ഓസീസ് താരം റയാൻ വില്യംസ് ഇനി ഇന്ത്യക്കായി പന്തു തട്ടും! നേപ്പാളിന്‍റെ അബ്നീത് ഭാർതിയും ക്യാമ്പിൽ
text_fieldsറയാൻ വില്യംസും അബ്നീത് ഭാർതിയും
ന്യൂഡൽഹി: വിദേശത്ത് ജനിച്ച ഇന്ത്യൻ വംശജരായ താരങ്ങളെ ദേശീയ ടീമിലുൾപ്പെടുത്തുകയെന്ന ചരിത്രപരമായ തീരുമാനം നടപ്പാക്കാനൊരുങ്ങി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. ആസ്ട്രേലിയൻ വിങ്ങർ റയാൻ വില്യംസും നേപ്പാൾ പ്രതിരോധ താരം അബ്നീത് ഭാർതിയും ഇന്ത്യക്കായി പന്തുതട്ടും. ഐ.എസ്.എൽ ക്ലബ് ബംഗളൂരു എഫ്.സിയുടെ വിങ്ങറായ വില്യംസിനെയും അബ്നീതിനെയും ദേശീയ ഫുട്ബാൾ ക്യാമ്പിൽ ഉൾപ്പെടുത്തി.
ഇന്ത്യൻ വംശജനായ വില്യംസ് 2023ലാണ് ബംഗളൂരു എഫ്.സിയിലെത്തുന്നത്. താരത്തിന്‍റെ മാതാവ് ആൻഡ്രി വില്യംസ് മുംബൈയിലെ ഒരു ആംഗ്ലോ-ഇന്ത്യൻ കുടുബത്തിലാണ് ജനിച്ചത്. ആസ്ട്രേലിയയിലെ പെർത്തിൽ ജനിച്ച വില്യംസ് ഓസീസ് അണ്ടർ 20, അണ്ടർ 23 ടീമുകള്‍ക്കുവേണ്ടിയും സീനിയർ ടീമിനായി ഒരു മത്സരവും കളിച്ചിട്ടുണ്ട്. 2019ൽ ദക്ഷിണ കൊറിയക്കെതിരായ സൗഹൃദ മത്സരത്തിൽ പകരക്കാരനായാണ് താരം ഓസീസ് സീനിയർ ടീമിനായി കളത്തിലിറങ്ങിയത്. ഐ.എസ്.എല്ലിൽ ബംഗളൂരുവിനായി മികച്ച ഫോമിൽ കളിക്കുന്ന താരം അടുത്തിടെ ഇന്ത്യൻ പൗരത്വം നേടി അന്താരാഷ്ട്ര വേദിയിൽ ഇന്ത്യക്കായി കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
താരത്തിന് ഇന്ത്യൻ പാസ്പോർട്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഓസീസ് ഫുട്ബാൾ അസോസിയേഷന്‍റെ എൻ.ഒ.സി ലഭിച്ചാൽ മാത്രമേ നടപടികൾ പൂർത്തിയാക്കാനാകു. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI), പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (PIO) കാർഡ് ഉടമകൾക്ക് ഇന്ത്യക്കുവേണ്ടി കളിക്കാൻ അനുമതി നൽകുന്നത് കേന്ദ്ര സർക്കാറിന്‍റെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട ബിൽ ഇതുവരെ പാർലമെന്‍റ് പാസാക്കിയിട്ടില്ല. ബംഗളൂരു എഫ്.സിയിൽ സഹതരമായിരുന്നു മുൻ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയോടാണ് താരം ഇന്ത്യക്കായി കളിക്കാനുള്ള ആഗ്രഹം ആദ്യമായി തുറന്നുപറഞ്ഞത്. ഛേത്രി ഇക്കാര്യം അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) പ്രസിഡന്‍റ് കല്യാൺ ചൗബയെ അറിയിക്കുകയായിരുന്നു.
അബ്നീർ ഭാർതി ചെക്ക് ക്ലബായ എഫ്.കെ വാൺസ്ഡോർഫിൽനിന്ന് ലോണിൽ ബൊളീവിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബായ അക്കാദമിയ ഡെൽ ബാലെംപെയ്ക്കായാണ് കളിക്കുന്നത്. താരം അണ്ടർ 16 തലത്തിൽ ഇന്ത്യക്കായി പന്തു തട്ടിയിട്ടുണ്ട്. താരത്തിന് ഇന്ത്യൻ പൗരത്വമുണ്ട്. ഇരു താരങ്ങളും ഉടൻ തന്നെ ഇന്ത്യൻ ക്യാമ്പിൽ ചേരും. താരങ്ങളുടെ പ്രകടനം തൃപ്തികരമാണെങ്കിൽ നവംബർ 18ന് ധാക്കയിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന ഐ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യക്കായി കളിക്കുമെന്ന് കല്യാൺ ചൗബെയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എൻ.ഒ.സി ലഭിക്കുന്ന മുറക്ക് വില്യംസ് പരിശീലകൻ ഖാലിദ് ജമീലിനു കീഴിൽ ഇന്ത്യൻ ക്യാമ്പിൽ ചേരും. ഒക്ടോബർ 14ന് നടന്ന മത്സരത്തിൽ സിംഗപ്പൂരിനോട് തോറ്റതോടെ ഇന്ത്യയുടെ ഏഷ്യ കപ്പ് യോഗ്യത പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. 2027ൽ സൗദി അറേബ്യയിലാണ് ടൂർണമെന്‍റ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

