സണ്ണാണ് സ്റ്റാർ;സണ്ണിന് വിടവാങ്ങലിന്റെ കൊറിയൻ ഗീതമൊരുങ്ങുന്നു
text_fieldsകളത്തിൽ ഏറ്റവും അച്ചടക്കമുള്ള ടീമാണ് ദക്ഷിണ കൊറിയ. പ്രശസ്തമായ ബി.ടി.എസ് ആൽബങ്ങളിലെ ഗാനങ്ങൾ പോലെ മനോഹരമായ താളപ്പൊരുത്തം പ്രകടിപ്പിക്കുന്ന ടീം. വേഗതയുടെ ബീറ്റുകളും അച്ചടക്കത്തിന്റെ കോറിയോഗ്രഫിയും ചേരുന്ന ഒരു ഫുട്ബാൾ സിംഫണി അവർ മൈതാനത്തു തീർക്കുന്നു. മധ്യനിരയിൽ മെലഡി പോലെ ശാന്തവും കൗണ്ടർ അറ്റാക്കുകളിൽ അത് ഹൈ-എനർജി റാപ്പ് സംഗീതം പോലെ ആക്രമണോത്സുകവുമായി മാറുന്നു. ഏഷ്യൻ ഫുട്ബാളിന് ലോകകപ്പിൽ മേൽവിലാസം തീർത്ത ദക്ഷിണ കൊറിയ ഇത്തവണ വീണ്ടും പോരിനിറങ്ങുമ്പോൾ പ്രതീക്ഷകളേറെയാണ്. 1954ൽ ലോകകപ്പിൽ പന്തുതട്ടിത്തുടങ്ങിയ തേഗൂക് വാരിയേഴ്സിന്റെ 12ാം ലോകകപ്പാണിത്. 1986 മുതൽ ഈ ടൂർണമെന്റടക്കം തുടർച്ചയായി 11 തവണ ലോകകപ്പിന് യോഗ്യത നേടിയ ഏഷ്യയിലെ ഏക ടീം. 2002 ലോകകപ്പിൽ ഇറ്റലി, സ്പെയിൻ, പോർചുഗൽ തുടങ്ങിയ വമ്പന്മാരെ വീഴ്ത്തി സെമി ഫൈനലിൽ വരെ എത്തിയ അട്ടിമറിയുടെ ഉജ്ജ്വല ഏടുകളും ചരിത്രത്തിലുണ്ട്.
യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ കളിക്കുന്ന ലോകോത്തര താരങ്ങളാൽ സമ്പന്നമാണ് ദക്ഷിണ കൊറിയൻ നിര. ഏഷ്യൻ ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കപ്പെടുന്ന ക്യാപ്റ്റൻ സൺ ഹ്യൂങ് മിൻ നയിക്കുന്ന ടീമിൽ ബയേൺ മ്യൂണിക് താരം കിം മിൻ ജെ, പി.എസ്.ജി താരം ലീ കാങ് ഇൻ, പ്രീമിയർ ലീഗിൽ പരിചയസമ്പത്തുള്ള ഹ്വാങ് ഹീ ചാൻ എന്നിവരടക്കമുള്ള വൻ താരങ്ങളുണ്ട്. നാലാം ലോകകപ്പ് കളിക്കുന്ന ഇതിഹാസ താരം സൺ ഹ്യൂങ് മിൻ ഇത് തന്റെ അവസാന ലോകകപ്പായേക്കുമെന്ന സൂചന നൽകിക്കഴിഞ്ഞു. മിന്നിന് മിന്നും വിടവാങ്ങലൊരുക്കാനാവും കൊറിയയുടെ ശ്രമം. എ ഗ്രൂപ്പിൽ ആതിഥേയരായ മെക്സികോക്ക് കടുത്ത വെല്ലുവിളി ദക്ഷിണ കൊറിയയിൽനിന്നുതന്നെയാവും. ദക്ഷിണാഫ്രിക്കയും ചെക്ക് റിപ്പബ്ലിക്കുമാണ് ഗ്രൂപ്പിലെ മറ്റംഗങ്ങൾ.
1930ൽ നടന്ന ആദ്യ ലോകകപ്പ് മുതൽ ഇതുവരെ 17 ടൂർണമെന്റിൽ മാറ്റുരച്ച ടീമാണ് മെക്സികോ. ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ പങ്കെടുത്ത രാജ്യങ്ങളുടെ പട്ടികയിൽ ബ്രസീൽ (22), ജർമനി (20), അർജന്റീന (19), ഇറ്റലി (18) എന്നിവക്കു പിന്നിൽ മെക്സികോയുണ്ട്. പാരമ്പര്യമേറെയുണ്ടെങ്കിലും ഇതുവരെ ഒരു കിരീടമില്ല എന്നതാണ് ദുര്യോഗം. ലോകകപ്പ് വരുമ്പോൾ കില്ലർ പെർഫോമൻസ് പുറത്തെടുക്കുന്ന മെക്സികോയുടെ ‘വേൾഡ് കപ്പ് ഹീറോ’ ഗില്ലർമോ ഒച്ചാവോ ഇത്തവണ അന്തിമ ടീമിലുണ്ട്.
യൂറോപ്യൻ യോഗ്യതാ റൗണ്ടിലെ കടുത്ത പോരാട്ടങ്ങൾ അതിജീവിച്ച് പ്ലേ ഓഫ് കടമ്പ കടന്നാണ് ചെക് റിപ്പബ്ലിക് (ചെക്കിയ) ടീമിന്റെ വരവ്. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന മികച്ച ശാരീരികക്ഷമതയുള്ള താരങ്ങൾ ടീമിലുണ്ട്. കണിശമായ പ്രതിരോധവും ഫിസിക്കൽ ഗെയിമും സെറ്റ് പീസുകളിലെ മികവുമാണ് കൈമുതൽ. മെക്സികോയുടെയും കൊറിയയുടെയും രണ്ടാം റൗണ്ട് പ്രതീക്ഷകൾക്കുമേൽ സമ്മർദമേറ്റാൻ ചെക്കിയയുടെ സാന്നിധ്യം തന്നെ ധാരാളം. 2010നുശേഷം ആദ്യമായി ലോകകപ്പ് ഫൈനൽ ഘട്ടത്തിലെത്തുന്ന ദക്ഷിണാഫ്രിക്ക ഗ്രൂപ്പിലെ അണ്ടർഡോഗ്സ് ആണ്. സമ്മർദങ്ങളില്ലാതെ കളിക്കാൻ കഴിയുന്ന ടീം. വേഗതയും അപ്രതീക്ഷിത മുന്നേറ്റങ്ങളുമാണ് ശൈലി. മുൻകാലങ്ങളിൽ ഫ്രാൻസ് ഉൾപ്പെടെയുള്ള വമ്പന്മാരെ അട്ടിമറിച്ച ചരിത്രമുള്ള ടീമിന്, ഒരു അട്ടിമറിയിലൂടെ ഗ്രൂപ്പിലെ പോയന്റ് നില മാറ്റിമറിക്കാനുള്ള ശേഷിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

