സന്തോഷ് ട്രോഫി: പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ; എതിരാളി സർവീസസ്
text_fieldsഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബാളിൽ എട്ടാം കിരീടത്തിലേക്ക് ഒരു ജയമരികെ കേരളം. ഞായറാഴ്ച സർവിസസ് ഉയർത്തുന്ന വെല്ലുവിളി മറികടന്നാൽ 2022ന് ശേഷം ഒരിക്കൽകൂടി ദേശീയ ഫുട്ബാളിലെ അഭിമാന ട്രോഫി മലയാള മണ്ണിലെത്തും.
കഴിഞ്ഞ തവണ ഹൈദരാബാദിൽ നടന്ന ടൂർണമെന്റിന്റെ കലാശക്കളിയിൽ ബംഗാളിന് മുന്നിൽ കീഴടങ്ങുകയായിരുന്നു കേരളം. ധാകുവാഖാന സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന സെമി ഫൈനലിൽ മുൻ ചാമ്പ്യന്മാരും കരുത്തരുമായ പഞ്ചാബിനെതിരെ നേടിയത് മറുപടിയില്ലാത്ത നാല് ഗോളിന്റെ ജയമാണ്. കേരളത്തിനിത് 17ാം ഫൈനൽ.
മത്സരം ആരംഭിച്ചത് മുതൽ ആക്രമണം പുറത്തെടുത്തു കേരളം. ഇതോടെ ആദ്യ പകുതിയിൽ മൂന്ന് ഗോളുകളും പിറന്നു. 16ാം മിനിറ്റിൽ വി. അർജുൻ എടുത്ത കോർണർ കിക്ക് ഹെഡറിലൂടെ വലയിലാക്കി ടൂർണമെന്റിലെ അഞ്ചാം ഗോൾ മുഹമ്മദ് അജ്സൽ സ്വന്തം പേരിനൊപ്പം കുറിച്ചു. പിന്നെ മുഹമ്മദ് റിയാസിന്റെ ഊഴം. 34ാം മിനിറ്റിൽ അർജുന്റെ മറ്റൊരു കോർണർ കിക്ക് ഗ്രൗണ്ട് ബാളായി ബോക്സിലേക്ക് ബിബിൻ അജയൻ വഴിയെത്തിയത് റിയാസ് വലയിലേക്ക് കടത്തിവിട്ടു. 45ാം മിനിറ്റിൽ അജ്സലിന്റെ പാസിൽനിന്ന് ഇടത് വിങ്ങിലൂടെ കുതിച്ചുകയറി എം. വിഘ്നേഷ്. പിന്നെ പോസ്റ്റിലേക്കൊരു ബുള്ളറ്റ് ഷോട്ട് (3-0). രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ പഞ്ചാബിന്റെ ചില ഒറ്റപ്പെട്ട ശ്രമങ്ങൾ. പ്രതിരോധം മുറുക്കി ചെറുത്തു കേരളം. പകരക്കാരനായി എത്തിയ ഇ. സജീഷിന്റെ പാസിൽ 83ാം മിനിറ്റിൽ റിയാസിന്റെ ഡബിളും കേരളത്തിന്റെ നാലാം ഗോളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

