ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി; നോട്ടിങ്ഹാം അട്ടിമറിച്ചത് ഒരുഗോളിന്
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലുള്ള നോട്ടിങ്ഹാം ഫോറസ്റ്റിനോട് ഒരുഗോളിനാണ് ടീം അപ്രതീക്ഷിത തോൽവി വഴങ്ങിയത്.
നോട്ടിങ്ഹാമിന്റെ നൈജീരിയൻ മുന്നേറ്റ താരം തായ്വോ അവോണിയി (55ാം മിനിറ്റിൽ) ആണ് വിജയഗോൾ നേടിയത്. മാഞ്ചസ്റ്റർ സിറ്റിയെയും വെസ്റ്റ്ഹാം യുനൈറ്റഡിനെയും തകർത്ത് ലീഗിൽ മുന്നേറിയ യുർഗൻ ക്ലോപ്പും സംഘത്തിന് പോയിന്റ് പട്ടികയിൽ 19ാം സ്ഥാനത്തുള്ള നോട്ടീങ്ഹാമിനു മുന്നിൽ കാലിടറുകയായിരുന്നു.
ഒരു സെറ്റ് പീസിൽ നിന്ന് അവോണിയിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും തിരികെ വന്ന പന്ത് താരം തന്നെ വലയിലാക്കി. മത്സരത്തിൽ 76 ശതമാനവും പന്ത് കൈവശം വെച്ചത് ലിവര്‍പൂളായിരുന്നു. നിലവിൽ ലീഗിൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ലിവർപൂൾ. 11 മത്സരങ്ങളിൽനിന്നായി നാലു വീതം ജയവും സമനിലയും മൂന്നു തോൽവിയുമായി 16 പോയിന്റാണ് ടീമിന്.
ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിന് 10 മത്സരങ്ങളിൽനിന്നായി 27 പോയിന്റുണ്ട്. 23 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

