‘സൗദി മനോഹരം; ജീവിക്കാൻ നല്ല നാട്, സ്നേഹമുള്ള മണ്ണ്’ -ദേശീയ ദിനത്തിൽ സൗദിയെ പ്രശംസിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോ പരമ്പരാഗത വേഷത്തിൽ
റിയാദ്: നീളൻ കുപ്പായവും കൈയിൽ വാളുമായി പരമ്പരാഗത അറബ് വേഷമണിഞ്ഞ് ലോകഫുട്ബാളിലെ ഇതിഹാസ താരത്തിന്റെ വക സൗദി ദേശീയ ദിന ആശംസാ സന്ദേശം.
സെപ്റ്റംബർ 23ന് സൗദി അറേബ്യ ദേശീയ ദിനം ആഘോഷിക്കുന്ന വേളയിലാണ് സൗദി പ്രോ ലീഗ് ക്ലബ് അൽ നസ്റിന്റെ നായകൻ കൂടിയായ പോർചുഗൽ ഇതിഹാസം പരമ്പരാഗത വേഷമണിഞ്ഞ് ആശംസാ സന്ദേശവുമായി എത്തിയത്. 95ാം ദേശീയ ദിനം ആഘോഷിക്കുന്ന സൗദിക്ക് ആശംസ നേർന്ന ക്രിസ്റ്റ്യോനാ, സൗദിയിലെ മുഴുവൻ ജനങ്ങൾക്കും അഭിമാനത്തിന്റെയും ഐക്യത്തിന്റെയും ആഘോഷത്തിന്റെയും ദിനം ആശംസിക്കുന്നതായും സാമൂഹിക മാധ്യമ പേജിലൂടെ അറിയിച്ചു.
ഇതോടനുബന്ധിച്ച് സൗദിയോടുള്ള തന്റെ സ്നേഹവും അനുഭവവും പങ്കുവെച്ചുള്ള ഹ്രസ്വ വീഡിയോയും താരം പങ്കുവെച്ചു.
രാജ്യത്തെ സംസ്കാരവും, സുരക്ഷയും, ജീവിത നിലവാരവുമെല്ലാം മികച്ചതാണെന്ന് വാഴ്ത്തിയ താരം, ജീവിക്കാനും വിനോദ സഞ്ചാരത്തിനും മികച്ച ഇടമാണ് സൗദിയെന്നും പ്രതികരിച്ചു.
‘ജീവിക്കാൻ ഏറ്റവും മികച്ച നാടാണ് സൗദി. ഏറ്റവും സുരക്ഷിതമായ ഒരു രാജ്യമെന്നതും പ്രത്യേകതയുള്ള കാര്യം. സ്നേഹമുള്ള നാടാണിത്. എനിക്കും എന്റെ കുടുംബത്തിനും ഇവിടെ കഴിയാൻ ഇഷ്ടമാണ്. സൗദി മികച്ച രാജ്യമാണ്’ -ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
താൻ ഭാഗമായ സൗദി പ്രോ ലീഗിനെയും താരം പ്രശംസിച്ചു. മികച്ച ലീഗാണ് ഇതെന്നും, ഫുട്ബാൾ കളിക്കാനാണ് ഇവിടെയെത്തിയതെന്നും ഇത് തങ്ങളുടെ ജോലിയാണെന്നും താരം പറഞ്ഞു.
രാജ്യത്തെ സ്കൂളുകൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം, മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ, സുരക്ഷിതത്വബോധവും ആതിഥ്യമര്യാദ എന്നിവ സംബന്ധിച്ചും ക്രിസ്റ്റ്യാനോ വാചാലനായി.
‘സൗദിയുടെ ടൂറിസം മികച്ചതാണ്. എന്നാൽ, കൂടുതൽ പേർക്കും ഇവിടത്തെ വിനോദസഞ്ചാര മനോഹാരിത അറിയില്ല. സൗദി അറേബ്യയെ അറിയാത്ത ഏതൊരാളും ഇവിടം സന്ദർശിക്കണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു’ -ക്രിസ്റ്റ്യാനോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

