സന്തോഷ് ട്രോഫി; കേരളം ഇന്ന് ഗോവക്കെതിരെ
text_fieldsകേരള താരങ്ങൾ പരിശീലനത്തിൽ
മഡ്ഗാവ്: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് യോഗ്യത ഏറക്കുറെ ഉറപ്പിച്ച കേരളം ചൊവ്വാഴ്ച ഗ്രൂപ് എയിലെ അവസാന മത്സരത്തിൽ ആതിഥേയരായ ഗോവയെ നേരിടും. മൂന്നു മത്സരങ്ങളും ജയിച്ച് ഒമ്പതു പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളത്തിന് അന്ന് സമനിലപോലും ധാരാളമാണ്. മൂന്നു കളികളിൽ ഏഴു പോയന്റുമായി രണ്ടാമതുള്ള ഗോവയെ സംബന്ധിച്ച് ജയം അനിവാര്യവും.
ആറ് ഗ്രൂപ് ജേതാക്കളും മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിൽ കടക്കും. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളെന്ന നിലയിൽ കർണാടകയും മേഘാലയയും ഫൈനൽ റൗണ്ട് ആതിഥേയരായ അരുണാചൽപ്രദേശും ഇതിനകം ടിക്കറ്റെടുത്തിട്ടുണ്ട്. ഗുജറാത്തിനെ 3-0ത്തിന് തകർത്താണ് കേരളം ഇക്കുറി തുടങ്ങിയത്. തുടർന്ന് ജമ്മു-കശ്മീരിനെ 6-1നും ഛത്തിസ്ഗഢിനെ 3-0ത്തിനും തോൽപിച്ചു. 2021-22ലെ ചാമ്പ്യന്മാരായ കേരളം കഴിഞ്ഞ തവണ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചെങ്കിലും സെമി ഫൈനലിലെത്തിയിരുന്നില്ല.

