മെസ്സിയില്ലാതെ കളിക്കാനുള്ള വഴി ഞങ്ങൾ കണ്ടെത്തും, പത്താം നമ്പർ തൽക്കാലം ആർക്കുമില്ല; ലയണൽ സ്കലോണി
text_fieldsകോർഡോബ: ലയണൽ മെസ്സിയെന്ന ഇതിഹാസ താരമില്ലാതെ അർജന്റീന പുതിയ യുഗത്തിലേക്ക് കടക്കുന്നു. ബുധനാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തിൽ ബൊളീവിയയാണ് ലോകചാമ്പ്യന്മാരുടെ എതിരാളികൾ. അടുത്തയാഴ്ച നടക്കാനിരിക്കുന്ന മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിന് മുന്നോടിയായി, ഭാവി മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പുകളിലാണ് പരിശീലകൻ ലയണൽ സ്കലോണി.
മെസ്സിക്ക് പകരക്കാരനെ കണ്ടെത്തുക എന്ന വലിയ വെല്ലുവിളിക്കിടെ, ടീമിന്റെ കളി ശൈലിയിൽ മാറ്റം വരുത്താനാണ് സ്കലോണിയുടെ തീരുമാനം. "വ്യത്യസ്തമായി കളിക്കാനുള്ള പുതിയൊരു വഴി ഞങ്ങൾ കണ്ടെത്തും. ഇത്തരം പരീക്ഷണങ്ങൾ നടത്താനുള്ളതാണ് ഈ മത്സരങ്ങൾ," ബൊളീവിയക്കെതിരായ മത്സരത്തിന് മുന്നോടിയായി സ്കലോണി വ്യക്തമാക്കി. "പന്ത് നിയന്ത്രിച്ച് കളിക്കുക എന്നത് തന്നെയാണ് ഞങ്ങളുടെ പ്രധാന ശൈലി. അവിടെ നിന്ന് എങ്ങനെ മാറ്റങ്ങൾ വരുത്താമെന്ന് നോക്കാം." അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നേറ്റ നിരയിൽ ജൂലിയൻ അൽവാരസിനെയും ലൗട്ടാരോ മാർട്ടിനെസിനെയും ഒന്നിച്ച് ഇറക്കാനാണ് സ്കലോണിയുടെ തീരുമാനം. മുൻപ് അദ്ദേഹം പരീക്ഷിക്കാൻ മടിച്ചിരുന്ന തന്ത്രമാണിത്. ആദ്യ ഇലവനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്പെയിനിനെതിരായ ലോകകപ്പ് ഫൈനലിൽ കളിച്ച ഭൂരിഭാഗം താരങ്ങളും ആദ്യ ഇലവനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റൈറ്റ് ബാക്കായി അഗസ്റ്റിൻ ജിയായ് എത്തിയേക്കും. ഫൈനലിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ എൻസോ ഫെർണാണ്ടസിന് പകരം എക്സെക്വിയൽ പലാസിയോസും, മൂന്നാം മിഡ്ഫീൽഡറായി വാലന്റീൻ ബാർക്കോയും ഇടംപിടിച്ചേക്കും. ഇറ്റാലിയൻ ക്ലബ്ബ് കോമോയുടെ താരമായ നിക്കോളാസ് പാസ്സാകും മെസ്സിക്ക് പകരം ടീമിന്റെ പ്ലേമേക്കറുടെ റോളിലെത്തുക.
മെസ്സിയുടെ വിടവാങ്ങൽ മത്സരം കഴിയുന്നത് വരെ പത്താം നമ്പർ ജഴ്സി മറ്റാർക്കും നൽകില്ലെന്ന് സ്കലോണി വ്യക്തമാക്കി. 2022-ൽ ലോകകപ്പ് ഉയർത്തുമ്പോഴും അർജന്റീനക്കായുള്ള 207 മത്സരങ്ങളിലും മെസ്സി അണിഞ്ഞത് ഈ ഐതിഹാസിക ജഴ്സിയാണ്. ഒക്ടോബർ ആറിന് ബ്യൂണസ് ഐറിസിൽ ബെനിനെതിരെയാണ് മെസ്സിയുടെ വിടവാങ്ങൽ മത്സരം. "ഈ മത്സരങ്ങളിൽ പത്താം നമ്പർ ആർക്കെങ്കിലും നൽകണമെന്ന് ഞങ്ങൾക്ക് നിർബന്ധമില്ല. ഭാവിയിൽ മറ്റാരെങ്കിലും ഈ ജഴ്സി ഏറ്റെടുക്കും, എന്നാൽ അത് ആരാകണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല," സ്കലോണി പറഞ്ഞു.
ഈ വർഷം ആഗസ്റ്റിലാണ് 39-കാരനായ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. തന്റെ ആറാമത്തെയും അവസാനത്തെയും ലോകകപ്പിൽ എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. അർജന്റീനക്കായി 125 ഗോളുകൾ നേടിയാണ് മെസ്സി പടിയിറങ്ങുന്നത്. ഇതിൽ 21 ഗോളുകൾ ലോകകപ്പിൽ നിന്നാണ്.
ഡിസംബർ 31-ന് അവസാനിക്കാനിരിക്കുന്ന സ്കലോണിയുടെ കരാർ ഉടൻ പുതുക്കുമെന്നാണ് വിവരം. ലോകകപ്പ് ഫൈനൽ പരാജയത്തിന് പിന്നാലെ സ്ഥാനമൊഴിയുമെന്ന സൂചനകൾ അദ്ദേഹം നൽകിയിരുന്നുവെങ്കിലും, അർജന്റീന കൂടി ആതിഥേയത്വം വഹിക്കുന്ന 2030 ലോകകപ്പ് വരെ ടീമിനൊപ്പം തുടരാൻ അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയുമായി അടുത്തിടെ അദ്ദേഹം ധാരണയിലെത്തിയിട്ടുണ്ട്.
പുതിയ താരങ്ങളുടെ കടന്നുവരവും അവരുടെ ആവേശവും പ്രതീക്ഷ നൽകുന്നതാണെന്നും, ഏത് ടീമിനെതിരെയും ഉയർന്ന നിലവാരത്തിൽ കളിക്കാൻ അർജന്റീനക്ക് സാധിക്കുമെന്നും സ്കലോണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

