സന്തോഷ് ട്രോഫി; രണ്ടാംവർഷവും കേരള ടീമിൽ ഇടംപിടിച്ച് റിയാസ്
text_fieldsപാലക്കാട്: കഴിഞ്ഞ വർഷം കപ്പിനും ചുണ്ടിനുമിടയിൽ സന്തോഷ് ട്രോഫി നഷ്ടപ്പെട്ട കേരളത്തിനായി കപ്പടിക്കാൻ ഈവർഷവും ടീമിൽ ഇടംപിടിച്ച് വിളയൂരിന്റെ റിയാസ്. 79ാമത് സന്തോഷ് ട്രോഫി ഫുട്‌ബാളിനുള്ള 35 അംഗ കേരള ടീം പരിശീലന ക്യാമ്പിൽ നിന്നാണ് ഫൈനല്‍ റൗണ്ടിലിറങ്ങുന്ന 23 അംഗ ടീമിനെ തെരഞ്ഞെടുത്തത്.
അസമില്‍ നടക്കുന്ന മത്സരത്തില്‍ കിരീടം തിരിച്ചുപിടിക്കാനുറച്ചാണ് കണ്ണൂർ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ടീമിന്റെ പരിശീലനം തകൃതിയായി നടന്നിരുന്നത്. തുടർന്ന് കൊച്ചിയിലും പരിശീലനമുണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ടീം തുടർ പരിശീലനത്തിനായി വ്യാഴാഴ്ച വയനാട്ടിലേക്ക് യാത്രതിരിച്ചു.
പാലക്കാട് ജില്ലയിലെ വിളയൂർ കണ്ടേങ്കാവ് പറക്കാട്ടുതൊടി ഹസീനയുടെ ഏക മകനാണ് റിയാസ്. കണ്ടേങ്കാവ് ഗവ. എൽ.പി സ്കൂൾ, വിളയൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലെ പഠനശേഷം തിരൂർ മൗലാന ഫുട്ബാൾ അക്കാദമിയിലൂടെ പ്ലസ് ടു പഠനം. തുടർന്ന് കർണാടകയിലെ ഏനപ്പായ യൂനിവേഴ്സിറ്റിയിൽ ബി.കോം പഠനം.
ഇക്കാലയളവിൽ കർണാടകക്കായി 2022ൽ സന്തോഷ് ട്രോഫി കളിച്ചു. അന്ന് പക്ഷേ സെമി ഫൈനലിൽ കർണാടക പരാജയപ്പെട്ടു. ഇതേ യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന റിയാസ് 2025 ലാണ് കേരളത്തിനായി സന്തോഷ് ട്രോഫി കളിക്കുന്നത്. തുടർന്ന് ഈ വർഷവും പരിശീലന ക്യാമ്പിലേക്കും അന്തിമ ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
ഒന്നര വയസുമുതൽ ഉമ്മയുടെ നാട്ടിൽ കഴിയുന്ന റിയാസിനെ ഫുട്ബാളിലേക്ക് കൈപിടിച്ചു കൊണ്ടു വന്നത് അമ്മാവനും കണ്ടേങ്കാവ് ലക്കി സ്റ്റാർ താരവുമായ അബ്ദുസ്സമദ് ആണ്. റിയാസിന് എവിടെയെല്ലാം കളിയുണ്ടോ അവിടെയെല്ലാം പ്രോത്സാഹനത്തിനായി അമ്മാവൻ ഓടിയെത്തുമെന്ന് മാതാവ് ഹസീന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

