും ലോകവേദിയിലെത്തുന്നു.
സെനഗാൾ, ഐവറി കോസ്റ്റ് ലോകകപ്പിന്
ഗ്രൂപ്പ് ‘ബി’യിലെ നിർണായക മത്സരത്തിൽ മൗറിതാനിയയെ വീഴ്ത്തിയാണ് സെനഗാൾ അവസാന മത്സരത്തിലെ വിജയവുമായി ലോകകപ്പ് ടിക്കറ്റ് നേടിയത്. സാദിയോ മാനെ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ 4-0ത്തിനായിരുന്നു സെനഗാളിന്റെ ജയം.
ഗ്രൂപ്പ് ‘എഫി’ൽ നിന്നും ഐവറി കോസ്റ്റ് അവസാന മത്സരത്തിൽ കെനിയയെ 3-0ത്തിന് വീഴ്ത്തി ഒരു പോയന്റ് വ്യത്യാസത്തിൽ ലോകകപ്പ് ബർത്തുറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ഗാബോണും അവസാന മത്സരം ജയിച്ചപ്പോൾ ഒരു പോയന്റ് വ്യത്യാസത്തിലായിരുന്നു ഐവറി കോസ്റ്റിന്റെ കുതിപ്പ്.
കേപ് വെർഡെ, ഈജിപ്ത്, മൊറോക്കോ, തുനീഷ്യ, അൽജീരിയ, ഘാന ടീമുകൾ ഇതിനകം ആഫ്രിക്കയിൽ നിന്നും ലോകകപ്പ് ബർത്തുറപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

