ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല; അരങ്ങേറ്റം അടിപൊളിയാക്കി റൊണാൾഡോ
text_fieldsപൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് മാൻ ഓഫ് ദ മാച്ച് പുരസ്കാരം റൊണാൾഡോക്ക്
സമ്മാനിക്കുന്നു
റിയാദ്: ആരാധക ലോകത്തിന്റെ കാത്തിരിപ്പ് വെറുതെയായില്ല. ഇരട്ട ഗോളോടെ അറബ് നാട്ടിലെ അരങ്ങേറ്റം അടിപൊളിയാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. വ്യാഴാഴ്ച നടന്ന റിയാദ് സീസൺ കപ്പ് സൗഹൃദ മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ സൂപ്പർതാരം ലയണൽ മെസ്സി പി.എസ്.ജിക്ക് വേണ്ടി ആദ്യഗോൾ നേടിയതോടെ ആകാംക്ഷയിലായ ആരാധകവൃന്ദത്തിനിടയിൽ 33ാം മിനിറ്റിൽ പായിച്ച ഗോളിലൂടെയാണ് റൊണാൾഡോ ആവേശത്തിരയിളക്കിയത്.
ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് രണ്ടാംഗോൾ നേടിയ അൽ നസ്ർ-ഹിലാൽ സംയുക്ത താരം തന്റെ സൗദി അരങ്ങേറ്റം ഗംഭീരമാക്കി. ബോക്സിലേക്ക് ഉയർന്നുവന്ന ക്രോസിൽ ഹെഡ് ചെയ്യാനായി ശ്രമിച്ച റൊണാൾഡോയുടെ മുഖത്ത് പി.എസ്.ജി ഗോൾകീപ്പർ തട്ടിയതിന് റഫറി ഓൾ സ്റ്റാർ ടീമിന് പെനാൽറ്റി അനുവദിച്ചു.
സൗദിയിലെ തന്റെ പ്രഥമ കിക്കെടുത്ത റൊണാൾഡോ ‘കൂളാ’യി പന്ത് വലയിലെത്തിച്ചതോടെ തിങ്ങിനിറഞ്ഞ ഗാലറി ഇളകിമറിഞ്ഞു. മറ്റൊരു സൂപ്പർ താരം കിലിയൻ എംബാപ്പെ മത്സരത്തിന്റെ 60ാം മിനിറ്റിലെ പെനാൽറ്റി വേളയിലാണ് വിജയികൾക്കുവേണ്ടി ഗോൾ നേടിയത്. മത്സരത്തിൽ റിയാദ് ഓൾ സ്റ്റാർ ഇലവനെ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്. സമകാലിക ഫുട്ബാൾ പ്രതിഭാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടമെന്ന നിലയിലാണ് റിയാദ് സീസൺ കപ്പ് ശ്രദ്ധേയമായത്.