സന്തോഷ് ട്രോഫി; ഫൈനൽ റൗണ്ട് ഉറപ്പാക്കാൻ കേരളം ഇന്ന് ഛത്തിസ്ഗഢിനെതിരെ
text_fieldsമഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബാൾ ഗ്രൂപ് എയിലെ മൂന്നാം മത്സരത്തിൽ കേരളം ഞായറാഴ്ച ഛത്തിസ്ഗഢിനെ നേരിടും. ആദ്യ രണ്ടു കളികളിലും ഏകപക്ഷീയ ജയം നേടിയ കേരളത്തിന് ഇന്ന് ഛത്തിസ്ഗഢിനെയും തോൽപിക്കാനായാൽ ഫൈനൽ റൗണ്ട് ഏറക്കുറെ ഉറപ്പിക്കാം. ഗ്രൂപ്പിലെ രണ്ടു മത്സരങ്ങളും ജയിച്ച് ആറു പോയന്റോടെ ഒന്നാമതാണ് നിജോ ഗിൽബർട്ടും സംഘവും.
രണ്ടു കളികളിൽ നാലു പോയന്റുമായി ഗോവ രണ്ടാമതും മൂന്നു മത്സരങ്ങൾ കളിച്ച ഗുജറാത്ത് (4) മൂന്നാം സ്ഥാനത്തുമാണ്. ആറു ഗ്രൂപ്പിലെയും ജേതാക്കളും ഏറ്റവും മികച്ച മൂന്നു രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിൽ പ്രവേശിക്കുക. ഗുജറാത്തിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോൽപിച്ചാണ് കേരളം തുടങ്ങിയത്. തുടർന്ന് ജമ്മു-കശ്മീരിനെ 6-1നും തകർത്തു.
ഇന്ന് രാവിലെ ഒമ്പതിന് ബെനോലിമിലാണ് കേരളം-ഛത്തിസ്ഗഢ് കളി. വൈകീട്ട് നാലിന് ജമ്മു-കശ്മീർ ആതിഥേയരായ ഗോവയെയും നേരിടും. ചൊവ്വാഴ്ച ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗോവയാണ് കേരളത്തിന്റെ എതിരാളികൾ.

