Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസാദിയോ മാനേ...

സാദിയോ മാനേ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു, സെനഗാളിന്‍റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ

text_fields
bookmark_border
Sadio Mane
cancel
camera_alt

സാദിയോ മാനേ

സെനഗാൾ ഫുട്ബാൾ ഇതിഹാസം സാദിയോ മാനേ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഫിഫ ഫുട്ബാൾ ലോകകപ്പിൽനിന്ന് സെനഗാൾ പുറത്തായതിനു പിന്നാലെയാണ് 34കാരന്‍റെ വിരമിക്കൽ.

ഇതോടെ 14 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് വിരാമമായത്. സെനഗാൾ ഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം, ഗോൾ സ്കോറർ എന്നീ തിളക്കത്തോടെയാണ് ദേശീയ കുപ്പായം അഴിച്ചുവെക്കുന്നത്. ക്ലബ് ഫുട്ബാളിൽ സൗദി പ്രോ ലീഗ് ക്ലബ് അൽ-നസറിന് വേണ്ടി ഇനിയും പന്തു തട്ടും. ഫുട്ബാളിൽ കോച്ചിങ് അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് റോളുകളിൽ സെനഗാൾ ഫുട്ബാളിന് വേണ്ടി പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് താരം അറിയിച്ചു.

കായികരംഗത്തുനിന്ന് വിരമിക്കുന്നത് കുറച്ചുകാലമായി ചിന്തയിലുണ്ടെന്നും പുതിയ തലമുറക്ക് അവസരം നൽകേണ്ട സമയമാണിതെന്നും രാജി പ്രഖ്യാപിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2021ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് (AFCON) കപ്പ് സെനഗാളിന് നേടികൊടുക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചു. ഈജിപ്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് സെനഗാൾ ആദ്യമായി ആഫ്രിക്കൻ ചാമ്പ്യന്മാരാകുന്നത്. ആ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും സാനേ സ്വന്തമാക്കി.

2012ലാണ് അന്താരാഷ്ട്ര ഫുട്ബാളിൽ അരങ്ങേറ്റം കുറിക്കുന്നത്. രാജ്യത്തിനായി 130 മത്സരങ്ങളിൽനിന്ന് 54 ഗോളുകൾ നേടിയ സാനേ രാജ്യത്തിന്റെ ടോപ് സ്കോററുമാണ്. 29 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. 2025ൽ മൊറോക്കോയെ ഫൈനലിൽ 1-0ന് തോൽപ്പിച്ച് സെനഗാൾ വീണ്ടും ആഫ്രിക്കൻ ചാമ്പ്യന്മാരായെങ്കിലും, രണ്ട് മാസത്തിന് ശേഷം കിരീടം നഷ്ടമായി. വിവാദങ്ങൾക്കൊടുവിൽ മൊറോക്കോയെ കൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബാൾ (CAF) ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു.

ഈ ലോകകപ്പിൽ കരുത്തരായ ഫ്രാൻസ്, നോർവേ, ഇറാഖ് എന്നിവരടങ്ങിയ മരണഗ്രൂപ്പുകളിലൊന്നിലായിരുന്നു സെനഗാൾ. ഫ്രാൻസിനോടും നോർവേയോടും തോറ്റെങ്കിലും ഇറാഖിനെ തോൽപ്പിച്ച് മികച്ച മൂന്നാം സ്ഥാനക്കാരായി അവർ നോക്കൗട്ടിലെത്തി. പ്രീക്വാർട്ടറിൽ ബെൽജിയത്തിനോട് അവസാന അഞ്ച് മിനിറ്റ് വരെ 2-0ന് മുന്നിട്ടുനിന്ന ശേഷം 3-2ന് തോറ്റാണ് ലോകകപ്പിൽനിന്ന് പുറത്തായത്. സെനഗാൾ ഫുട്ബാൾ ഫെഡറേഷനിലെ ആഭ്യന്തര പ്രശ്നങ്ങൾക്കിടെയാണ് മാനേയുടെ വിരമിക്കൽ.

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലെയും ലോകകപ്പ് യോഗ്യതയിലെയും സമ്മാനത്തുക ലഭിച്ചിട്ടും താരങ്ങൾക്ക് ബോണസ് നൽകാത്തത് വലിയ വിവാദമായിരുന്നു. ലോകകപ്പിനായി യു.എസിലെത്തിയ ടീമിന് അനുവദിച്ച ക്യാമ്പിലും ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തത് പ്രതിഷേധത്തിനിടയാക്കി. ലോകഫുട്ബാളിലെ തന്നെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളായ സാദിയോ മാനേ, ദേശീയ ടീം കരിയറിൽ ഒട്ടേറെ അഭിമാനകരമായ നേട്ടങ്ങൾ സ്വന്തമാക്കിയാണ് പടിയിറങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sadio ManeSenegal Football team
News Summary - Sadio Mane announces international retirement
Next Story