ഒറ്റ ഗോളിൽ ഒഡിഷയെ വീഴ്ത്തി കേരളം, സന്തോഷ് ട്രോഫിയിൽ ക്വാർട്ടറിനരികെ
text_fieldsഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളം വീണ്ടും വിജയവഴിയിൽ. ഗ്രൂപ്പ് റൗണ്ടിലെ മൂന്നാം മത്സരത്തിൽ ഒഡിഷയെ ഒറ്റ ഗോളിന് വീഴ്ത്തിയ കേരളം ക്വാർട്ടർ സാധ്യത സജീവമാക്കി.
മത്സരത്തിന്‍റെ 22ാം മിനിറ്റിൽ മുന്നേറ്റക്കാരൻ ടി. ഷിജിനാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. ബി ഗ്രൂപ്പിൽ മൂന്ന് കളിയിൽനിന്ന് ഏഴ് പോയന്റുമായി ഒന്നാമതാണ് കേരളം. രണ്ട് ജയവും ഒരു സമനിലയും. ഒഡിഷ താരത്തിന്റെ പിഴവ് മുതലെടുത്താണ് ഷിജിൻ വലകുലുക്കിയത്. മൈതാന മധ്യത്തുനിന്ന് ഒഡിഷ പ്രതിരോധതാരം നൽകിയ പാസ് പിടിച്ചെടുത്ത ഷിജിൻ, പന്തുമായി ഡ്രിബിൾ ചെയ്ത് ഒറ്റക്ക് മുന്നേറി വലകുലുക്കുകയായിരുന്നു.
പന്തടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ മടക്കാനുള്ള ഒഡിഷയുടെ നീക്കങ്ങളൊന്നും ആദ്യ പകുതിയിൽ ഫലം കണ്ടില്ല. 1-0ത്തിനാണ് ഇടവേളക്ക് പിരിഞ്ഞത്. രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി ഒഡിഷ ആക്രമണം കടുപ്പിച്ചെങ്കിലും കേരളം വിട്ടുകൊടുത്തില്ല. പലതവണ കേരളത്തിന്റെ ബോക്സിൽ എതിരാളികൾ വെല്ലുവിളി ഉയർത്തി. ഏറെ ശ്രമിച്ചിട്ടും കേരളത്തിന്‍റെ പ്രതിരോധം മറികടക്കാൻ ഒഡിഷ താരങ്ങൾക്കായില്ല.
29ന് മേഘാലയയുമയാണ് കേരളത്തിന്‍റെ അടുത്ത മത്സരം. ആദ്യ മത്സരത്തിൽ പഞ്ചാബിനെ തോൽപിച്ച് തുടങ്ങിയ കേരളം, രണ്ടാം മത്സരത്തിൽ റെയിൽവേസിനോട് സമനില വഴങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

