കൊച്ചി: അർജുൻ ജയരാജും നിജോ ഗിൽബർട്ടും കളിച്ചും കളിപ്പിച്ചും കലൂർ സ്റ്റേഡിയത്തിൽ നിറഞ്ഞാടിയപ്പോൾ അന്തമാൻ നികോബാറിനെ വമ്പൻ മാർജിനിൽ തകർത്ത് സന്തോഷ് ട്രോഫിയിൽ കേരളം മുന്നോട്ട്. സൗത്ത് സോൺ ഗ്രൂപ് ബി പോരാട്ടത്തിൽ ദുർബലരായ ബംഗാൾ ഉൾക്കടൽ ദ്വീപുകാരുടെ വലയിൽ മലയാളി താരങ്ങൾ അടിച്ചുകൂട്ടിയത് ഒമ്പത് ഗോൾ.
ജയത്തോടെ ഗ്രൂപിൽ മുന്നിലെത്തിയ കേരളത്തിന് ഞായറാഴ്ച പുതുച്ചേരിയോട് തോൽക്കാതിരുന്നാൽ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാം. പുതുച്ചേരി ഇന്നലെ ലക്ഷദ്വീപുമായി 1-1ന് സമനിലയിൽ കുടുങ്ങി.
വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് തുടങ്ങിയ കളിയുടെ ആദ്യ അരമണിക്കൂറിൽ കേരളം പാഴാക്കുന്ന അനേകം ഗോൾ അവസരങ്ങളാണ് കണ്ടത്. 34ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂഷൻ ബെഞ്ചിൽനിന്ന് മധ്യനിരക്കാരൻ നിജോ ഗിൽബർട്ട് കളത്തിലിറങ്ങിയതോടെ കളിമാറി. 39ാം മിനിറ്റിൽ നിജോയുടെ ഗോൾ. ആദ്യഗോൾ വീഴാൻ 39 മിനിറ്റ് കാത്തുനിൽക്കേണ്ടിവന്നപ്പോൾ ബാക്കി 51 മിനിറ്റിൽ എട്ടുഗോളാണ് പിറന്നത്.
ഒന്നാം പകുതിക്ക് വിസിൽ വീഴാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ മുന്നേറ്റതാരം ടി.കെ. ജെസിൻ രണ്ടുവട്ടം അന്തമാൻ ഗോളിയെ നിഷ്പ്രഭനാക്കി.64ാം മിനിറ്റിൽ മലയാളി പ്രതിരോധതാരം വിബിൻ തോമസ് കയറിച്ചെന്ന് ഗോൾ നേടി. ആറുമിനിറ്റുകൂടി കഴിഞ്ഞപ്പോഴാണ് കളിയിലെ ക്ലാസിക് ഗോളിെൻറ പിറവി. അന്തമാെൻറ മുന്നേറ്റതാരം ജീത് കുമാറിനെ ഫൗൾ ചെയ്തതിന് പിന്നാലെ മറ്റൊരാളുമായി കൊമ്പുകോർത്ത അർജുൻ ജയരാജിന് മഞ്ഞക്കാർഡ് കിട്ടി. തൊട്ടടുത്ത മിനിറ്റിൽ കേരളത്തിെൻറ പാതിയിൽനിന്ന് വിബിൻ തോമസ് നൽകിയ പന്ത് പി. അഖിലും മുഹമ്മദ് സഹീഫും തൊട്ട് അന്തമാൻ ബോക്സിന് പുറത്തുനിന്ന അർജുൻ ജയരാജിലേക്ക്.
വലങ്കാൽകൊണ്ട് അർജുൻ തടുത്തിട്ട പന്ത് തിരിച്ചുനൽകി നല്ല ഗോൾ പാകത്തിന് സ്വീകരിച്ചപ്പോൾ ബോക്സിന് പുറത്തുനിന്ന് ഉതിർത്തത് നീണ്ട ബുള്ളറ്റ് ഷോട്ട്. അന്തമാൻ പോസ്റ്റിെൻറ വലതുമൂലയിലേക്ക് പാഞ്ഞുകയറിയ പന്ത് ഗോളിക്ക് കാണാൻപോലും കഴിഞ്ഞില്ല. 80ാം മിനിറ്റിൽ മുഹമ്മദ് സഫ്നാദും 81ാം മിനിറ്റിൽ നിജോ തെൻറ രണ്ടാം ഗോളും നേടി. പകരക്കാരനായി ഇറങ്ങി മൂന്നുമിനിറ്റ് പിന്നിട്ടപ്പോൾ സൽമാൻ കള്ളിയത്തും ഗോൾ നേടി. കളിസമയവും കഴിഞ്ഞ് ഇഞ്ച്വറി ടൈമിൽ മുഹമ്മദ് സഫ്നാദ് രണ്ടാം ഗോളും അടിച്ചതോടെ അന്തമാൻ വല ഒമ്പതാം തവണയും കുലുങ്ങി.കഴിഞ്ഞ കളിയിൽ പുതുച്ചേരി അന്തമാനെ എട്ട് ഗോളിനാണ് തകർത്തത്. ഞായറാഴ്ച വൈകീട്ട് മൂന്നിന് ഇനി കേരളം പുതുച്ചേരിയെ നേരിടും.