സന്തോഷ് ട്രോഫി: കേരള ടീം ഒരുങ്ങുന്നു
text_fieldsസന്തോഷ് ട്രോഫി കേരള ടീം കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
കണ്ണൂർ: ജനുവരിയിൽ അസമിൽ നടക്കുന്ന 79താമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ സജ്ജമാക്കുന്നതിന് തീവ്രപരിശീലനവുമായി താരങ്ങൾ. ദിവസവും വൈകീട്ട് നാലു മുതൽ ആറ് വരെ കണ്ണൂർ മുനിസിപ്പൽ ജവഹർ സ്‌റ്റേഡിയത്തിലാണ് പരിശീലനം. ദിവസങ്ങൾക്കു മുമ്പ് തുടങ്ങിയ പരിശീലനത്തിൽ സൂപ്പർ ലീഗ് കേരള താരങ്ങളും എത്തിയതോടെ ക്യാമ്പ് സജീവമായി.
കണ്ണൂർ വാരിയേഴ്സ് എഫ്.സി സൂപ്പർ ലീഗ് കേരള കിരീടം സമ്മാനിച്ച അതേ സ്റ്റേഡിയത്തിൽ നടക്കുന്ന പരിശീലനം താരങ്ങൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന പരിശീലനം അന്തിമഘട്ടത്തിലാണ്.
വയനാട് മേപ്പാടി സ്വദേശി എം. ഷഫീഖ് ഹസനാണ് മുഖ്യപരിശീലകൻ. കണ്ണൂർ വാരിയേഴ്സിന് കിരീടം നേടിക്കൊടുത്ത സഹപരിശീലകൻ കൂടിയാണ്. സഹപരിശീലകനായി എബിൻ റോസും ഗോൾ കീപ്പിങ് കോച്ച് കെ.ടി. ചാക്കോയും കളത്തിലുണ്ട്. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് 12 ടീമുകളാണ് യോഗ്യത നേടിയത്. നിലവിലെ രണ്ടാം സ്ഥാനക്കാരാണ് കേരളം.
അഭിനവ്, പാർഥിവ്, അൽകേഷ്, (ഗോൾ കീപ്പർമാർ), നിഥിൻ മധു, ടി.എൻ.അഫാസ്, ബാദിഷ്, മുഹമ്മദ് മുഷാറഫ്, പി.ടി. റിയാസ്, സന്ദീപ്, മനോജ്, ബിബിൻ അജയൻ, തേജസ്സ് കൃഷ്ണ (ഡിഫൻഡർമാർ), ദിൽഷാദ്, എം. മനോജ്, എബിൻ ദാസ്, ആസിഫ്, നിഥിൻ വിൽസൻ (മിഡ് ഫീൽഡർമാർ), അഭിജിത്ത്, വിബിൻ വിധു, അഷർ, റോഷൽ, മുഹമ്മദ് സിനാൻ, നവീൻ കൃഷ്ണ (വിംഗർമാർ), കെ. അതീന്ദ്രൻ, വൈഷ്ണവ്, അജ്സൽ (സ്ട്രൈക്കർമാർ) എന്നിവരാണ് ക്യാമ്പിലുള്ളത്. മുന്നേറ്റ താരം മുഹമ്മദ് സിനാനും പ്രതിരോധ താരം മുഹമ്മദ് മുഷാറഫുമാണ് ക്യാമ്പിലുള്ള കണ്ണൂർ സ്വദേശികൾ. സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ എമേർജിങ് താരമായ മുഹമ്മദ് സിനാൻ അത്താഴക്കുന്ന് സ്വദേശിയാണ്. ഫോഴ്സ കൊച്ചിക്കുവേണ്ടി കളത്തിലിറങ്ങിയ മുഹമ്മദ് മുഷാറഫ് പയ്യന്നൂർ കുന്നരു സ്വദേശിയുമാണ്. ജനുവരി പകുതിയോടെ കേരള ടീം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

