റോബർട്ടോ മൻചീനി സൗദി ഫുട്ബാൾ ടീം പരിശീലകൻ?
text_fieldsഫുട്ബാൾ പ്രേമികളെ ഞെട്ടിച്ച് ഇറ്റലിയുടെ ദേശീയ ഫുട്ബാൾ പരിശീലക സ്ഥാനം രാജിവെച്ച റോബർട്ടോ മൻചീനി സൗദി ടീമിന്‍റെ പരിശീലകനായേക്കും. സൗദിയുടെ വമ്പൻ ഓഫറിനു മുന്നിൽ വിഖ്യാത പരിശീലകൻ സമ്മതം മൂളിയതായാണ് സൂചന.
മൻചീനിയുടെ മാനേജ്മെന്‍റ് കമ്പനിയും സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷനും കരാറിലെത്തിയതായി ഇറ്റലിയിലെ പ്രശസ്ത സ്പോർട്സ് പ്രസിദ്ധീകരണമായ ‘ലാ ഗസറ്റാ ഡെല്ല സ്പോർട്ട്’ റിപ്പോർട്ട് ചെയ്തു. അറബിക് സ്പോർട്സ് പ്രസിദ്ധീകരണമായ ‘അർറിയാദിയ’യും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2020 യൂറോകപ്പ് ഇറ്റലിക്ക് നേടിക്കൊടുത്ത പരിശീലകനാണ് മന്‍ചീനി. 2023 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കിടെയാണ് പരിശീലകന്‍റെ അപ്രതീക്ഷിത പിന്‍വാങ്ങല്‍. 2018ലാണ് മന്‍ചീനി ഇറ്റാലിയന്‍ ടീമിന്‍റെ പരിശീലകനാകുന്നത്. പിന്നാലെ വന്ന യൂറോ കപ്പില്‍ കലാശപ്പോരില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലി കിരീടം നേടുകയും ചെയ്തു.
വാർത്തകൾ ശരിയാണെങ്കിൽ മൻചീനി സൗദിയുടെ 49ാമത് പരിശീലകനാകും. സൗദിയുടെ 19ാമത് യൂറോപ്യൻ പരിശീലകനും ആദ്യ ഇറ്റാലിയൻ പരിശീലകനുമാകും. 2034 ഫിഫ ലോകകപ്പ് ആതിഥേയത്വത്തിന് ശ്രമിക്കുന്ന സൗദിയുടെ ഫുട്ബാൾ പരിശീലകൻ ഹെർവ് റെനാർഡ് മാർച്ചിൽ രാജിവെച്ചിരുന്നു. സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ പകരക്കാരനെ നിയമിച്ചിരുന്നില്ല. ഫ്രാൻസിന്‍റെ വനിതാ ടീം കോച്ചാണ് ഇപ്പോൾ റെനാർഡ്.
അതേസമയം, പുതിയ പരിശീലകനെ ഉടന്‍ തന്നെ ഇറ്റാലിയന്‍ ടീം പ്രഖ്യാപിക്കും. മുൻ ടോട്ടൻഹാം കോച്ച് അന്‍റോണിയോ കൊന്‍റെയോ എസ്.എസ്.സി നേപ്പിൾസിന്‍റെ മുൻ പരിശീലകൻ ലൂസിയാനോ സ്പെലേറ്റിയോ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്.
യൂറോ കിരീട നേട്ടത്തിനു പിന്നാലെ ഇറ്റലിയുടെ പ്രകടനം പിന്നാക്കം പോയിരുന്നു. 2022 ലോകകപ്പിന് യോഗ്യത പോലും നേടാന്‍ ടീമിന് സാധിച്ചില്ല. യാതൊരു സൂചനയുമില്ലാതെയാണ് മന്‍ചീനി രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

