ഇറ്റാലിയൻ ലീഗിൽ കളിക്കാൻ സാക്ഷാൽ മുസ്സോളിനിയുടെ കൊച്ചുമകൻ; 22കാരൻ പന്തുതട്ടുക ക്രിമോണീസിന് വേണ്ടി
text_fieldsറോം: ലോകംകണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതികളിലൊരാളായ ഇറ്റലിയിലെ ബെനിറ്റോ മുസ്സോളിനിയുടെ കൊച്ചുമകൻ ഇറ്റാലിയൻ ഫുട്ബാൾ ലീഗായ സീരി എയിൽ കളിക്കാനൊരുങ്ങുന്നു. മുസ്സോളിനിയുടെ മകന്‍റെ മകളുടെ മകനായ റൊമാനോ ബെനിറ്റോ ഫ്ലോറിയാനി മുസ്സോളിനിയാണ് സീരി എ ടീമായ ക്രിമോണീസിന് വേണ്ടി കളിക്കുക. ലാസിയോയിൽ നിന്നാണ് 22കാരനായ താരം ക്രിമോണീസിലെത്തിയത്. നേരത്തെ സീരി ബിയിൽ യുവെ സ്റ്റാബിയക്ക് വേണ്ടി റൊമാനോ മുസ്സോളിനി കളിച്ചിരുന്നു. സീരി ബി ടീമായ ക്രിമോണീസ് ഈ സീസണിൽ പ്ലേഓഫ് കളിച്ചാണ് സീരി എയിൽ കളിക്കാൻ യോഗ്യത നേടിയത്.
2003ൽ റോമിലാണ് റൊമാനോയുടെ ജനനം. റോമയുടെ യൂത്ത് ക്ലബ്ബിലൂടെ വളർന്ന താരം പിന്നീട് ലാസിയോ എഫ്.സിയിലേക്ക് മാറി. ലാസിയോയെ പ്രൈമാവെറ 2 സൂപ്പർ കപ്പ് ജേതാവാക്കുന്നതിൽ പങ്കുവഹിച്ച താരം 2023-24ൽ പെസ്കാറ എഫ്.സിയിൽ കളിച്ചുകൊണ്ടാണ് സീരി സിയിൽ അരങ്ങേറിയത്. 32 മത്സരങ്ങൾ പെസ്കാറക്ക് വേണ്ടി കളിച്ചു.
അവസാന സീസണിൽ യുവെ സ്റ്റാബിയയിലേക്ക് മാറിയ റൊമാനോ മുസ്സോളിനി സീരി ബിയിൽ 37 മത്സരങ്ങൾ കളിച്ച് മികച്ച പ്രകടനമാണ് നടത്തിയത്. ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നടത്തി.
ഫാഷിസ്റ്റും സ്വേച്ഛാധിപതിയുമായ ബെനിറ്റോ മുസ്സോളിനിയുടെ മകൻ റൊമാനോ മുസ്സോളിനിയുടെ മകളായ അലസ്സാൻഡ്ര മുസ്സോളിനിയാണ് റൊമാനോയുടെ മാതാവ്. ക്രൂരതക്കും വംശീയതക്കും പേരുകേട്ട ഫാഷിസ്റ്റ് ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസ്സോളിനിയെ 1945 ഏപ്രിൽ 28ന് പിടികൂടി കൊലപ്പെടുത്തുകയായിരുന്നു.
തനിക്ക് രാഷ്ട്രീയത്തിൽ യാതൊരു താൽപര്യവുമില്ലെന്നാണ് ഈയിടെ റൊമാനോ മുസ്സോളിനി ഒരു അഭിമുഖത്തിൽ പറഞ്ഞത്. മൗറോ ഫ്ലോറിയാനിയാണ് റൊമാനോയുടെ പിതാവ്. മാതാവ് അലെസ്സാന്‍ഡ്ര മുസ്സോളിനി രാഷ്ട്രീയക്കാരി കൂടിയാണ്. തന്നെ റൊമാനോ ഫ്ലോറിയാനി എന്ന് വിളിക്കുന്നതിനേക്കാൾ റൊമാനോ മുസ്സോളിനി എന്ന് വിളിക്കുന്നതാണ് താൽപര്യമെന്ന് താരം അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

