‘ചിലർക്ക് അവരെ കുറിച്ച് വലിയ ആത്മവിശ്വാസമാണ്; ക്രിസ്റ്റ്യാനോ ഏറ്റവും മികച്ച താരമെന്ന് അഭിപ്രായമില്ല’ -ബ്രസീൽ ഇതിഹാസം റൊണാൾഡോ
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോയും, റൊണാൾഡോയും
റിയോ ഡി ജനീറോ: സമകാലിക ഫുട്ബാളിലെ ഏറ്റവും വലിയ സംവാദമാണ് മികച്ച ഫുട്ബാളർ ആരെന്ന്. പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ, അതോ അർജന്റീനയുടെ ലോകതാരം ലയണൽ മെസ്സിയോ..?
എല്ലായിടത്തും രണ്ടഭിപ്രായമുള്ള ചോദ്യത്തിന് കഴിഞ്ഞയാഴ്ച ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ മറുപടിയിൽ പിടിച്ചാണ് കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചകൾ. പ്രമുഖ മാധ്യമ പ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിനിടയിലായിരുന്നു ലയണൽ മെസ്സിയേക്കാൾ കേമൻ താൻ തന്നെയെന്ന് ക്രിസ്റ്റ്യാനോ വ്യക്തമാക്കിയത്. എക്കാലത്തെയും മികച്ച ഫുട്ബാളറായും ക്രിസ്റ്റ്യാനോ തന്നെ വിശേഷിപ്പിച്ചു.
ഫുട്ബാൾ ലോകത്ത് വീണ്ടും ചർച്ചയായ ഈ പരാമർശങ്ങളുടെ തുടർച്ചയായാണ് ബ്രസീൽ ഇതിഹാസം റൊണാൾഡോ നസാരിയോ പ്രതികരിച്ചത്. എക്കാലത്തെയും മികച്ച താരമായി ക്രിസ്റ്റ്യാനോയെ ഞാൻ വിശേഷിപ്പിക്കില്ല. എന്നാൽ, ലോകത്തെ മികച്ച 10 താരങ്ങളിൽ ഒരാളായി ക്രിസ്റ്റ്യാനോയുണ്ടാവും -ഒരു അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു.
‘ക്രിസ്റ്റ്യാനോ മികച്ച താരങ്ങളിൽ ഒരാളാണ്. ഏത് പൊസിഷനിൽ കളിക്കുമ്പോഴും അദ്ദേഹം ഗോൾ നേടും. അത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ, അദ്ദേഹം ഏറ്റവും മികച്ചതാരമാണോ? ഞാൻ അതിനോട് യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തെ ബഹുമാനിക്കുന്നു. പക്ഷേ ആദ്യ പത്ത് താരങ്ങളിൽ ഒരാളായി അദ്ദേഹത്തെ ഞാൻ ഉൾപ്പെടുത്തും’ -ഇ.എസ്.പി.എന്നിനു നൽകിയ അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു.
എന്നാൽ, ലോകത്തെ മികച്ച താരങ്ങളിൽ ഒരാളായി ആരാധകർ എണ്ണുന്ന ബ്രസീൽ ഇതിഹാസം റൊണാൾഡോ, പക്ഷേ തന്റെ സ്ഥാനത്തെ കുറിച്ച് സംസാരിക്കാതെ ഒഴിഞ്ഞു മാറി. ‘സത്യം പറഞ്ഞാൽ, ആ ചർച്ചകളിൽ പങ്കെടുക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല’ എന്നായിരുന്നു െറാണാൾഡോയുടെ പ്രതികരണം.
‘ചില ആളുകൾക്ക് അവരെ കുറിച്ചു തന്നെ വലിയ അഭിപ്രായങ്ങളാണ്. എന്നാൽ, എന്നെക്കുറിച്ച് ഞാൻ സംസാരിക്കുന്നതിനേക്കാൾ, എന്റെ പ്രകടനത്തെയും, ഞാൻ എന്താണെന്നും മറ്റുള്ളവർ സംസാരിക്കുന്നതാണ് എന്റെ ഇഷ്ടം’ -റൊണാൾഡോ പറഞ്ഞു.
പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ അർജന്റീനയുടെ ലോകകപ്പ് നേട്ടത്തെ കുറിച്ചും മറ്റും ക്രിസ്റ്റ്യാനോ സംസാരിച്ചിരുന്നു. മെസ്സിക്കു മുമ്പുതന്നെ അർജന്‍റീന ലോകകപ്പ് നേടിയിട്ടുണ്ടെന്നും പോർചുഗൽ ലോകകപ്പ് നേടിയാൽ ലോകത്തെ ഞെട്ടിക്കുമെന്നും 40കാരനായ ക്രിസ്റ്റ്യാനോ പറഞ്ഞു.
‘മെസ്സിക്കു മുമ്പ് അർജന്‍റീന എത്രതവണ ലോകകപ്പ് നേടിയിട്ടുണ്ട്? രണ്ടു തവണ. അതുകൊണ്ടു തന്നെ അതൊരു സാധാരണ സംഭവം മാത്രമാണ്. ഈ രാജ്യങ്ങളൊക്കെ വലിയ ടൂർണമെന്‍റുകളിൽ കിരീടം നേടുന്നത് പതിവാണ്. ബ്രസീൽ ലോകകപ്പ് നേടുന്നത് ലോകത്തിനൊരു അത്ഭുതമല്ല. മറിച്ച് പോർചുഗൽ ലോകകപ്പ് നേടുകയാണെങ്കിൽ അത് ലോകത്തെ ഞെട്ടിക്കും. പക്ഷേ, ഞാൻ അങ്ങനെയൊന്നും ചിന്തിക്കുന്നില്ല. തീർച്ചയായും നമ്മൊളൊക്കെ ജയിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അതേ, മത്സരിക്കുമ്പോൾ ജയം മാത്രമാണ് ലക്ഷ്യം.’ -ക്രിസ്റ്റ്യാനോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

