സലാമി നടത്തം തുടങ്ങി, ദോഹയിൽ സൗദിക്ക് ആരവമാവാൻ
text_fieldsഅബ്ദുല്ല അൽ സലാമി
ദോഹയിലേക്കുട്ലള യാത്രയിൽ
ദോഹ: അയൽ രാജ്യം വേദിയാവുന്ന ലോകകപ്പിൽ തങ്ങളും പന്തു തട്ടുന്നതിന്‍റെ ആവേശത്തിലാണ് സൗദി അറേബ്യ. ഏഷ്യൻ മേഖലാ യോഗ്യതാ റൗണ്ടിൽ നിന്നും മിന്നുന്ന പ്രകടനവുമായി യോഗ്യത നേടിയ സൗദി അർജന്‍റീനയും മെക്സികോയും പോളണ്ടും ഉൾപ്പെടുന്ന ഗ്രൂപ്പിൽ കളിക്കാൻ ഒരുങ്ങുമ്പോൾ ഖത്തറിലെ മേളം ആഘോഷമാക്കാൻ ആരാധകരും രംഗത്തുണ്ട്.
അതിർത്തി കടന്ന് ലക്ഷത്തോളം സൗദി ആരാധകർ ഒഴുകിയെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. റോഡുമാർഗമെത്തുന്ന സൗദി ആരാധകർക്കായി വൻ സന്നാഹങ്ങളാണ് ഖത്തറും ഒരുക്കുന്നത്. ഇതിനിടയിൽ, ലോകകപ്പ് വേദിയിലേക്കുള്ള യാത്രയെ സാഹസികമാക്കുകയാണ് അബ്ദുല്ല അൽ സലാമി എന്ന യുവ ആരാധകൻ.
കിക്കോഫ് വിസിൽ മുഴങ്ങാൻ രണ്ടു മാസം ബാക്കിനിൽക്കെ ജിദ്ദയിൽ നിന്നും ദോഹയിലേക്ക് അൽ സലാമി നടത്തം തുടങ്ങി. സെപ്റ്റംബർ ഒമ്പതിന് തുടങ്ങിയ നടത്തം ലോകകപ്പിന് മുന്നോടിയായി ദോഹയിൽ പൂർത്തിയാക്കാനാണ് സലാമിയുടെ തീരുമാനം.
1600 കിലോമീറ്റർ ദൂരത്തിനിടയിൽ ചരിത്ര പ്രധാന സ്ഥലങ്ങളും, സൗദിയിലെ ഗ്രാമങ്ങളും മറ്റുമെല്ലാം സഞ്ചരിച്ച് പല സംസ്കാരങ്ങളും രീതികളും മനസ്സിലാക്കി ലോകകപ്പ് മണ്ണിൽ ഫിനിഷ് ചെയ്യും.
മക്കയിലെത്തി ഉംറയും നിർവഹിച്ച് ദൈവത്തോട് പ്രാർഥിച്ചായിരുന്നു യാത്രയുടെ തുടക്കമെന്ന് സലാമി പറഞ്ഞു. കൈയിൽ ഒരു ഊന്നു വടിയും, ബക്പാക്കിൽ സൗദിയുടെയും ഖത്തറിന്‍റെയും ദേശീയ പതാകകളും കുത്തിയുള്ള യാത്ര ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു.
യാത്രയുടെ പ്രതീകമായി ചെങ്കടലിൽ നിന്നും ഒരു കുപ്പിയിൽ ശേഖരിച്ച വെള്ളവുമായാണ് സലാമിയുടെ സഞ്ചാരം. ദോഹയിലെത്തി, അറേബ്യൻ ഉൾകടലിൽ ചെങ്കടലിലെ ഒരുകുപ്പി വെള്ളം ഒഴിച്ചായിരിക്കും ഈ ആരാധകന്‍റെ യാത്ര പൂർത്തിയാവുന്നത്.
നവംബർ 22ന് ലുസൈൽ സ്റ്റേഡിയത്തിലാണ് സൗദിയുടെ ആദ്യ മത്സരം. കിരീട ഫേവറിറ്റുകളായി എത്തുന്ന അർജന്‍റീനയാവും അവരുടെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

