ക്രിസ്റ്റ്യാനോ സൗദിയിൽ തുടരും; അൽ നസർ ക്ലബുമായി 2027 വരെ കരാർ പുതുക്കി
text_fieldsറിയാദ്: പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബായ അല്‍ നസറിൽ തുടരും. ക്ലബുമായി രണ്ടു വർഷത്തെ പുതിയ കരാറിൽ താരം ഒപ്പിട്ടു.
താരം ഇത്തവണ ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2022ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് നസറിലെത്തിയ താരത്തിന്റെ കരാര്‍ കാലാവധി ഈ ജൂണ്‍ 30ന് അവസാനിക്കാനിരിക്കെയാണ് 2027 വരെ കരാർ നീട്ടിയത്. സൗദി പ്രോ ലീഗ് സീസണ്‍ അവസാന ഘട്ടത്തിലെത്തിയതിനു പിന്നാലെ താരം ഇൻസ്റ്റഗ്രാമിൽ 'അധ്യായം അവസാനിച്ചു' എന്ന് കുറിപ്പിട്ടതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്.
‘ഈ അധ്യായം അവസാനിച്ചു. കഥയോ? അതിപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി’- എന്നായിരുന്നു താരത്തിന്‍റെ പോസ്റ്റ്. ഇതോടൊപ്പം അല്‍ നസറിന്റെ ജഴ്‌സിയണിഞ്ഞ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. സൗദി പ്രോ ലീഗില്‍ സീസണിൽ അല്‍ ഇത്തിഹാദിനും അല്‍ ഹിലാലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ക്ലബ് ഫിനിഷ് ചെയ്തത്. ക്രിസ്റ്റ്യാനോ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിന് സീസണില്‍ ഒരു കിരീടം പോലും നേടാനായില്ല.
സീസണിൽ തുടർച്ചയായി രണ്ടാം തവണയും ടോപ് സ്കോററായി. മൂന്നു സീസണുകളിലായി അൽ നസറിനൊപ്പം വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിൽ 111 മത്സരങ്ങളില്‍നിന്നായി 99 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. താരത്തിന്‍റെ കരിയറിലെ ആകെ ഗോളുകൾ 936 ആയി. അടുത്തിടെ യുവേഫ നേഷൻസ് ലീഗിൽ പോർചുഗലിന് കിരീടം നേടികൊടുത്തിരുന്നു.
‘പുതിയൊരു അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, അതേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം’ -കരാർ പുതുക്കിയതിനു പിന്നാലെ ക്രിസ്റ്റ്യാനോ സമൂഹമാധ്യമത്തിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

