യൂത്തിലും ദുരന്തമായി ബ്രസീൽ; അണ്ടർ 20 ലോകകപ്പിൽ ഒരു ജയവുമില്ലാതെ പുറത്ത്; ഗ്രൂപ്പ് ജേതാക്കളായി അർജന്റീന പ്രീക്വാർട്ടറിൽ
text_fieldsഅണ്ടർ 20 ലോകകപ്പ് മത്സരത്തിനിടെ ബ്രസീൽ താരങ്ങൾ
സാന്റിയാഗോ: ബ്രസീലിയൻ ഫുട്ബാളിലെ പ്രതിഭാ ദാരിദ്ര്യത്തിന്റെ സാക്ഷ്യമായി അണ്ടർ 20 ലോകകപ്പിലും ടീമിന് വൻ തിരിച്ചടി.
അഞ്ചു തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് ഗ്രൂപ്പ് റൗണ്ടിൽ ഒരു ജയം പോലുമില്ലാതെ ദയനീയമായ പുറത്താവൽ. അതേസമയം, ചിരവൈരികളായ അർജന്റീന ഗ്രൂപ്പിലെ മൂന്നാം അങ്കവും ജയിച്ച് ജേതാക്കളെന്ന പകിട്ടുമായി പ്രീക്വാർട്ടറിൽ ഇടം നേടി. ‘ഗ്രൂപ്പ്’ ഇയിലെ അവസാന മത്സരത്തിൽ നിലവിലെ റണ്ണേഴ്സ് അപ്പായ ഇറ്റലിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് അർജന്റീന ഗ്രൂപ്പ് ജേതാക്കളായി കുതിച്ചത്.
2019ലെ കോപ അമേരിക്കയിൽ സീനിയർ ടീം കിരീടമുയർത്തിയ ശേഷം ബ്രസീലിയൻ ഫുട്ബാൾ ആരാധകർക്ക് സന്തോഷിക്കാൻ ഒരു വക നൽകുമെന്ന പ്രതീക്ഷയിൽ ചിലിയിലെത്തിയ യുവ സംഘമാണ് ദയനീയ തോൽവികളുമായി മടങ്ങുന്നത്.
ഗ്രൂപ്പ് ‘സി’യിലെ ആദ്യമത്സരത്തിൽ മെക്സികോയോട് സമനില (2-2) വഴങ്ങിയ ബ്രസീലിനെ മൊറോക്കോയും (2-1),ഏറ്റവും ഒടുവിൽ സ്പെയിനും (1-0) തോൽപിച്ചതോടെ ദുരന്തം പൂർണമായി.
ബ്രസീൽ ദേശീയ ഫുട്ബാളിൽ പ്രതിഭകളുടെ നഴ്സറിയെന്ന് വിശേഷിപ്പിച്ചിരുന്ന യൂത്ത് ടീമാണ് മൊറോക്കോ ഉൾപ്പെടെ സംഘങ്ങളോടും പരാജയപ്പെട്ട് മടങ്ങുന്നത്. 2023 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇസ്രായേലിനോട് തോറ്റായിരുന്നു കാനറിപ്പടയുടെ മടക്കം. അണ്ടർ 17 ലോകകപ്പ് ക്വാർട്ടറിൽ അർജന്റീനയോടും കീഴടങ്ങി പുറത്തായി.
2011ലാണ് കാനറിപ്പട അണ്ടർ 20 ലോകകപ്പിൽ അവസാനമായി കിരീടമണിഞ്ഞത്. 2015ൽ ടീം റണ്ണേഴ്സ് അപ്പായിരുന്നു.
മൂന്ന് മത്സരങ്ങളിലായി ഇതിനകം മൂന്ന് ഗോളുകൾ നേടിയ ബയർലെവർകൂസൻ താരം അലിയേ സർകോയുടെ മികവിലാണ് അർജന്റീനയുടെ കുതിപ്പ്.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അർജന്റീനക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയ ഇറ്റലി ആദ്യ ഗോൾ നേടി വിറപ്പിച്ചെങ്കിലും ഓഫ് സൈഡ് കെണിയിൽ നിഷേധിക്കപ്പെട്ടു. ഒടുവിൽ, കളിയുടെ 74ാം മിനിറ്റിൽ പാരമ്പര്യത്തിന്റെ എല്ലാ അഴകും പ്രതിഫലിച്ച ഗോളുമായി അർജന്റീന ജയം സ്വന്തമാക്കി. ഡിലാൻ ഗൊറോസിറ്റോയുടെ വകയായിരുന്നു ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

