Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

27ാമത് ഗൾഫ് കപ്പ് കിരീടം സ്വന്തമാക്കി സൗദി അറേബ്യ

text_fields
bookmark_border
യുഎഇയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്
27ാമത് ഗൾഫ് കപ്പ് കിരീടം സ്വന്തമാക്കി സൗദി അറേബ്യ
cancel
camera_alt

ഗൾഫ് കപ്പ് കിരീടം സ്വന്തമാക്കിയ സൗദി അറേബ്യ ടീം

ജിദ്ദ: 27ാമത് ഗൾഫ് കപ്പ് കിരീടം സൗദി അറേബ്യ സ്വന്തമാക്കി. ജിദ്ദയിലെ അൽഇൻമ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകിട്ട് നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ യു.എ.ഇ ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് (2-0) പരാജയപ്പെടുത്തിയാ ണ് സൗദി ടീം ഗൾഫ് കപ്പ് കിരീടം ചൂടിയത്. നിരവധി അപകടകരമായ അവസരങ്ങളെ തടയുകയും അവസാന വിസിൽ മുഴങ്ങുന്നത് വരെ തന്റെ ഗോൾവല കാത്തുസൂക്ഷിക്കുകയും ചെയ്ത മുഹമ്മദ് അൽഉവൈസിന്റെ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ച കടുത്ത പോരാട്ടത്തിനൊടുവിലാണ് 'അൽഅഖ്ദർ' (സൗദി ടീം) കപ്പ് നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡ് നേടിയ സൗദി ടീം വിജയം ഉറപ്പിച്ചു.

11ാം മിനിറ്റിൽ ഹമ്മാം അൽഹമ്മാമി ആദ്യ ഗോൾ നേടി സൗദി ടീമിന് മുൻതൂക്കം നൽകി. ഹമ്മാമിയുടെ ആദ്യഗോളിന്റെ മുൻതൂക്കം വർധിപ്പിക്കാൻ സൗദി ടീം അധികം വൈകിയതേയില്ല, തൊട്ടുപിന്നാലെ 13ാം മിനിറ്റിൽ ഫിറാസ് അൽബ്രൈക്കാൻ രണ്ടാമത്തെ ഗോളും കൂടി നേടി സൗദി ടീമിന്റെ ലീഡ് ഇരട്ടിയാക്കി. ഇതോടെ മത്സരത്തിന്റെ തുടക്കം മുതൽ തന്നെ സൗദി ടീമിന് അനുകൂലമായ മുൻതൂക്കം ലഭിച്ചു. ഈ കിരീടധാരണത്തോടെ സൗദി ദേശീയ ടീം ഗൾഫ് കപ്പ് ചരിത്രത്തിൽ മറ്റൊരു കിരീടം കൂടി തന്റെ റെക്കോർഡിൽ ചേർത്തു. നാലാം തവണയാണ് സൗദി ടീം ഈ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്.

മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസ് ഫൈനൽ മത്സരം വീക്ഷിച്ചു. കായിക മന്ത്രി അമീർ അബ്ദുൽ അസിസ് ബിൻ തുർക്കി ബിൻ ഫൈസൽ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, ഗൾഫ് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് അൽ താനി, ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി, ത്വാഇഫ് ഗവർണർ അമീർ ഫവാസ് ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്, കായിക ഡെപ്യൂട്ടി മന്ത്രി ബദ്ർ ബിൻ അബ്ദുറഹ്മാൻ അൽഖാദി, സൗദി ഫുട്ബോൾ അസോസിയേഷൻ ഡയറക്ടേഴ്സ ബോർഡ് ചെയർമാൻ ബദ്ർ ബിൻ സുലൈമാൻ അൽറസീസ തുടങ്ങി ഗൾഫ് രാജ്യങ്ങളിലെ കായിക അസോസിയേഷനുകളുടെ പ്രസിഡന്റുമാരും പ്രതിനിധികളുമടക്കം നിരവധി പേർ സന്നിഹിതരായിരുന്നു.

ഭരണകൂടത്തിന്റെ ഉദാരമായ ശ്രദ്ധ, ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന് അർഹമായ സ്ഥാനം, സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ബന്ധങ്ങളാൽ ഒത്തുകൂടിയിരിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ സഹോദരന്മാർക്കിടയിൽ അതിനുള്ള ചരിത്രപരവും കായികപരവുമായുള്ള ഉറച്ച മൂല്യം എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് ഗൾഫ് കപ്പ് ഫുട്ബാൾ മത്സരമെന്ന് സൗദി കായിക മന്ത്രി പറഞ്ഞു. ടൂർണമെന്റിന് ഉദാരമായ രക്ഷാകർതൃത്വം നൽകിയ സൽമാൻ രാജാവിന് കായിക മന്ത്രി നന്ദിയും കടപ്പാടും അറിയിച്ചു. ഈ ടൂർണമെന്റ് നടത്താനായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. അതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ വലിയ പ്രാധാന്യമുള്ള ഈ ടൂർണമെന്റിൽ ദേശീയ ടീം വിജയം കൈവരിച്ചതിൽ ഭരണകൂടത്തിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഈ ടൂർണമെന്റിൽ 'അൽ-അഖ്ദറിന്റെ' മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കുകയും കിരീടം നേടുന്നതിൽ സൗദി ടീമിന് ഏറ്റവും മികച്ച പിന്തുണ നൽകുകയും ചെയ്ത ആരാധകരെ അഭിനന്ദിക്കുന്നു.

ഈ ഗൾഫ് കായിക സംഗമത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനങ്ങളും മാന്യമായ കായിക മത്സരങ്ങളും കാഴ്ചവെക്കുകയും ചെയ്ത എല്ലാ ദേശീയ ടീമുകൾക്കും നന്ദി അറിയിക്കുന്നു. വരാനിരിക്കുന്ന ടൂർണമെന്റുകളിൽ അവർക്ക് വിജയം ആശംസിക്കുന്നുവെന്നും കായിക മന്ത്രി പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി ജിദ്ദ നഗരം ആതിഥേയത്വം വഹിച്ച ‘ഗൾഫ് കപ്പ് 27’ മത്സരങ്ങൾ 2026 സെപ്റ്റംബർ 23 മുതൽ ആണ് ആരംഭിച്ചത്. എട്ട് ദേശീയ ടീമുകൾ പങ്കെടുത്ത ഈ ടൂർണമെന്റിൽ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽഇൻമ സ്റ്റേഡിയം, അമീർ അബ്ദുല്ല അൽഫൈസൽ സ്പോർട്സ് സിറ്റി എന്നീ രണ്ട് സ്റ്റേഡിയങ്ങളിലായി ആകെ 15 മത്സരങ്ങളാണ് നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia wins 7th Gulf Cup title
Next Story