സന്തോഷ് ട്രോഫി: ഷഫീഖ് ഹസൻ കേരള ടീം പരിശീലകൻ
text_fieldsഷഫീഖ് ഹസ്സൻ
തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്‌ബാളിനുള്ള കേരള ടീമിനെ എം. ഷഫീഖ് ഹസൻ പരിശീലിപ്പിക്കും. ദേശീയ ഗെയിംസിൽ കേരളത്തെ ചാമ്പ്യനാക്കിയ മുപ്പത്തൊമ്പതുകാരൻ സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്‌സിന്റെ സഹ പരിശീലകനാണ്.
എബിൻ റോസാണ് സഹപരിശീലകൻ. മുൻ സന്തോഷ് ട്രോഫി താരമായിരുന്ന എബിൻ കോവളം എഫ്.സി കോച്ചാണ്. തിരുവനന്തപുരം സ്വദേശിയാണ്. അടുത്ത വർഷം ജനുവരിയിലാണ് സന്തോഷ് ട്രോഫി. നിലവിലെ റണ്ണറപ്പായ കേരളം നേരിട്ട് ഫൈനൽ റൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്.
വയനാട് കാപ്പംകൊല്ലി പാലവയൽ സ്വദേശിയാണ് ഷഫീഖ് ഹസൻ. തെലങ്കാന ഫുട്ബാൾ അസോസിയേഷന്റെ സെക്കൻഡ് ഡിവിഷൻ ലീഗിൽ ശ്രീനിധി ഡെക്കാൻ എഫ്.സിയുടെ റിസർവ് ടീമിനെ ചാമ്പ്യന്മാരാക്കിയതിനു പിന്നാലെയാണ് ഷഫീഖ് കണ്ണൂർ വാരിയേഴ്‌സിലെത്തുന്നത്. തെലങ്കാന സന്തോഷ് ട്രോഫി ടീമിന്റെ സഹ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. പ്രതിരോധ താരമായിരുന്ന ഷഫീഖ് പരിക്കിന്റെ പിടിയിലായതോടെ 22ാം വയസ്സിൽ പരിശീലക കുപ്പാഴം അണിഞ്ഞു. 2011ൽ അണ്ടർ 10 വയനാട് ജില്ല ടീമിനെയാണു ആദ്യം പരിശീലിപ്പിച്ചത്.
പിന്നാലെ സീനിയർ ടീം, സബ് ജൂനിയർ ടീമുകളെ പരിശീലിപ്പിച്ചു. 2012, 13 വർഷങ്ങളിൽ കാലിക്കറ്റ് സർവകലാശാല ടീമിന്റെ സഹപരിശീലകനായി. 2017ൽ ഷഫീഖിന്റെ പരിശീലനത്തിൽ ഇറങ്ങിയ അണ്ടർ 17 കേരള ടീം ദേശീയ ചാമ്പ്യൻപ്പിൽ മൂന്നാം സ്‌ഥാനം നേടി. 2016 മുതൽ ഇംഗ്ലിഷ് പ്രിമിയർ ലീഗിന്റെ പ്രീമിയർ സ്‌കിൽസ് പദ്ധതിയുടെ ഇന്ത്യയിലെ ഇൻസ്ട്രക്‌ടർമാരിൽ ഒരാളാണ്.
ഏഷ്യൻ ഫുട്‌ബാൾ കോൺഫെഡറേഷൻ എ ലൈസൻസ് ഡിപ്ലോമ നേടിയിട്ടുണ്ട്. സന്തോഷ് ട്രോഫി ടൂർണമെന്‍റിന്‍റെ വേദി തീരുമാനമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

