Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്തോഷ് ട്രോഫി:...

സന്തോഷ് ട്രോഫി: പഞ്ചാബിനെതിരെ ജയം, കേരളം സെമിയിൽ

text_fields
bookmark_border
santosh trophy
cancel
camera_alt

കേരളത്തിന് വേണ്ടി ക്യാപ്റ്റൻ ജിജോ ജോസഫ് ഗോൾ നേടുന്നു

Listen to this Article

പയ്യനാട് (മലപ്പുറം): കേരളം കാത്തിരുന്ന രാവ്. മൂന്നാം മത്സരത്തിൽ മേഘാലയയോട് സമനില വഴങ്ങിയപ്പോഴുണ്ടായ അനിശ്ചിതത്വത്തിന് വിരാമമിട്ട് സന്തോഷ് ട്രോഫി സെമി ഫൈനലിലേക്ക് ആതി‍ഥേയരുടെ മാർച്ച്. പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്ത് ഗ്രൂപ് എ ചാമ്പ്യന്മാരെന്ന തലയെടുപ്പോടെ തന്നെയാണ് കേരളം സെമി പോരാട്ടത്തിനിറങ്ങുന്നത്. ഇരട്ട ഗോൾ നേടിയ ക്യാപ്റ്റൻ ജിജോ ജോസഫിന്റെയും സഹതാരങ്ങളുടെയും മികവിന് പയ്യനാട് സ്റ്റേഡിയത്തിലെ ഗാലറി എഴുന്നേറ്റ് നിന്ന് കൈയടിച്ചു. മൻവീർ സിങ്ങിന്റെ വകയായിരുന്നു പഞ്ചാബിന്റെ ഗോൾ. രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ഹാട്രിക് നേടിയ ജിജോയുടെ അക്കൗണ്ടിൽ ഇതോടെ അഞ്ച് ഗോളുകളായി. പഞ്ചാബ് സെമി കാണാതെ പുറത്തായി. രണ്ടാം സ്ഥാനക്കാരായി എത്തുന്നതോടെ ബംഗാളോ മേഘാലയയോ എന്ന് ഞായറാഴ്ചയറിയാം.

രണ്ട് മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. മിഡ്ഫീൽഡിൽ നിജോ ഗിൽബർട്ടിന് പകരം സൽമാൻ കള്ളിയത്തിനെ പരീക്ഷിച്ചു. അണ്ടർ 21 താരങ്ങളായ സഫ്നാദിനെ ബെഞ്ചിലിരുത്തി ഷിഗിലിനെയും ഇറക്കി. പഞ്ചാബ് നിര‍യിലും മൂന്ന് മാറ്റങ്ങളുണ്ടായിരുന്നു. കളി തുടങ്ങി ആദ്യ അരമിനിറ്റ് പോലും പിന്നിടും മുമ്പ് വിഘ്നേഷിൽ നിന്ന് പന്ത് സ്വീകരിച്ച് ഷിഗിൽ പഞ്ചാബി ഗോൾ മുഖം വിറപ്പിച്ചു. പിന്നാലെ പ്രത്യാക്രമണം. പത്താം മിനിറ്റിൽ കേരള പ്രതിരോധത്തിലുണ്ടായ പിഴവിൽ തലനാരിഴക്ക് പന്ത് പുറത്തു പോയി. 12ാം മിനിറ്റിൽ ആതിഥേയർക്ക് വലിയ വില കൊടുക്കേണ്ടി വന്നു. പ്രതിരോധം പിഴവ് ആവർത്തിച്ചപ്പോൾ ലഭിച്ച അവസരം മൻവീർ സിങ് മുതലെടുത്തു. ഗോൾ കീപ്പർ മിഥുൻ തട്ടിയകറ്റാൻ ശ്രമിച്ച പന്ത് പറന്നിറങ്ങിയത് വലയിൽ. മറുപടി നൽകാൻ സൽമാനും ഷിഗിലും തുടർച്ചയായി പഞ്ചാബിന്റെ ഗോൾ മുഖം വിറപ്പിച്ചെങ്കിലും ഗോൾ കീപ്പർ ഹർപ്രീത് സിങ് സന്ദർഭത്തിനൊത്തുയർന്നു.

17ാം മിനിറ്റിൽ കേരളത്തിന്റെ തിരിച്ചടിയെത്തി. ഇടതു വിങ്ങിൽ നിന്ന് വന്ന പന്തിൽ ബോക്സിന് പുറത്ത് നിന്ന് അർജുൻ ജയരാജിന്റെ ക്രോസും പോസ്റ്റിലേക്ക് ജിജോയുടെ ഹെഡ്ഡറും. പഞ്ചാബി ഗോളി ഹർപ്രീത് സിങ് നിസ്സഹായനായി നിന്നപ്പോൾ മൈതാനത്തും ഗാലറിയിലും കേരളത്തിന്റെ ഗോളാഘോഷം. 22ാം മിനിറ്റിൽ ക്യാപ്റ്റൻ പരംജിത് സിങ് എടുത്ത ഫ്രീ കിക്കിൽ മൻവീർ സിങ്ങിന്റെ ഹെഡ്ഡറും വലയിൽ. രണ്ടാം ഗോളിന്റെ ആരവത്തിൽ പഞ്ചാബ് താരങ്ങൾ നിൽക്കെ കേരളത്തിന് ആശ്വാസമായി റഫറിയുടെ ഓഫ്സൈഡ് വിസിൽ.

28ാം മിനിറ്റിൽ പരിക്കേറ്റ് മൈതാനത്ത് കിടന്ന മിഥുനെ മാറ്റി കേരളം ഗോൾകീപ്പറായി എസ്. ഹജ്മലിനെ ഇറക്കി. 42ാം മിനിറ്റിൽ ഹജ്മൽ കേരളത്തിന്റെ രക്ഷകനായി. 44ാം മിനിറ്റിൽ ഹജ്മൽ അഡ്വാൻസ് ചെയ്താണ് അപകടം ഒഴിവാക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തും ജിജോ‍യുടെ ഗോൾ ശ്രമം. പിന്നാലെ അർജുന്റെ ഫ്രീകിക്കും ഫസ്റ്റ് പോസ്റ്റിൽ തട്ടിത്തെറിച്ചു.

രണ്ടാം പകുതിയിൽ സൽമാന് പകരം നൗഫലെത്തി. 46ാം മിനിറ്റിൽ ഷിഗിലിന്റെ ത്രൂബാളിൽ വിഘ്നേഷിന്റെ ഷോട്ട് ഗോളി തടുത്തു. ഉടനുണ്ടായി പഞ്ചാബിന്റെ പ്രത്യാക്രമണം. ഹജ്മലിന്റെ കിടിലൻ സേവ്. വലതു വിങ്ങിലൂടെ നൗഫൽ തുടരെത്തുടരെ ആക്രമണമഴിച്ചുവിട്ടെങ്കിലും പിന്തുണ കിട്ടാത്തത് തിരിച്ചിടിയായി. 52ാം മിനിറ്റിൽ അജയ് അലക്സ് തട്ടിയൊഴിവാക്കി കേരളത്തെ രക്ഷിച്ചു. 53ാം മിനിറ്റിൽ നൗഫലിന്റെ ക്രോസിൽ ഷിഗിലിന്റെ ഹെഡ്ഡർ ഗോളി തടുത്തു. 59ാം മിനിറ്റിലും ജിജോയുടെ ഹെഡ്ഡർ. പിറകെ കേരളം വിഘ്നേഷിനെ പിൻവലിച്ച് ജെസിനെ ഇറക്കി. 71ാം മിനിറ്റിൽ നൗഫലിന്റെ മറ്റൊരു ഷോട്ട് പഞ്ചാബ് ഗോളി ഹർപ്രീത് ഉയർന്നുചാടി പുറത്തേക്ക് വിട്ടു. തുടർച്ചയായ ഗോൾ ശ്രമങ്ങൾ ഹജ്മൽ ചെറുത്തത് കേരളത്തിന് അനുഗ്രഹമായി.

വിജയഗോളിനായുള്ള കേരളത്തിന്റെ കാത്തിരിപ്പ് 86ാം മിനിറ്റിൽ ഫലം കണ്ടു. ഇടതുവിങ്ങിൽ നിന്ന് സഞ്ജു നൽകിയ ക്രോസിൽ പന്ത് നെഞ്ചിലിറക്കിയ ജിജോ. പ​ഞ്ചാ​ബ് പ്ര​തി​രോ​ധ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​ക്കി പോ​സ്റ്റി​ലേ​ക്ക് തൊ​ടു​ത്തു. ഗാ​ല​റി എ​ഴു​ന്നേ​റ്റ് നി​ന്ന് കൈ​യ​ടി​ച്ച നി​മി​ഷ​ങ്ങ​ൾ. ജി​ജോ​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:santosh trophy 2022
News Summary - Santosh Trophy: Victory over Punjab, Kerala in semis
Next Story