സാദിയോ മാനെ ആരാധികയെ കണ്ടോ...? സൗദിയിൽ വെച്ച് കണ്ടുവെന്ന വാർത്തയിലെ സത്യമെന്ത് -Fact Check
text_fields1 സാദിയോ മാനെ ആരാധികയെ കണ്ടുവെന്ന രീതിയിൽ പ്രചരിക്കുന്ന എ.ഐ ചിത്രം, 2 ആഫ്കോൺ മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങിയ ആരാധിക
മൊറോക്കോയിൽ നടന്ന ആഫ്രിക്കൻ നാഷൻസ് കപ്പ് ഫുട്ബാൾ പോരാട്ടത്തിൽ സാദിയോ മാനെയുടെ സെനഗാൾ കിരീടമുയർത്തിയതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് ഒരു ചിത്രമായിരുന്നു. കിരീട വിജയത്തിന്റെ ആഘോഷത്തിനിടെ, ഗ്രൗണ്ടിലിറങ്ങിയ സാദിയോ മാനെയെ കെട്ടിപ്പിടിക്കാനായി ഓടിയെത്തിയ ആരാധികയെ താരം വിലക്കുന്ന ചിത്രം.
അമേരിക്കയിൽ നിന്നും മൊറോക്കോയിലേക്ക് പറന്നെത്തിയ സോഫിയ അമേലിയ എന്ന യുവതിയായിരുന്നു ഇഷ്ട താരത്തെ ഒരു നിമിഷം ആശ്ലേഷിക്കാനായി ഗ്രൗണ്ടിൽ ഓടിയെത്തിയത്. എന്നാൽ, യുവതിയെ ഹഗ് ചെയ്യാതെ തിരിച്ചയക്കുന്ന മാനെയുടെ ചിത്രം, കിരീട വിജയാഘോഷത്തിനിടെ ഫുട്ബാൾ ആരാധകർക്കിടയിൽ വൈറലായി.
താൻ മതവിശ്വാസിയാണെന്നും, എങ്കിലും സ്ത്രീയെ ആശ്ലേഷിക്കുന്നതിൽ തെറ്റില്ലെന്ന് വിശ്വസിക്കുന്നയാളാണ്. അതേസമയം, അവരുടെ അൽപ വസ്ത്രം കാരണമാണ് ആ സമയം വിലക്കിയതെന്നും, അവരുടെ മനോവിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും താരത്തിന്റേതായി പ്രസ്താവനയും പുറത്തു വന്നു.
സാദിയോ മാനെയെ അനുകൂലിച്ചും വിമർശിച്ചും കഴിഞ്ഞ ദിവസങ്ങളിൽ ആരാധകരും രംഗത്തു വന്നിരുന്നു.
എന്നാൽ, ഇതിനിടെയാണ് സാദിയോ മാനെയും ഭാര്യയും യുവതിയെ സൗദി അറേബ്യയിലേക്ക് ക്ഷണിച്ച് കൂടികാഴ്ച നടത്തിയെന്ന രീതിയിൽ ചിത്രം പ്രചരിക്കുന്നത്. മാനെ കളിക്കുന്ന അൽ നസ്ർ ക്ലബിലേക്ക് യുവതിയെ ക്ഷണിച്ചുവരുത്തിയെന്നാണ് ചിത്രത്തിനൊപ്പമുള്ള അവകാശവാദം. മാനെയുടെ ഭാര്യ ആയിഷ തംബയാണത്രേ യുവതിയെ ക്ഷണിച്ചത്. മാനെയുമായി ഇരുവരും ചേർന്നു നിൽക്കുന്ന ചിത്രവും വ്യാപകമായി പ്രചരിച്ചു.
എന്നാൽ, ഇത് വ്യാജമാണെന്ന് വിവിധ ഇന്റർനെറ്റ്, സാമൂഹിക മാധ്യമ ഫാക്ട് ചെക്കുകൾ സ്ഥിരീകരിക്കുന്നു. നിർമിത ബുദ്ധിയിൽ (എ.ഐ) നിർമിച്ചതാണ് ചിത്രം. ചിത്രത്തിൽ അൽ നസ്ർ ജഴ്സിയിലാണ് മാനെയുടെ ഭാര്യയുള്ളത്. ഇവർ ഗർഭിണിയാണെന്നും വ്യക്തമാക്കുന്നു. എന്നാൽ, മാനെയുടെ ഭാര്യ ഗർഭിണിയായിരിക്കെയുള്ള കഴിഞ്ഞ വർഷത്തെ ചിത്രമാണ് ഇവിടെ ഉപയോഗിച്ചത്. ആഫ്കോൺ കിരീട വിജയത്തിനു ശേഷം കുഞ്ഞിനും മാനെക്കുമുമൊപ്പമുള്ള ഇവരുടെ ചിത്രം സമീപകാലത്ത് പുറത്തു വന്നിരുന്നു.
ആരാധകർ സ്വപ്നം കാണുന്ന രംഗം എ.ഐ ഉപയോഗിച്ച് കൃത്രിമമായി നിർമിച്ചാണ് പ്രചരിപ്പിക്കുന്നതെന്ന് വിവിധ ഫാക്ട് ചെക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. കൂടികാഴ്ച നടന്നുവെന്ന വാർത്തയിൽ മാനെയോ, അൽ നസ്റോ ഒന്നും പറഞ്ഞിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

