Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസിൻഡ്ലർ;...

സിൻഡ്ലർ; ഇതിഹാസത്തിന്‍റെ രക്തസാക്ഷ്യം

text_fields
bookmark_border
സിൻഡ്ലർ; ഇതിഹാസത്തിന്‍റെ രക്തസാക്ഷ്യം
cancel
camera_alt

മത്യാസ്​ സിൻഡ് ലർ

പെലെയോ മറഡോണയോ.... യൊഹാൻ ക്രൈഫോ ഗെർഡ് മുള്ളറോ... ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ.....

കാൽപന്തുകളിയിൽ ആരാധകരുടെ താരതമ്യങ്ങൾ ഇങ്ങനെയൊക്കെ നീണ്ടു പോവലാണ് പതിവ്.. ഗോളെണ്ണവും കിരീടങ്ങളുടെ വലുപ്പവും കരിയറിന്‍റെ ദൈർഘ്യവും കൂട്ടിയും കിഴിച്ചും നടക്കുന്ന കണക്കെടുപ്പിൽ ഇവർക്കൊപ്പമൊന്നും ഒരിക്കൽ പോലും എണ്ണിയതായി കാണാത്തൊരു പേരാണ് മത്യാസ് സിൻഡ്ലർ എന്ന ഓസ്ട്രിയൻ ഫുട്ബാൾ താരത്തിന്‍റേത്.

1903ൽ പഴയ ഓസ്ട്രിയ-ഹംഗേറിയൻ സാമ്രാജ്യത്തിന്‍റെ ഭാഗമായ മണ്ണിൽ പിറന്നുവീണ് കാലിൽ കോർത്ത പന്തുമായി ആരാധകമനസ്സ് കീഴടക്കിയ ഫുട്ബാളർ. ഒരു ലോകകപ്പ് മാത്രമേ നീണ്ടുമെലിഞ്ഞ ആ മനുഷ്യൻ കളിച്ചിട്ടുള്ളൂ. എന്നാൽ, കളിക്കാത്ത ലോകകപ്പുകളുടെയും, ബഹിഷ്കരിച്ച മത്സരങ്ങളുടെയും നട്ടെല്ലു നിവർത്തി വെല്ലുവിളിച്ച് നേരിട്ട എതിരാളികളുടെയും പേരുകൊണ്ട് മത്യാസ് സിൻഡ്ലർ എന്നും ഓർമിക്കപ്പെടുന്നവനായി. സ്കോർ ഷീറ്റിന്‍റെ കണക്കുപുസ്തകങ്ങൾക്കപ്പുറം ഫുട്ബാളിനെ തേടിപോയവർക്ക് പെലെക്കും മറഡോണക്കും മുകളിലെ കാൽപന്ത് ഇതിഹാസമായി അദ്ദേഹം മാറി.

1934ലെ ഇറ്റാലിയ ലോകകപ്പിൽ ഓസ്ട്രിയൻ ടീമിന്‍റെ മുൻനിരയിൽ ബൂട്ടുകെട്ടി, കൊച്ചു രാജ്യത്തെ ഫുട്ബാളിലെ വണ്ടർ ടീമാക്കി മാറ്റിയ സിൻഡ്ലറെ അവർക്കറിയാം. ഫാഷിസ്റ്റ് ഏകാധിപതി ബെനറ്റോ മുസോളിനിക്കും, ജർമൻ നാസി തലവൻ അഡോൾഫ് ഹിറ്റ്ലർക്കും മുന്നിൽ മുട്ടിടിക്കാതെ വെല്ലുവിളി നടത്തി, കളിയെ തന്നെ ഉപേക്ഷിച്ച് പോയവൻ, 35ാം വയസ്സിൽ ദുരൂഹമായാണ് കൊല്ലപ്പെടുന്നത്.

മണ്ണോട് ചേർന്ന് പതിറ്റാണ്ടുകൾ പിന്നിട്ടു. മത്യാസ് സിൻഡ്ലറുടെ പേരിൽ ഒരു സ്റ്റേഡിയമോ, എവിടെയെങ്കിലും ഒരു പ്രതിമയോ, ഓർമകൾ സൂക്ഷിക്കാൻ പോസ്റ്ററുകളോ ഫുട്ബാൾ അക്കാദമിയോ, സിനിമയോ, പ്രദർശന ശാലയോ, ഫലകങ്ങളോ ഒന്നുമില്ല. തലമുറകൾ പലതും കഴിഞ്ഞെങ്കിലും ജനമനസ്സുകളിൽ സിൻഡ്ലർ എന്ന ഹീറോ വീണുടഞ്ഞിട്ടില്ലെന്നതായിരുന്നു സഹസ്രാബ്ദത്തിന്‍റെ തുടക്കത്തിൽ ഓസ്ട്രിയയിൽ നടന്ന ഒരു അഭിപ്രായ സർവേയിലെ ഫലം. വെറും 35 വർഷം മാത്രം ജീവിച്ച്, 20 വർഷം മാത്രം പന്തു തട്ടിയ സിൻഡ്ലറെ ഓസ്ട്രിയയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ കായിക താരമായി പുതു തലമുറ തിരഞ്ഞെടുത്തു.

ആരായിരുന്നു സിൻഡ്ലർ?

വെറും 60 കിലോ ഭാരമുള്ള ശരീരം. ഒരു ഫുട്ബാളർക്കുവേണ്ട ആകാരമോ പേശീബലമോ ഒന്നുമില്ലാത്ത രൂപം. നീണ്ടുമെലിഞ്ഞ് ഒട്ടിയ കോലത്തെ കളിക്കളത്തിലെ പേപ്പർമാൻ എന്നായിരുന്നു അക്കാലത്ത് വിശേഷിപ്പിച്ചത്. എങ്കിലും, അയാൾ 1930കളിൽ കാൽപന്തിന്‍റെ 'മൊസാർട്ട്' ആയി മാറി. പന്തുമായി മുൻനിരയിൽ കുതിക്കുമ്പോൾ എതിരാളികൾ സിൻഡ്ലറുടെ ബൂട്ടിനെയും പന്തിനെയുമെല്ലാം സംശയിച്ചു. ഏതോ ഒരു കാന്തിക ആകർഷണം സിൻഡ്ലറുടെ ബൂട്ടിനും പന്തിനുമിടയിലുമുണ്ടെന്ന് വരെ അവർ പറഞ്ഞുപരത്തി. കാൽപന്തുകളിയിൽ ഓസ്ട്രിയക്ക് ഏറ്റവും തിളക്കമേറിയ മേൽവിലാസം കുറിക്കപ്പെട്ട കാലമായിരുന്നു അത്. പന്ത് കാലിലെത്തുമ്പോൾ ചാട്ടുളിപോലെ അദ്ദേഹം എതിരാളികൾ ഒരുക്കിയ പ്രതിരോങ്ങൾക്കിടയിലൂടെ പാഞ്ഞടുത്തപ്പോൾ വിറച്ചുപോയത് സാക്ഷാൽ മുസോളിനിയും ഹിറ്റ്ലറുമെല്ലാം അടച്ചുപൂട്ടിക്കെട്ടി ഉയർത്തിയ അഭിമാന സ്തംഭങ്ങളായിരുന്നു. സിൻഡ്ലർ നയിച്ച ടീം യൂറോപ്പിലെ വണ്ടർ ടീമായി പിറവിയെടുക്കുന്നത് 1931ലായിരുന്നു. കരുത്തരായ സ്കോട്ലൻഡിനെ 5-0ന് തരിപ്പണമാക്കിയായിരുന്നു തുടക്കം. ഹിറ്റ്ലറുടെ ഓമനസംഘമായ ജർമൻ വലയിൽ രണ്ടു കളിയിലായി 11 ഗോളുകൾ. മുസോളിനി ദേശീയതയുടെ പ്രതീകമായി അടയാളപ്പെടുത്തിയ ഇറ്റലിയെയും, കരുത്തരായ ചെക്കോസ്ലവാക്യയെയുമെല്ലാം തച്ചുടച്ച് വണ്ടർ ടീം വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിച്ചു. യൂറോപ്പിൽ ആരും ഭയക്കുന്ന ടീമായിരിക്കെയാണ് 1934 ഇറ്റാലിയ ലോകകപ്പിന് പന്തുരുളുന്നത്. ഉറുഗ്വായും ഇംഗ്ലണ്ടുമെല്ലാം പിന്മാറിയപ്പോൾ കിരീടം ഏറെ മോഹിച്ച മുസോളിനിക്കും കോച്ച് വിറ്റോറിയോ പോസോക്കും ഏക ഭീഷണി ഓസ്ട്രിയയായിരുന്നു. ഒടുവിൽ സെമിയിൽ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഇറ്റലിയും ഓസ്ട്രിയയും മുഖാമുഖം. അവർ മുൻനിരയിൽ പാറിക്കളിച്ച സിൻഡ്ലറുടെ കാലുകൾക്ക് കൊട്ടേഷനൊരുക്കി. ലൂയിസ് മോണ്ടി എന്ന അർജന്‍റീനക്കാരനായിരുന്നു ഇറ്റലിയുടെ പ്രതിരോധത്തിൽ സിൻഡ്ലറെ മെരുക്കാനായി കോച്ച് ചട്ടംകെട്ടിയത്. 1930 ലോകകപ്പിൽ അർജന്‍റീനക്കായി കളിച്ച മോണ്ടിയെ അടുത്ത തവണ ഇറ്റലി സ്വന്തം ടീമിന്‍റെ ഭാഗമാക്കിയതായിരുന്നു. ഏൽപിച്ച ജോലി ഒരു സൈനികന്‍റെ ഉത്തരവാദിത്തം പോലെ മോണ്ടി ഭംഗിയാക്കി. 'ഫുട്ബാളിലെ കഠിനമായ ടാക്ളർ. ഒരു ദയയുമില്ലാതെ എതിരാളിയെ വെട്ടിവീഴ്ത്താൻ നിയോഗിക്കപ്പെട്ടവൻ' -മോണ്ടിയെ കുറിച്ച് ഫുട്ബാൾ ചരിത്രകാരയനായി ജൊനാഥൻ വിൽസൺ കുറിച്ചത് ഇങ്ങനെയായിരുന്നു. മുസോളിനിയുടെ ഭീഷണിപ്പുറത്തായിരുന്നു സ്വീഡിഷുകാരനായ റഫറി ഒന്നും കണ്ടില്ലെന്ന് നടിച്ചു. ഒടുവിൽ 19ാം മിനിറ്റിൽ പിറന്ന വിവാദമായൊരു ഗോളിൽ ഇറ്റലി 1-0ന് ജയിച്ച് ഫൈനലിൽ കടന്ന് കിരീടം ചൂടിയത് ചരിത്രം. അപരാജിതമായി കുതിച്ച ഓസ്ട്രിയ സെമിയിൽ തോറ്റെങ്കിലും യശസ്സ് അങ്ങ് അമേരിക്കവരെ പരന്നു. സിൻഡ്ലറെ തേടി ആഡംഭര കാറുകളും പണവും വരെ സമ്മാനങ്ങളായെത്തി.

ഹിറ്റ്ലറുടെ തന്ത്രവും സിൻഡ്ലറുടെ ബഹിഷ്കരണവും

1938 ഫ്രാൻസ് ലോകകപ്പിൽ നാസി ജർമനി കിരീടമണിയുന്നതായിരുന്നു അഡോൾഫ് ഹിറ്റ്ലറുടെ സ്വപ്നം. പക്ഷേ, ജർമൻ ദേശീയ ടീമിന്‍റെ പ്രകടനത്തിൽ അത് എളുപ്പമല്ലെന്നും അറിയാമായിരുന്നു. ഇതിനിടയിലായിരുന്നു അയൽരാജ്യം കൂടിയായി ഓസ്ട്രിയ നാസി ജർമനി പിടിച്ചടക്കുന്നത്. ഭരണകൂടത്തെ പാടെ നശിപ്പിച്ചതിനൊപ്പും ഫുട്ബാൾ അസോസിയേഷനും സ്റ്റേഡിയങ്ങളും ക്ലബുകളുമെല്ലാം ഇല്ലാതാക്കി. ജൂതരായ സംഘാടകരെയും മേധാവികളെയും നാടുകടത്തി. അതിന് മുമ്പേ ഓസ്ട്രിയൻ ദേശീയ ടീം 1938 ഫ്രഞ്ച് ലോകകപ്പിന് യോഗ്യതനേടിയിരുന്നു. പക്ഷേ, അങ്ങനെയൊരു ടീം ലോകകപ്പിനിറങ്ങില്ലെന്ന് നാസികൾ തീരുമാനിച്ചു. ദേശീയ ടീം അംഗങ്ങളെ ജർമൻ ടീമിന്‍റെ ഭാഗമാവാൻ ക്ഷണിച്ചു. കുറെ കളിക്കാരും ഒഫീഷ്യലുകളും അനുസരിച്ചു. എന്നാൽ, സിൻഡ്ലർ ഹിറ്റ്ലറുടെ നിർദേശം നിരസിച്ചു.

1938 ഏപ്രിൽ മൂന്ന്. വിയന്നയിലെ പ്രാട്ടർ സ്റ്റേഡിയത്തിൽ ( എണസ്റ്റ് ഹാപ്പൽ സ്റ്റേഡിയം) ജർമനി ഓസ്ട്രിയ പിടിച്ചതിന്‍റെ സന്തോഷ സൂചകമായി സൗഹൃദ മത്സരത്തിന് വേദിയാവുകയാണ്. നാസി ജർമനിയുടെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെല്ലാം കാണികളായുണ്ട്. സിൻഡ്ലർ ഉൾപ്പെടെയുള്ള ഓസ്ട്രിയൻ വണ്ടർ ടീം ബൂട്ടുകെട്ടി കളത്തിലിറങ്ങി. എന്നാൽ, മത്സരം സമനിലയിലാവണമെന്ന് അണിയറയിൽ ചട്ടംകെട്ടി കളിക്കാർക്കും നിർദേശം നൽകിയിരുന്നു. ജർമൻ നാസി തലവൻമാർ നൽകിയ പുതിയ കിറ്റ് അണിയാനാവില്ലെന്ന് സിൻഡ്ലറിന്‍റെ നേതൃത്വത്തിൽ ടീം അഗങ്ങൾ ആവശ്യപ്പെട്ടു. ഒടുവിൽ ഓസ്ട്രിയയുടെ പരമ്പരാഗതമായ വെള്ളയും ചുവപ്പും ജഴ്സിയിൽ അവസാന മത്സരം എന്ന നിലയിൽ അവർക്ക് കളിക്കാൻ സമ്മതം മൂളി.

കളി തുടങ്ങി, ആദ്യ പകുതിയിൽ സിൻഡ്ലറും കാൾ സെസ്സ്റ്റയും ഉൾപ്പെടെ ഓസ്ട്രിയക്കാർ തിരക്കഥ പോലെ തന്നെ കളിച്ചു. ബോക്സിനുള്ളിൽ നിന്നും പുറത്തേക്കടിച്ചും മറ്റും കളി വിരസമാക്കി. രണ്ടാം പകുതി 70ാം മിനിറ്റ് വരെയും ഇതു തന്നെ കഥ. ഒടുവിൽ റീബൗണ്ട് ചെയ്ത പന്ത് വലയിലാക്കി സിൻഡ്ലർ വലകുലുക്കി. അവിശ്വസനീയമായതെന്തോ സംഭവിച്ചപോലെ നാസി പ്രമുഖർ നിശ്ശബ്ദമായി. അവർക്ക് മുമ്പിലെത്തി സിൻഡ്ലർ ആനന്ദ നൃത്തം ചവിട്ടി. തൊട്ടുപിന്നാലെ, സെസ്സ്റ്റ കൂടി സ്കോർ ചെയ്തതോടെ തങ്ങളെ അടക്കിവാണ നാസികൾക്കെതിരായ വിജയം ഓസ്ട്രിയക്കാർ ആഘോഷമാക്കി. അപമാനിതരായി നാസി സൈനിക മേധാവികൾ ഗാലറിയിൽ നിന്നും തലകുനിച്ചു മടങ്ങി.

സിൻഡ്ലറുടെ അവസാന ഫുട്ബാൾ മത്സരത്തിനായിരുന്നു അന്ന് ലോങ് വിസിൽ മുഴങ്ങിയത്. രണ്ടു മാസത്തിനു ശേഷം ലോകകപ്പ് നടന്നു. സിൻഡ്ലർ ജർമൻ ടീമിനൊപ്പം കളിക്കാൻ തയാറാവാതെ കരിയർ അവസാനിപ്പിച്ചു. സഹതാരങ്ങളായിരുന്ന എട്ടു പേർ നാസി ടീമിന്‍റെ ഭാഗമായി. എന്നാൽ, സിൻഡ്ലർ വിയന്ന വിട്ട് എങ്ങോട്ടും പോയില്ല. രാജ്യംവിട്ട് ഓടിയ ജൂത വ്യാപാരിയുടെ ചായക്കട മാന്യമായ വിലകൊടുത്ത് വാങ്ങി അധ്വാനിച്ച് ജീവിക്കാൻ തന്നെ തീരുമാനിച്ചു. നാടുവിടുന്ന ജൂതന്മാരുടെ സ്വത്തുകൾക്ക് നാസികൾ നിശ്ചയിച്ചതിനേക്കൾ മികച്ച വില നൽകി അവിടെയും തന്‍റെ പ്രതിഷേധം അറിയിച്ചു. നാസികളുടെ രഹസ്യ പൊലീസ് അയാളെയും നിരീക്ഷിച്ച് പരിസരങ്ങളിലുണ്ടായിരുന്നു.

ജൂത സൗഹൃദം സ്ഥാപിക്കുന്നവനും സോഷ്യലിസ്റ്റുമായി മുദ്രകുത്തി അവർ ഉപദ്രവം തുടർന്നു. അപ്പോഴും, രാജ്യംവിട്ട് പോവാൻ അദ്ദേഹത്തോട് സുഹൃത്തുകൾ ഉപദേശിക്കുന്നുണ്ടായിരുന്നു. വിയന്നയിൽ സിൻഡ്ലറുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന സുഹൃത്തുക്കളുടെ ഉപദേശം തെറ്റിയില്ല. 1939 ജനുവരി 29ന് സിൻഡ്ലറിനെയും കാമുകിയെയും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിഷപ്പുക ശ്വസിച്ചായിരുന്നു മരണം. എന്നാൽ, കൂടുതൽ അന്വേഷണമൊന്നുമില്ലാതെ ആത്മഹത്യയെന്ന് മുദ്രകുത്തി നാസി പൊലീസ് ആ ഇതിഹാസ താരത്തിന്‍റെ മരണ റിപ്പോർട്ട് സീൽ ചെയ്തു.

അകാലത്തിൽ പൊലിഞ്ഞ ഹീറോക്ക് അന്ത്യയാത്ര നൽകാൻ മറ്റൊരു ഫുട്ബാൾ മത്സരം പോലെ അന്ന് വിയന്നയിൽ ജനം ഒത്തുകൂടി. 40,000ത്തോളം പേർ അവിടെയെത്തിയെന്നാണ് കണക്കുകൾ. ഓസ്ട്രിയയിൽ അവസാനത്തെ നാസി വിരുദ്ധ റാലിയായി സിൻഡ്ലറുടെ അന്ത്യയാത്ര മാറി.

കാലമേറെ കഴിഞ്ഞ് നാസി ജർമനി തകരുകയും ഓസ്ട്രിയ സ്വതന്ത്രമാവുകയും ചെയ്തു. പക്ഷേ, സിൻഡ്ലറുടെ മരണം ഇന്നും ദൂരൂഹമാണ്. അതങ്ങനെ തുടരും. എങ്കിലും കാൽപന്തു കളിയുടെ സൗന്ദര്യവും അന്തസ്സും ആർക്കും കീഴ്പ്പെടുത്താതെ യശസ്സുയർത്തി പിടിച്ച്, ജീവൻബലിയർപ്പിച്ച രക്തസാക്ഷിയായി അദ്ദേഹം ഇനിയും നൂറ്റാണ്ടുകളോളും ഫുട്ബാളിന്‍റെ ഓർമയിലുണ്ടാവും.


ആദ്യ സെൽഫ്​ ഗോൾ

ആദ്യ സെൽഫ്​ ഗോളിന്‍റെ പിറവി ഇവിടെയായിരുന്നു. ഗ്രൂപ് റൗണ്ടിൽ നാസി ജർമനിക്കെതിരെ സ്വിറ്റ്​സർലൻഡിന്‍റെ ഏണസ്റ്റ്​ ലോർഷെറിന്‍റെ വകയായിരുന്നു ലോകകപ്പിന്‍റെ ചരിത്രത്തിലെ ആദ്യ സെൽഫ്​ ഗോൾ പിറന്നത്​.

മിയാസയുടെ ട്രൗസറും ഇറ്റലിയുടെ ഫൈനലും

ലോകകപ്പിൽ ബ്രസീലും ഇറ്റലിയും തമ്മിലെ നിർണായകമായ സെമി ഫൈനൽ പോരാട്ടം. റബ്ബർമാൻ എന്ന വിളിപ്പേരുകാരനായ ലിയോണിഡാസിനെ പുറത്തിരുത്തിയാണ്​ അന്ന്​​ ബ്രസീൽ കളത്തിലിറങ്ങിയത്​. ഗോൾരഹിതമായ ഒന്നാം പകുതിക്കു ശേഷം, ഇറ്റലിക്ക്​ ആദ്യ ഗോളെത്തി. അധികം വൈകാതെ പെനാൽറ്റിയിലൂടെ രണ്ടാം ഗോളിന്​ അവസരം തെളിഞ്ഞ നിമിഷം. കിക്കെടുക്കാനെത്തിയത് നായകനും സൂപ്പർ താരവുമായ ഗ്വിസെപ്പെ മിയാസയായിരുന്നു. ഷോട്ടിലേക്ക്​ ഓടിയെത്തുന്നതിനിടെയാണ്​ മിയാസയുടെ ഷോർട്​സ്​ ഊരി വീഴുന്നത്​. കളിക്കിടയിൽ ഇലാസ്റ്റിക്​ പൊട്ടിയതോടെ ഊരിയ ​ഷോർട്​സ്​ ഇടതുകൈകൊണ്ട്​ താങ്ങിപ്പിടിച്ച്​ കിക്കെടുത്തു. മുന്നി​ലെ രംഗങ്ങൾ കണ്ട്​ ചിരിയടക്കാൻ പാടുപെട്ട ബ്രസീൽ ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി പന്ത്​ വലയിലെത്തി. ആ ഗോളിന്‍റെ മികവിലായിരുന്നു ഇറ്റലിയുടെ ഫൈനൽ പ്രവേശനം.

ഫൈനലിന്​ മുമ്പ്​​ കളിക്കാർക്ക്​​ മരണവാറന്റ്

1938 ജൂൺ 19ന് പ്രാദേശിക സമയം​ വൈകുന്നേരം അഞ്ചു മണിക്കായിരുന്നു ഇറ്റലി -ഹംഗറി ഫൈനൽ മത്സരം. ജയിച്ചാൽ, ഇറ്റലിക്ക്​ തുടർച്ചയായി രണ്ടാം ലോക കിരീടം. വിറ്റോറിയോ പോ​സോ എന്ന അതികായനായ പരിശീലകനു കീഴിൽ അവസാന വട്ട ഒരുക്കത്തിലായിരുന്നു ഇറ്റാലിയൻ സംഘം. അതിനിടയിലാണ്​ ടീം അംഗങ്ങളെ തേടി ഇറ്റാലിയൻ രാഷ്ട്രത്തലവൻ ബെനിറ്റോ മുസോളിനിയിൽ നിന്നും ഒരു സന്ദേശമെത്തുന്നത്​. ഇറ്റാലിയൻ ഭാഷയിലെ ആ ടെലിഗ്രാം സന്ദേശം ഇങ്ങനെയായിരുന്നു 'വിൻസിറോ ഓ മൊറിറി' (ജയിക്കുക അല്ലെങ്കിൽ മരിക്കുക). കിരീടമില്ലാതെ കളിക്കളത്തിൽ നിന്നും പുറത്തേക്കിറങ്ങിയാൽ നാട്ടിൽ കാത്തിരിക്കുന്നത്​ മരണം എന്ന വ്യക്​തമായ സന്ദേശമായിരുന്നു ഇതെന്ന്​ ഫുട്​ബാൾ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.

മത്സര ശേഷം, ഹംഗറി ഗോൾകീപ്പർ ആന്‍റൽ സാ​ബോ പറഞ്ഞതിലുമുണ്ടായിരുന്നു കാര്യം. 'കളിക്കളത്തിൽ ഞാൻ നാല്​ ഗോളുകൾ വഴങ്ങിയെങ്കിലും ഇറ്റാലിയൻ ടീം അംഗങ്ങളുടെ ജീവനാണ്​ ഞാൻ രക്ഷിച്ചത്​' എന്ന്​.ബ്രസീൽ താരം ലിയോനിഡാസ്​ ഡാ സിൽവ

1934ൽ സ്വന്തം മണ്ണിലെ കിരീട വിജയത്തിനു പിന്നാലെ, 1938 ​ഫ്രാൻസിലും ടീമിന്‍റെ ഓരോ വിജയത്തിനായി ബെനിറ്റോ മുസോളിനി നടത്തിയ നീക്കങ്ങൾ ഇന്നും ദുരൂഹങ്ങളായി തുടരുകയാണ്​.

ദുരൂഹമായ തീരുമാനം

സെമി ഫൈനലിൽ ഇറ്റലിയും ബ്രസീലും ഏറ്റുമുട്ടുന്നു. അക്കാലത്തെ സൂപ്പർതാരമായ 'ദി ബ്ലാക്​ ഡയമണ്ട്​' ലിയോനിഡാസ്​ മിന്നും ഫോമിൽ നിൽക്കുമ്പോൾ പ്രവചനങ്ങ​ളെല്ലാം ബ്രസീൽ ടീമിന്​ അനുകൂലമായിരുന്നു. മൂന്ന്​ കളിയിൽ അഞ്ചു ഗോൾ നേടിയ താരത്തെ എതിരാളികൾ ഭയപ്പെട്ടു. എന്നാൽ, കളിതുടങ്ങിയപ്പോൾ ബ്രസീൽ നിരയിൽ ലിയോനിഡാസിനെ കാണാനില്ല. ​െപ്ലയിങ്​ ഇലവനിൽ സൂപ്പർ താരത്തിന്‍റെ അസാന്നിധ്യം വിവാദമായി. ഇന്നത്തെ പോലെ സബസ്റ്റിറ്റ്യൂഷനൊന്നും അനുവദിക്കാത്തതിനാൽ താരത്തി​ന്​ നിർണായക മത്സരം കളിക്കാൻ കഴിയാതെയായി. കളിയിൽ 2-1ന്​ ഇറ്റലി ജയിച്ചതോടെ, ബ്രസീൽ പുറത്തായി. ഗോൾ മെഷീൻ ലിയോനിഡോസിനെ പുറത്തിരുത്താനുള്ള ബ്രസീൽ കോച്ച് ​ അഡ്​മർ പിമന്‍റെയുടെ തീരുമാനം വിവാദമായി. ഫൈനലിനായി മാറ്റിവെച്ചുവെന്നായിരുന്നു ഒരു ആരോപണം. എന്നാൽ, മത്സരത്തിനു മുമ്പേ മുസോളിനിയുടെ ഭീഷണിയിൽ കോച്ച്​ വഴിപ്പെടുകയായിരുന്നുവെന്ന്​ പറയുന്നവരുമുണ്ട്​. ലിയോനിഡാസ്​ വേണ്ടത്ര ഫിറ്റായിരുന്നില്ലെന്നാണ്​ കോച്ചിന്‍റെ ഭാഷ്യം. എന്തായാലും കളിക്കളത്തെയും യുദ്ധഭൂമിയാക്കിയ മുസോളിനി കഥകളിൽ ഒന്നുകൂടിയായി ഇതും ചേർത്തപ്പെട്ടു.

ഇരട്ടക്കിരീടത്തിൽ വിറ്റോറിയോ പോസോ

1934, 1938 ലോകകപ്പിൽ തുടർച്ചയായി ഇറ്റലിയെ കിരീടമണിയിച്ച പരിശീലകനായ വിറ്റോറിയോ പോസോ. കാൽപന്തുകളിയിലെ ആദ്യ ജീനിയസ്​ കോച്ച്​ എന്ന വിശേഷണത്തിനുടമ. ഭരണകൂട പിന്തുണയുള്ള ടീമിനെ കളത്തിൽ എല്ലാ അടവുകളും പ്രയോഗിച്ച്​ ചാമ്പ്യന്മാരാക്കി നിലനിർത്തിയ മാന്ത്രികനും കൂടിയായിരുന്നു പോസോ. 'ദി ഓൾഡ്​ മാസ്റ്റർ' എന്ന വിളിപ്പേരുകാരൻ, പക്ഷേ, മുസോളിനിയുമായുള്ള കൂട്ടുകെട്ടിന്‍റെ പേരിൽ ഫുട്​ബാൾ ചരിത്രത്തിൽ അർഹമായ ഇടമില്ലാതെ പോയി. തുടർച്ചയായി ഒരു ടീമിനെ രണ്ടുവട്ടം ലോകജേതാക്കളാക്കിയ പരിശീലകൻ എന്ന റെക്കോഡ്​ പോസോക്ക്​ മാത്രം സ്വന്തമാണ്​.

Show Full Article
TAGS:Schindler footbal 
News Summary - Schindler; Blood Testimony of Legend
Next Story