തുടർച്ചയായി അഞ്ചു തോൽവി, പരിശീലകനെ പുറത്താക്കി ചെൽസി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തുടർതോൽവികൾക്കു പിന്നാലെ പരിശീലകൻ ലിയാം റോസെനിയറിനെ പുറത്താക്കി ചെൽസി. ലീഗിൽ തുടർച്ചയായി അഞ്ചു മത്സങ്ങൾ തോറ്റതിനു പിന്നാലെയാണ് ക്ലബിന്‍റെ നടപടി.
അഞ്ചര വർഷത്തെ കരാറിൽ ജനുവരിയിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിയ റോസെനിയർ ക്ലബിനൊപ്പം നാലുമാസം പോലും തികച്ചില്ല. 23 മത്സരങ്ങളിൽനിന്ന് 11 ജയം മാത്രം. 114 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഗോളൊന്നും നേടാനാവാതെ ചെൽസി തുടർച്ചയായ അഞ്ച് മത്സരങ്ങൾ തോൽക്കുന്നത്. ബ്രൈറ്റനെതിരായ എതിരില്ലാത്ത ദയനീയ തോൽവിക്ക് പിന്നാലെ സ്വന്തം താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി റോസെനിയർ രംഗത്തുവന്നിരുന്നു. ടീമിന്റെ പ്രകടനം അംഗീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം തുറന്നടിച്ചു.
"എനിക്ക് ഇനി ഇവരെ ന്യായീകരിക്കാനാവില്ല. പ്രഫഷനലിസത്തിന്റെ കണിക പോലും മൈതാനത്ത് കണ്ടില്ല. ചില കാര്യങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതാണ്"- റോസെനിയർ പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് താൻ പിന്മാറുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹ പരിശീലകൻ കാലം മക്ഫാർലെയ്ൻ (Calum McFarlane) സീസൺ അവസാനം വരെ ഇടക്കാല മാനേജരായി ചുമതലയേൽക്കും. മുൻ കോച്ച് എൻസോ മാരെസ്കയെ മാറ്റിയപ്പോൾ റോസെനിയറുടെ സഹായിയായിരുന്ന മക്ഫാർലെയ്ൻ ജനുവരിയിൽ ടീമിന്റെ ചുമതല വഹിച്ചിരുന്നു.
ബ്രൈറ്റനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റതോടെ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ വീണ്ടും മങ്ങി. നാല് റൗണ്ടുകൾ മാത്രം ബാക്കിനിൽക്കെ 48 പോയന്റുമായി ഏഴാമതാണ് നീലപ്പട. ആദ്യ അഞ്ച് സ്ഥാനക്കാർക്കാണ് ചാമ്പ്യൻസ് ലീഗ് ടിക്കറ്റ് എന്നതിനാൽ ചെൽസിക്ക് അതിവിദൂര സാധ്യതയേയുള്ളൂ. അഞ്ചാമത് നിൽക്കുന്ന ലിവർപൂളിന് (55) ഏഴ് പോയന്റ് ലീഡും അഞ്ച് റൗണ്ട് മത്സരങ്ങളുമുണ്ട്. ജയത്തോടെ ചെൽസിയെ മറികടന്ന് ബ്രൈറ്റൻ (50) ആറാം സ്ഥാനത്തേക്കും കയറി.
സ്വന്തം മൈതാനത്ത് ബ്രൈറ്റനുവേണ്ടി മൂന്നാം മിനിറ്റിൽത്തന്നെ ഫെർഡി കാഡിയോഗ്ലു സ്കോർ ചെയ്തു. മത്സരത്തിലേക്ക് തിരിച്ചുവരാൻ ചെൽസി ആവുംവിധം ശ്രമിച്ചെങ്കിലും ആതിഥേയരുടെ ഒറ്റ ഗോൾ ലീഡിൽ ഒന്നാം പകുതി തീർന്നു. രണ്ടാം പകുതിയിലും ക്ലബ് ലോക ചാമ്പ്യന്മാർ പൊരുതി നോക്കി. എന്നാൽ, 56ാം മിനിറ്റിൽ ജാക്ക് ഹിൻഷെൽവുഡിലൂടെ ബ്രൈറ്റൻ ലീഡ് കൂട്ടി. ഇൻജുറി ടൈമിൽ ഡാനി വെൽബെക്കും (90+1) വല ചലിപ്പിച്ചതോടെ ചെൽസിയുടെ പതനം പൂർണം. അതേസമയം, 33 മത്സരങ്ങളിൽ 17 പോയന്റുമായി അവസാന സ്ഥാനത്തുള്ള വോൾവ്സ് എട്ട് വർഷത്തിനുശേഷം രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

