ഇനി അയാള്‍ ഫുട്‌ബാള്‍ കളിക്കില്ല! ആക്രമിച്ച താരത്തെ പൂട്ടാന്‍ റഫറി തീരുമാനിച്ചു, അര്‍ജന്റീനയില്‍ ഇനി 'അയ്യപ്പനും കോശിയും' കളി!!
text_fieldsറഫറി ഡല്‍മ കൊര്‍ടാഡിയെ (നിലത്ത് വീണുകിടക്കുന്നു) ആക്രമിച്ച കളിക്കാരൻ ക്രിസ്റ്റ്യന്‍ ടിറോനെയെ തടയാൻ ഓടിയെത്തുന്ന കളിക്കാരും സഹ റഫറിമാരും
ഫൗള്‍ വിളിച്ചതിന് വനിതാ റഫറിയെ പുരുഷ താരം ക്രൂരമായി ആക്രമിച്ചു! മത്സരം റദ്ദാക്കിയ ശേഷം അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ജന്റീനയിലാണ് ഫുട്‌ബാള്‍ ലോകത്തെ ഞെട്ടിച്ച സംഭവം.
ബ്യൂണസ് ഐറിസില്‍ മൂന്നാം ഡിവിഷന്‍ ക്ലബുകള്‍ തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. ഡിപ്പോര്‍ട്ടീവോ ഗാര്‍മെന്‍സിന്റെ ക്രിസ്റ്റ്യൻ ടിറോനെയാണ് വില്ലന്‍. ഇന്‍ഡിപെന്‍ഡന്‍സിയക്കെതിരെ റിസര്‍വ് മത്സരത്തില്‍ ഗാര്‍മെന്‍സ് ടീം അംഗത്തിന് റഫറിയായ ഡല്‍മ കൊര്‍ടാഡി മഞ്ഞക്കാര്‍ഡ് കാണിച്ചതാണ് ക്രിസ്റ്റ്യന്‍ ടിറോനെയുടെ നില തെറ്റിച്ചത്.
തന്റെ ടീം അംഗത്തിന് മഞ്ഞക്കാര്‍ഡ് കാണിച്ച തീരുമാനത്തെ ന്യായീകരിച്ച വനിതാ റഫറിയെ ക്രിസ്റ്റ്യന്‍ പിറകില്‍ നിന്ന് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. എന്നിട്ടും അരിശം തീരാഞ്ഞിട്ട് വനിതാ റഫറിയെ താരം ചവിട്ടി. അസിസ്റ്റന്റ് റഫറിമാരും മറ്റ് കളിക്കാരും ചേര്‍ന്നാണ് ടിറോനെയെ പിടിച്ചു മാറ്റിയത്. ഗ്രൗണ്ടില്‍ വെച്ചാണ് പൊലീസ്അ ക്രമിയെ അറസ്റ്റ് ചെയ്തത്. വനിതാ റഫറിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും കൈക്കും പരിക്കേറ്റ ഡല്‍മ നിരീക്ഷണത്തിലാണ്.
അതിനിടെ സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതരോട് ഡല്‍മ പറഞ്ഞ കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ അക്രമം തന്നെ കൂടുതല്‍ കരുത്തയാക്കുന്നു. ആ താരം ഇനിയൊരിക്കലും ഒരു ക്ലബിനും കളിക്കില്ല. തന്നെ ആക്രമിക്കുന്നതിന്റെ വിഡിയോ കണ്ട ഡല്‍മ, ക്രിസ്റ്റ്യന്റെ മനോനില പൊതുസമൂഹത്തിന് അപകടമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത്തരം വ്യക്തികള്‍ ഫുട്‌ബാളില്‍ തുടരാന്‍ പാടില്ല. ക്രിസ്റ്റ്യന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഡല്‍മ പറഞ്ഞു.
ക്രിസ്റ്റ്യന്റെ ക്ലബായ ഗാര്‍മെന്‍സ് തങ്ങളുടെ ടീം അംഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ചു. അച്ചടക്കവും ഉത്തരവാദിത്തവും ഇല്ലാത്ത കളിക്കാരെ ക്ലബിന് ആവശ്യമില്ലെന്ന് മാനേജ്‌മെന്റ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
എന്നാല്‍, മനോനില തെറ്റിയത് പോലെ പെരുമാറുന്ന ക്രിസ്റ്റ്യനില്‍ നിന്ന് അസാധാരണ പെരുമാറ്റം ഇനിയും പ്രതീക്ഷിക്കാം. എന്ത് ഭീഷണി ഉണ്ടായാലും ശരി, ക്രിസ്റ്റ്യനെ ഇനി ഫുട്‌ബാളിന്റെ ഭാഗമാക്കാന്‍ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഡെൽമ.
തിരിച്ചുവരവിന് ക്രിസ്റ്റ്യന്‍ പലവഴിയും തേടും. അങ്ങനെ വന്നാല്‍ ഇവര്‍ തമ്മിലുള്ള പോരാട്ടം അര്‍ജന്റീന ഫുട്‌ബാളിലെ അയ്യപ്പനും കോശിയും ഫൈറ്റായി മാറും. അയ്യപ്പന്‍ നായരെ പോലെ മുറിവേറ്റിരിക്കുന്ന സിംഹമാണ് ഡല്‍മ !
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

