ഏഷ്യൻ കപ്പ് 2027 ഫുട്ബാൾ ടൂർണമെന്റിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
text_fieldsജിദ്ദ: 2027 ൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസലിന്റെ സാന്നിധ്യത്തിൽ ബുധനാഴ്ച നടന്ന എ.എഫ്.സി ജനറൽ അസംബ്ലിയുടെ 33-ാമത് യോഗത്തിലാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള വോട്ടെടുപ്പ് നടന്നത്.
2022 ഒക്‌ടോബറിൽ എ.എഫ്.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനെയും (എ.ഐ.എഫ്.എഫ്), സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷനെയും (എസ്എഎഫ്.എഫ്) 2027 ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അന്തിമ ലേലക്കാരായി ഷോർട്ട്‌ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ തങ്ങൾ ലേലത്തിൽ നിന്നും പിന്മാറുന്നതായി കഴിഞ്ഞ ഡിസംബറിൽ എ.ഐ.എഫ്.എഫ്, എ.എഫ്.സിയെ അറിയിച്ചിരുന്നു. ഇന്ത്യയുടെ പിന്മാറ്റം സൗദി അറേബ്യക്ക് അവസരം ലഭിക്കാൻ കാരണമായി. 'ഫോർവേഡ് ഫോർ ഏഷ്യ' എന്ന മുദ്രാവാക്യത്തിന് കീഴിൽ 2020 ലാണ് സൗദി ഔദ്യോഗികമായി ഏഷ്യൻ കപ്പ് ആതിഥേയത്വത്തിനുള്ള ലേലത്തിൽ പങ്കെടുക്കാൻ ആരംഭിച്ചത്. രാജ്യത്തെ കായികരംഗം പൊതുവെയും ഫുട്ബോൾ രംഗം പ്രത്യേകിച്ചും ഏറെ മുന്നോട്ട് പോയ അവസരത്തിലാണ് നാല് വർഷത്തിന് ശേഷമുള്ള ഏഷ്യൻ കപ്പിന് സൗദിക്ക് അവസരം ലഭിക്കുന്നത്. മിഡിൽ ഈസ്റ്റിൽ ആദ്യമായി ഫിഫ ലോകകപ്പ് 2022 ആതിഥേയത്വം വഹിച്ചതിന് ശേഷം 2023 ലെ എ.എഫ്.സി ഏഷ്യൻ കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കും.
എ.എഫ്.സി ജനറൽ അസംബ്ലിയുടെ 33-ാമത് യോഗത്തിൽ മൂന്നാം തവണയും ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയെ 2023 മുതൽ 2027 വരെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷഷൻ പ്രസിഡന്റായി ശുപാർശ ചെയ്തു. കൂടാതെ ഭൂമിശാസ്ത്രപരമായി ഓരോ ഏഷ്യൻ മേഖലയിൽ നിന്നും ഒരാളെ വീതം പ്രസിഡന്റിനുള്ള അഞ്ച് ഡെപ്യൂട്ടിമാരായി തെരഞ്ഞെടുത്തു. സൗദി ഫെഡറേഷൻ പ്രസിഡന്റ് യാസർ ബിൻ ഹസൻ അൽ മിഷാൽ 2023-2027 കാലയളവിലെ ഫിഫ കൗൺസിൽ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.