പ്രീ സീസൺ: റയലിനെ വീഴ്ത്തി ബാഴ്സ; ജയം ഒറ്റ ഗോളിന്
text_fieldsലാസ് വേഗാസ്: റയൽ മാഡ്രിഡിനെതിരായ പ്രീ സീസൺ എൽ ക്ലാസിക്കോയിൽ ബാഴ്സലോണക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സയുടെ ജയം. റഫീഞ്ഞയാണ് ബാഴ്സയുടെ വിജയഗോൾ നേടിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം തന്നെ പോരാടിയെങ്കിലും ബാഴ്സ ഗോൾമുഖത്തേക്ക് ഇരച്ചുകയറി പോസ്റ്റിനെ ലക്ഷ്യമാക്കി നിറയൊഴിക്കാൻ ഒരു ഘട്ടത്തിലും റയലിന് കഴിഞ്ഞില്ല.
ആദ്യ പകുതിയിൽ തുല്യ ശക്തികളുടെ പോരാട്ടമാണ് കണ്ടത്. കടുത്ത ചൂടിൽ മികച്ച ഫുട്ബാളാണ് ഇരു ടീമുകളും പുറത്തെടുത്തത്. ആദ്യ 45 മിനിറ്റ് ചടുല നീക്കങ്ങൾ കൊണ്ടും സജീവമായിരുന്നു. രണ്ടാം പകുതിയിൽ റയൽ വമ്പൻ താരങ്ങളെ കളത്തിലിറക്കി.
കാസമിറോ, ടോണി ക്രൂസ്, മാർക്കോ അസൻസിയോ, ലൂക്ക മോഡ്രിച്ച്, നാച്ചോ, ഫെർലാൻഡ് മെൻഡി എന്നിവരൊക്കെ റയലിനായി കളത്തിലെത്തിയപ്പോൾ ഉസ്മാൻ ഡെംബെലെ, ഫ്രാങ്ക് കെസ്സി, ഓബമയാങ്, ഫ്രാങ്കി ഡിയോങ് തുടങ്ങിയവർ ബാഴ്സക്കായി ഇറങ്ങി. എന്നാൽ, സ്കോർ ബോർഡിൽ മാറ്റമുണ്ടായില്ല.

