സ്വന്തം മുറ്റത്തും തോറ്റ് റയൽ മഡ്രിഡ്; ബിഗ് ഫൈറ്റിന് മുമ്പ് വൻ നാണക്കേട്
text_fieldsറയൽ മഡ്രിഡിനെതിരെ സെൽറ്റ വിഗോയുടെ വില്ലിയറ്റ് സ്വെഡ്ബർഗിന്റെ ഗോൾ
മഡ്രിഡ്: കിരീട പോരാട്ടത്തിൽ റയൽമഡ്രിഡിന് വൻ ഷോക്കായി മാറി സ്വന്തം മണ്ണിലെ ഞെട്ടിപ്പിക്കുന്ന തോൽവി. സ്പാനിഷ് ലാ ലിഗയിൽ സാന്റിയാഗോ ബെർണബ്യൂവിൽ ബൂട്ടുകെട്ടിയ റയൽ മഡ്രിഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് സെൽറ്റ വിഗോയാണ് കീഴടങ്ങിയത്. സീസണിൽ ഹോം ഗ്രൗണ്ടിൽ ആദ്യ തോൽവി എന്നതിനൊപ്പം, രണ്ടാം പുകതിയിൽ പ്രതിരോധത്തിലെ രണ്ട് താരങ്ങൾ ചുവപ്പുകാർഡ് കണ്ട് പുറത്തായതും നാണക്കേടായി മാറി. വിനീഷ്യസ് ജൂനിയറും കിലിയൻ എംബാപ്പെയും ഉൾപ്പെടെ മുന്നേറ്റവും പ്രതിരോധനിരയും തകർന്നു തരിപ്പണമായ മത്സരത്തിൽ കളിയുടെ രണ്ടാം പകുതിയിലായിരുന്നു സെൽറ്റയുടെ ഗോളുകൾ പിറന്നത്. വില്ലിയറ്റ് സ്വെഡ്ബർഗ് 53, 93 മിനിറ്റുകളിലായി നേടി ഇരട്ട ഗോുളുകളിലായിരുന്നു വിജയം പിറന്നത്.
മിന്നൽ നീക്കങ്ങളുമായി ചാമ്പ്യന്മാരെ പോലെയായിരുന്നു റയൽ തുടങ്ങിയതെങ്കിലും രണ്ടാം പകുതിയിൽ താളം തെറ്റി. ആദ്യപകുതിയിൽ തന്നെ മികച്ച ചില നീക്കങ്ങളുമായി എതിരാളികളെ ഭയപ്പെടുത്തിയെങ്കിലും ഗോളായില്ല.
രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ ശേഷമായിരുന്നു സ്വീഡിഷ് താരം വില്ലിയറ്റ് സ്കോർ ചെയ്തത്. 53ാം മിനിറ്റിൽ റയൽ പ്രതിരോധത്തെ തീർത്തും നിഷ്പ്രഭമാക്കുന്നതായിരുന്നു വില്ലിയുടെ സ്കിൽ പ്രകടനം. കേളികേട്ട റയൽ പ്രതിരോധക്കാർ വട്ടം കൂടി നിൽക്കെ, ബോക്സിനുള്ളിലേക്ക് കടന്നുകയറിയ വില്ലി, ബ്രയാൻ സരഗോസയിൽ നിന്നുള്ള ഷോട്ടിനെ ബാക് ഹീൽ ടച്ചിലൂടെ അനായാസം വലയിലേക്ക് തൊടുത്തു. ഡിഫൻഡർമാരായ ഫ്രാൻ ഗാർഷ്യയും, അൽവാരോ കരേറസും നോക്കിനിൽക്കെയായിരുന്നു പെനാൽറ്റി സ്പോട്ടിൽ നിന്നും വില്ലിയറ്റിന്റെ വലംകാലൻ ഫ്ലിക്ക്. അപ്രതീക്ഷിത ഗോളിൽ പതറിയ റയൽ താരങ്ങൾക്ക് മനോനിലയും തെറ്റി. കളത്തിൽ ഫൗളും, കൈയാങ്കളിയും തീർത്തവർക്ക് അധികം വൈകാതെ രണ്ട് താരങ്ങളെയും നഷ്ടമായി. 64ാം മിനിറ്റിൽ ഫ്രാൻ ഗാർഷ്യക്കും, ഇഞ്ചുറി ടൈമിൽ അൽവാരോ കരേറസും റെഡ് കാർഡുമായി പുറത്തായി. ടീം ഒമ്പതിലേക്ക് ചുരുങ്ങിയതിനു പിന്നാലെയായിരുന്നു റയൽ താരങ്ങളെ വീണ്ടും നാണംകെടുത്തി വില്ലിയറ്റ് രണ്ടാം ഗോളും നേടുന്നത്.
തോൽവിയോടെ റയൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സയിൽ നിന്നും നാല് പോയന്റ് പിന്നിലായി. 16കളിയിൽ ബാഴ്സക്ക് 40ഉം, റയലിന് 36പോയന്റുമാണുള്ളത്.
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ബുധനാഴ്ച രാത്രിയിൽ നേരിടാനിരിക്കെയാണ് റയൽ സ്വന്തം മുറ്റത്ത് തോൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

