വിനീഷ്യസ് റയൽ വിടുകയാണെങ്കിൽ പകരക്കാരനായി നോട്ടമിടുന്നത് പ്രീമിയർ ലീഗിലെ ഈ 25കാരനെ...
text_fieldsമഡ്രിഡ്: റയല്‍ മഡ്രിഡിന്റെ ബ്രസീല്‍ സൂപ്പർ വിങ്ങർ വിനീഷ്യസ് ജൂനിയർ സൗദി പ്രോ ലീഗിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമാണ്. ഈ സമ്മറിൽ റയലും താരവും തമ്മിൽ കരാർ പുതുക്കേണ്ടിയിരുന്നെങ്കിലും വേതനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല.
നിലവിൽ 2027 വരെ റയലുമായി താരത്തിന് കരാറുണ്ട്. കരാർ പുതുക്കുന്ന ചർച്ചകൾക്കിടെ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയേക്കാൾ വേതനം വിനീഷ്യസ് കൂട്ടിച്ചോദിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതിനിടെയാണ് സൗദിയിൽനിന്ന് താരത്തിന് അഞ്ചു വർഷത്തേക്ക് 10,000 കോടി രൂപയിലധികം വാഗ്ദാനം ചെയ്തിരിക്കുന്നത്. റയലുമായി ധാരണയിൽ എത്താനായില്ലെങ്കിൽ 25കാരനായ വിങ്ങർ റെക്കോഡ് തുകക്ക് സൗദിയിലേക്ക് പോകുമെന്നാണ് പുറത്തുവരുന്ന വിവരം.
നിലവിൽ ലോക ഫുട്ബാളിലെ ഏറ്റവും മികച്ച അറ്റാക്കർമാരിൽ ഒരാളാണ് വിനീഷ്യസ്. അസാധ്യ ഡ്രിബ്ലിങ് പാടവവും ഫിനിഷിങ് മികവും കൈമുതലായുള്ള താരത്തിനായി നേരത്തെ തന്നെ സൗദി ക്ലബുകൾ രംഗത്തുവന്നിരുന്നു. 2023ൽ സൗദി പ്രോ ലീഗ് പ്രതിനിധികളുമായി താരം ചർച്ച നടത്തിയിരുന്നു. രണ്ടു വർഷത്തിനിപ്പുറവും ബ്രസീൽ താരത്തിനുവേണ്ടിയുള്ള നീക്കങ്ങൾ സൗദി അവസാനിപ്പിച്ചിട്ടില്ല. മോഹവിലയാണ് ഇപ്പോൾ താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
റയലിൽ തന്നെ തുടരാനാണ് വിനീഷ്യസിന്‍റെ താൽപര്യമെങ്കിലും ഉയർന്ന വേതനം ലഭിച്ചില്ലെങ്കിൽ ഈ സമ്മറിൽ തന്നെ റയൽ വിടാനാണ് തീരുമാനം. കരാർ നീട്ടുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വിനീഷ്യസിന് പകരക്കാരനുവേണ്ടിയും റയൽ അന്വേഷണം നടത്തുന്നുണ്ട്. വിനീഷ്യസ് ഈ സമ്മറിൽ തന്നെ സ്പെയിൻ വിടുകയാണെങ്കിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ മെഷീൻ എർലിങ് ഹാലണ്ടിനെയാണ് റയൽ പ്രസിഡന്‍റ് ഫ്ലോറെന്‍റിനോ പെരെസ് നോട്ടമിടുന്നത്.
നോർവീജിയൻ സ്ട്രൈക്കറിൽ പെരെസിന് അതിയായ താൽപര്യമുണ്ട്. സിറ്റിക്കായി 124 മത്സരങ്ങളിൽനിന്ന് 146 ഗോളുകളാണ് ഹാലണ്ട് അടിച്ചുകൂട്ടിയത്. 21 ഗോളുകൾക്ക് വഴിയൊരുക്കി. എംബാപ്പെക്കൊപ്പം മുന്നേറ്റ നിരയിൽ ഹാലണ്ട് കൂടി എത്തുന്നതോടെ ടീമിന്‍റെ ആക്രമണത്തിന് മൂർച്ച കൂടുമെന്നാണ് പെരെസിന്‍റെ കണക്കുകൂട്ടൽ. അൽ -ഹിലാൽ, അൽ -അഹ്ലി ക്ലബുകളാണ് വമ്പൻ വാഗ്ദാനവുമായി വിനീഷ്യസിനായി നീക്കം നടത്തുന്നത്. 2000 കോടി നൽകി 2023ലാണ് അൽ ഹിലാൽ നെയ്മറിനെ ക്ലബിലെത്തിച്ചത്.
നെയ്മറിന്‍റെ ട്രാൻസ്ഫർ റെക്കോഡ് മറികടക്കുന്ന തുകയാണ് വിനീഷ്യസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ ഡീല്‍ നടക്കുകയാണെങ്കില്‍ ഫുട്‌ബാള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കൈമാറ്റമായും ഇത് മാറും. ലോസ് ബ്ലാങ്കോസിനായി 322 മത്സരങ്ങൾ കളിച്ച വിനീഷ്യസ് 106 ഗോളുകൾ നേടുകയും 83 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ആഗസ്റ്റ് 19ന് ഒസാസുനക്കെതിരെയാണ് ലാ ലിഗയിൽ റയലിന്‍റെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

