ജയം തുടർന്ന് ബാഴ്സ; റയലിനെ മറികടന്ന് സ്പെയിനിൽ ഒന്നാമത്
text_fieldsബാഴ്സലോണയുടെ ഗോൾ നേട്ടം ആഘോഷിക്കുന്ന ലമിൻ യമാലും റോബർട് ലെവൻഡോവ്സ്കിയും
ബാഴ്സലോണ: വല കുലുക്കിയത് രണ്ട് ഷോട്ടുകൾ മാത്രമാണെങ്കിലും, ഗോളിന്റെ പ്രഹരശേഷിയുള്ള അരഡസൻ മുന്നേറ്റങ്ങളുമായി ബാഴ്സലോണ കളം വാണ ദിനം.
പോയ്ന്റ പട്ടികയിലെ ലീഡർമാരായ റയൽ മഡ്രിഡിനെ അത്‍ലറ്റോകോ മഡ്രിഡ് തരിപ്പണമാക്കിയ വാർത്തക്കു പിന്നാലെ കളത്തിലിറങ്ങിയ ബാഴ്സലോണ റയൽ സൊസിഡാഡിനെതിരെ 2-1ന്റെ ജയവുമായി കുതിച്ചപ്പോൾ പോയന്റ് പട്ടികയിലും മുന്നിലെത്തി.
സീസൺ തുടക്കം മുതൽ തുടർച്ചയായി അഞ്ച് മത്സരവും വിജയിച്ച റയൽ മഡ്രിഡിനെ പിന്തള്ളിയാണ് ബാഴ്സയുടെ മുന്നേറ്റം. ഏഴ് കളി പൂർത്തിയായപ്പോൾ ബാഴ്സലോണക്ക് 19ഉം, റയൽ മഡ്രിഡിന് 18ഉം പോയന്റുകളാണുള്ളത്.
റയൽസൊസിഡാഡിനെതിരെ സ്വന്തം ഗ്രൗണ്ടിലിറങ്ങിയ ബാഴ്സലോണ ഒത്തിണക്കത്തോടെ പന്തു തട്ടിയ എതിരാളിയെയാണ് കണ്ടത്. 4-5-1 ഫോർമേഷനിൽ പ്രതിരോധവും മധ്യനിരയും ശക്തിപ്പെടുത്തി, ബാഴ്സയുടെ മുന്നേറ്റങ്ങൾ തടഞ്ഞും, പ്രത്യാക്രമണം കനപ്പിച്ചും സൊസിഡാഡ് മേധാവിത്വം സ്ഥാപിച്ചു. അതിന്റെ ഫലമെന്ന പോലെയായിരുന്നു 31ാം മിനിറ്റിൽ അൽവാരോ ഒഡ്രിയോസോളയുടെ ബൂട്ടിൽ നിന്നും ആദ്യം ഗോൾ പിറഞ്ഞത്. തുടക്കത്തിൽ വഴങ്ങിയ ലീഡിന്റെ ക്ഷീണം ഒന്നാം പകുതി പിരിയും മുമ്പേ ബാഴ്സലോണ മാറ്റിയെന്ന് ആശ്വസിക്കാം. 43ാം മിനിറ്റിൽ മാർകസ് റാഷ്ഫോഡ് കോർണർ കിക്കിലൂടെ ഉയർത്തി നൽകിയ പന്തിനെ ജൂൾസ് കൗൻഡെ മിന്നും ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് ടീമിനെ സമനിലയിലേക്ക് നയിച്ചത്.
രണ്ടാം പകുതിയിൽ ലമിൻ യമാലും ഡാനി ഒൽമോയും കളത്തിലിറങ്ങിയതോടെ ബാഴ്സയുടെ ആക്രമണത്തിന് മൂർച്ച കൂടി. മൈതാനം തൊട്ട് അടുത്ത മിനിറ്റിൽ തന്നെ ബാഴ്സയെ വിജയ ഗോളിലേക്ക് അസിസ്റ്റു ചെയ്തായിരുന്നു ലാമിൻ യമാൽ വരവറിയിച്ചത്. 59ാം മിനിറ്റിൽ ബോക്സിന് മുന്നിൽ നിന്നും തൊടുത്ത ക്രോസ് റോബർട് ലെവൻഡോവ്സ്കി ലക്ഷ്യത്തിലെത്തിച്ച് വിജയം സമ്മാനിച്ചു.
ലാ ലിഗയിലെ മറ്റു മത്സരങ്ങളിൽ റയൽ ബെറ്റിസ്, എൽകെ, സെവിയ്യ, വിയ്യാ റയൽ എന്നിവരും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

