ചരിത്ര ജയം; ഒമാനെ വീഴ്ത്തി ഖാലിദിന്റെ കടുവകൾ; ‘കാഫ’ പോരാട്ടത്തിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം
text_fieldsഇന്ത്യൻ ഫുട്ബാൾ ടീമിനെ വിജയാഘോഷം
ഹിസോർ: കളി മികവിലും റാങ്കിങ്ങിലും മുന്നിലുള്ള ഏഷ്യൻ കരുത്തരായ ഒമാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ‘കാഫ’ നാഷൻസ് കപ്പിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം.
ഷൂട്ടൗട്ടിലെ അവസാന കിക്ക് വരെ ആവേശം മാറിമറിഞ്ഞ അങ്കത്തിനൊടുവിലായിരുന്നു ഗോൾ കീപ്പർ ഗുർപ്രീത് സിങ്ങിന്റെ ഉജ്വല സേവിലൂടെ ഇന്ത്യയുടെ വിജയമെത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ തുടർന്ന മത്സരം അധിക സമയത്തെ നാടകീയതകളും കടന്നാണ് ഷൂട്ടൗട്ടിലെത്തിയത്. ഇന്ത്യയുടെ മൂന്ന് കിക്കുകൾ ലക്ഷ്യത്തിലെത്തിയപ്പോൾ എതിരാളികളായ ഒമാന് രണ്ടു തവണ മാത്രമേ വലകുലുക്കാൻ കഴിഞ്ഞുള്ളൂ. (3-2)
ഫിഫ ലോക റാങ്കിങ്ങിൽ 79ാം സ്ഥാനക്കാരായ ഒമാനെതിരെ, 133ാം റാങ്കുകാരായ ഇന്ത്യക്ക് ഏറെ അഭിമാനിക്കാൻ വകയുള്ളതാണ് മൂന്നാം സ്ഥാനക്കാർക്കുവേണ്ടിയുള്ള മത്സരത്തിലെ ത്രസിപ്പിക്കുന്ന ജയം. ഗ്രൂപ്പ് റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയും ഒമാനും മൂന്നാം സ്ഥാനക്കാർക്കുള്ള അങ്കത്തിനിറങ്ങിയത്. കളിയുടെ 56ാം മിനിറ്റിൽ ജമീൽ അൽ യഹ്മദിയിലൂടെ ഒമാൻ ആദ്യം ലീഡ് നേടിയപ്പോൾ, 81ാം മിനിറ്റിൽ ഉദാന്ത സിങ്ങിലൂടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ശേഷം, ഗോൾ അവസരം ഒരുപാട് പിറന്നെങ്കിലും കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ ആദ്യ രണ്ട് കിക്കുകളും ഒമാൻ പാഴാക്കിയപ്പോൾ, അടുത്ത രണ്ടും ലക്ഷ്യത്തിലെത്തി. ഒടുവിൽ നിർണായകമായ അഞ്ചാം കിക്കിൽ ഇന്ത്യയുടെ രക്ഷകനായി ഗുർപ്രീത് അവതരിക്കുകയായിരുന്നു. യഹ്മദിയുടെ കിക്ക് വലത്തേക്ക് ചാടിയ ഗുർപ്രീത് ഉജ്വലമായ തട്ടിയകറ്റി ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ഷൂട്ടൗട്ടിൽ ഇന്ത്യക്കായി ആദ്യ കിക്ക് ലാലിയാൻസുവാല ചാങ്തെ വലയിലെത്തിച്ചാണ് വിജയ കുതിപ്പിലേക്ക് ഊർജം പകർന്നത്. രാഹുൽ ഭെകെയുടെ രണ്ടാം കിക്കും ഉന്നം തെറ്റാതെ പതിച്ചു. അൻവർ അലിയുടെ മൂന്നാം കിക്ക് പാഴായപ്പോൾ, മലയാളി താരം ജിതിൻ എം.എസ് ആണ് നാലാം കിക്ക് അനായാസേനെ ഒമാൻ ഗോളിയെ മറികടന്ന് വലയിലെത്തിച്ചത്. ഉദാന്തയുടെ അവസാന കിക്ക് പുറത്തേക്ക് പറന്നപ്പോൾ നീലപ്പടയുടെ നിര സമ്മർദത്തിലായെങ്കിലും വിശ്വസ്തനായ ഗുർപ്രീത് രക്ഷകനായി മാറി.
പ്രതിരോധ മതിൽ സന്ദേശ് ജിങ്കാനും, മുന്നേറ്റത്തിലെ മലയാളി സാന്നിധ്യം ആഷിഖ് കുരുണിയനുമില്ലാതെയാണ് ഇന്ത്യയിറങ്ങിയത്. മലയാളി താരം മുഹമ്മദ് ഉവൈസ് ഇത്തവണയും െപ്ലയിങ് ഇലവനിൽ ഇടം നേടി. രണ്ടാം പകുതിയിൽ വിക്രംപ്രതാപ് സിങ്ങിനു പകരമായി ജിതിൻ കൂടി കളത്തിലിറങ്ങി.
പുതിയ കോച്ചായി സ്ഥാനമേറ്റ ഖാലിദ് ജമീലിന് ആദ്യ ദൗത്യത്തിൽ തന്നെ വിലപ്പെട്ട മൂന്നാം സ്ഥാനം എന്ന നേട്ടവുമായി മടങ്ങാനായതും അഭിമാനമായി.
ഇന്ത്യക്ക് അഭിമാന ജയം
ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 133ഉം, ഒമാർ 79ഉം സ്ഥാനത്താണ്. സമീപ കാലത്തെ വൻ തിരിച്ചടികൾക്കും, കോച്ചിന്റെ മാറ്റങ്ങൾക്കും ഇടയിൽ ആശ്വാസമാകുന്നതാണ് കാഫ നാഷൻസ് കപ്പിലെ മൂന്നാം സ്ഥാനം. കരുത്തരായ ഒമാനെതിരെ മൂന്നാം സ്ഥാനത്തിനായി കളത്തിലിറങ്ങിയപ്പോൾ, വെല്ലുവിളി ഏറെയായിരുന്നെങ്കിലും പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് കളിയിൽ ഒപ്പമെത്താൻ ഇന്ത്യക്കായി. ഒമാനെതിരെ നേരത്തെ ഒരു തവണ മാത്രമാണ് ഇന്ത്യ ജയിച്ചത്. 1994ൽ മാത്രാമയിരുന്നു ഈ ശേഷം. ശേഷം, ആറ് മത്സരങ്ങളിൽ ഒമാൻ ജയിച്ചു. ശേഷിച്ച മൂന്ന് മത്സരങ്ങൾ സമനിലയിലും പിരിഞ്ഞു. ഒടുവിൽ ഇന്ത്യൻ ഫുട്ബാളിന്റെ ഉയിർത്തെഴുന്നേൽപിന്റെ സൂചനയാണ് ഈ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

