കവർച്ച സംഘം ഘാന ഫുട്ബാളറെ വെടിവെച്ചു കൊന്നു
text_fieldsഅക്ര (ഘാന): ടീം ബസിന് നേരെയുണ്ടായ സായുധ കവർച്ച സംഘത്തിന്റെ ആക്രമണത്തിൽ ഘാന പ്രീമിയർ ലീഗ് താരം കൊല്ലപ്പെട്ടു. ബെറെകം ചെൽസിയുടെ 20 വയസ്സുകാരനായ വിങ്ങർ ഡൊമിനിക് ഫ്രിംപോങ്ങാണ് മരിച്ചതെന്ന് ഘാന ഫുട്ബാൾ അസോസിയേഷൻ സ്ഥിരീകരിച്ചു. ഞായറാഴ്ച സാംറെബോയിയിൽ എഫ്.സി സമർടെക്സുമായുള്ള മത്സരത്തിനുശേഷം ബെറെകമിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. അഹാഫോ മേഖലയിലെ ഗോസോ-ബിബിയാനി റോഡിലെ അഹയിരേസുവിൽ വെച്ചാണ് കവർച്ച സംഘം ബസ് തടഞ്ഞത്.
ബസ് ഡ്രൈവർ വാഹനം പിന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്. മുഖംമൂടി ധരിച്ച ആറംഗ സംഘം ബസിനുനേരെ നിറയൊഴിച്ചു. തലക്ക് വെടിയേറ്റ ഫ്രിംപോങ്ങിനെ ഉടൻ തന്നെ ബിബിയാനി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസിലുണ്ടായിരുന്ന മറ്റു കളിക്കാരും സ്റ്റാഫും അടുത്തുള്ള കുറ്റിക്കാടുകളിൽ ഒളിക്കുകയായിരുന്നു. അടുവാന സ്റ്റാർസിൽ നിന്ന് ലോൺ ടിസ്ഥാനത്തിൽ ബെറെകം ചെൽസിയിൽ എത്തിയതാണ് ഫ്രിംപോങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

