സ്കൂൾ അധ്യാപകൻ, ഇൻഷുറൻസ് ബ്രോക്കർ, സലൂൺ തൊഴിലാളി; ബയേണിനെതിരെ കളിക്കാനിറങ്ങിയ ഓക്‌ലൻഡ് താരങ്ങൾ ഇവരാണ്
text_fieldsഞായറാഴ്ച നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ന്യൂസീലൻഡ് ക്ലബ്ബായ ഓക്‌ലൻഡ് സിറ്റിയെ തോൽപ്പിച്ചത് ഏകപക്ഷീയമായ പത്ത് ഗോളുകൾക്കാണ്. പ്രഫഷണൽ ക്ലബ് എന്നു കഷ്ടിച്ചു വിശേഷിപ്പിക്കാൻ മാത്രം കഴിയുന്നൊരു ക്ലബ്ബിനെതിരെ ബയേണിന് ഇനിയുമനേകം ഗോളുകൾ നേടാമായിരുന്നു. എന്നാൽ ബയേൺ അത് വേണ്ടന്ന് വെച്ചതാണെന്ന് കളി കണ്ട ഏതൊരാൾക്കും മനസ്സിലാകും.
എന്നാൽ ജയപരാജയങ്ങൾക്കപ്പുറം ഓക്‌ലൻഡ് സിറ്റി ഫുട്‍ബോൾ ലോകത്തിന്റെ കൈയടികൾ അർഹിക്കുന്നുണ്ട്. പരിമിതികളുടെയും കഷ്ടപാടിന്‍റെയും നടുവിൽ നിന്നും കളിയോടും ടീമിനോടുമുള്ള പ്രതിബദ്ധതയും കൊണ്ട് മാത്രം ക്ലബ്ബ് ലോകകപ്പ് മൈതാനത്ത് പന്ത് തട്ടാനിറങ്ങിയവരാണ് ഓക്‌ലൻഡ് സിറ്റി താരങ്ങൾ. ഒരു പ്രൈമറി സ്കൂൾ അധ്യാപകൻ, ഇൻഷുറൻസ് ബ്രോക്കർ, സലൂൺ തൊഴിലാളി, കോള കമ്പനിയിലെ സെയിൽസ്മാൻ, കാർ വിൽപനക്കാരൻ, പിന്നെ, കുറച്ചു വിദ്യാർഥികളും. അതിലൊരാളായ നേഥൻ ലോബോയ്ക്ക് ഈ ടൂർണമെന്റിനിടെ ഓൺലൈനായി യൂണിവേഴ്സിറ്റി പരീക്ഷയും എഴുതാനുണ്ട്. ആദ്യ ഇലവനിൽ ഉള്ള പല താരങ്ങൾക്കും മത്സരത്തിന് എത്താനായില്ല. അത് തങ്ങൾ നേരിടുന്ന എതിരാളികൾ വമ്പന്മാരായതുകൊണ്ടോ തോൽവി ഭയം കൊണ്ടോ അയിരുന്നില്ല. മറിച്ച് ജോലി ചെയ്യുന്ന കമ്പനി ഇത്രയും ദിവസത്തേക്ക് ലീവ് അനുവദിച്ചില്ല. അവർക്ക് ജോലിയിൽ തുടരേണ്ടി വന്നു. എന്നിട്ടും ഉള്ള കളിക്കാരുമായി അവർ ആവുന്ന വിധം കളിച്ചു.
ആഗോള തലത്തിലെ ക്ലബ് റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള ബയേൺ മ്യൂണിക്കിനെ നേരിട്ട ഓക്ക്‌ലൻഡ് സിറ്റിയുടെ റാങ്ക് 5074. ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് പോലും 3688 -ാം സ്ഥാനത്തുണ്ട്. ക്ലബ് ലോകകപ്പിൽ ഓക്ക്‌ലൻഡിനൊപ്പം കളിക്കുന്ന ടീമുകളിൽ തൊട്ടടുത്ത താഴ്ന്ന റാങ്കുള്ള ടീമായ യു.എ.ഇ ക്ലബ് അൽ ഐന്‍റെ റാങ്ക് 625 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

