ലാലിഗയിൽ റയൽ ഒന്നാമത്; മാഡ്രിഡല്ല, സോസിഡാഡ്
text_fieldsമഡ്രിഡ്: ഒന്നാം സ്ഥാനം മാറിമറിയുന്ന സ്പാനിഷ് ലാ ലിഗയിൽ റയൽ സോസിഡാഡ് ഒന്നാം സ്ഥാനത്തേക്കു കയറി. 12ാം റൗണ്ടിൽ അത്ലറ്റികോ ബിൽബാവോയോട് 1-1ന് സമനില പാലിച്ച സോസിഡാഡ് 25 പോയേൻറാടെയാണ് മുന്നിലെത്തിയത്. 11 വീതം മത്സരങ്ങളിൽ 24 പോയൻറ് വീതമുള്ള റയൽ മഡ്രിഡും സെവിയ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റയൽ ബെറ്റിസിനെ 3-0ത്തിന് തോൽപിച്ച അത്ലറ്റികോ മഡ്രിഡ് 22 പോയൻറുമായി നാലാം സ്ഥാനത്തേക്കുയർന്നു. ബെറ്റിസ് 21 പോയേൻറാടെ അഞ്ചാമതാണ്.
അത്ലറ്റികോക്കായി യാനിക് കരാസ്കോയും ജാവോ ഫെലിക്സും ഓരോ ഗോൾ നേടിയപ്പോൾ ഒരു ഗോൾ ബെറ്റിസ് താരം ജെർമൻ പെസെല്ലയുടെ വകയായിരുന്നു. അലക്സാണ്ടർ ഇസാകിലൂടെ ലീഡ് നേടിയ സോസിഡാഡ് വിജയത്തിലേക്കു നീങ്ങവെ ഇഞ്ചുറി സമയത്ത് ഗോൾകീപ്പർ അലക്സ് റമീറോയുടെ പിഴവാണ് വിനയായത്. ഐകർ മുനൈെൻറ ഫ്രീകിക്ക് പഞ്ച് ചെയ്യാനുള്ള ഗോളിയുടെ ശ്രമം സ്വന്തം വലയിൽ അവസാനിക്കുകയായിരുന്നു.

