ഭൂകമ്പത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ഉറ്റവരെ നഷ്ടമായ അബ്ദുറഹീമിനെ ബെർണബ്യൂവിൽ വിശിഷ്ടാതിഥിയാക്കി റയലിന്റെ ആദരം -video
text_fieldsഅബ്ദുറഹീം ഉഹിദയെ ആശ്ലേഷിക്കുന്ന വിനീഷ്യസും എംബാപ്പെയും
മഡ്രിഡ്: 2023ൽ മൊറോക്കോയെ പിടിച്ചുലച്ച ഭൂമി കുലുക്കത്തിന്റെ ഇരയാണ് കൗമാരക്കാരനായ അബ്ദുറഹീം ഉഹിദ. 3000ത്തോളം പേർ കൊല്ലപ്പെട്ട ഭൂമി കുലുക്കത്തിൽ പിതാവും, മാതാവും മുത്തച്ഛനും സഹോദരങ്ങളും ഉൾപ്പെടെ അഞ്ചു പേരാണ് അബ്ദുറഹീമിന് നഷ്ടമായത്.
കുടുംബത്തിൽ ഈ കൗമാരക്കാരനെ തനിച്ചാക്കി പ്രിയപ്പെട്ടവരെല്ലാം മറഞ്ഞു. ദുരന്തത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന ഇരയായി അന്ന് മൊറോക്കോയുടെയും വടക്കു പടിഞ്ഞാറൻ ആഫ്രിക്കയുടെയും കണ്ണീർ കാഴ്ചയായിരുന്നു അബ്ദുറഹിം. ദുരന്തത്തിൽ തകർന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങൾക്കു മുകളിൽ റയൽ മഡ്രിഡിന്റെ ജഴിയണിഞ്ഞ് ഇരിക്കുന്ന അബ്ദുറഹീം ‘അൽ അറബിയ’ ചാനലുമായി തന്റെ വേദനകൾ പങ്കുവെക്കുന്ന ദൃശ്യം അന്ന് ലോകമെങ്ങും പ്രചരിച്ചു.
‘പിതാവും മാതവും സഹോദരങ്ങളും ഉൾപ്പെടെ അഞ്ചുപേരെ എനിക്ക് നഷ്ടമായി. രണ്ട് സഹോദരങ്ങളെ ചേർത്തു പിടിച്ച നിലനിലയിലായിരുന്നു അമ്മയുടെ ശരീരം ഞാൻ കണ്ടത്. ഞാനൊരു പ്രഫസറോ ഡോക്ടറോ ആകുന്നത് കാണാനായിരുന്നു പിതാവിന്റെ സ്വപ്നം...’ -നിറഞ്ഞ കണ്ണുകളിൽ തന്റെ വേദന പറഞ്ഞു തീർക്കാൻ കഴിയാതെ അവൻ വിതുമ്പിയപ്പോൾ കണ്ടു നിന്ന ലോകത്തിനും കണ്ണുകൾ നനഞ്ഞു.
**** ****
രണ്ടു വർഷത്തിനു ശേഷം, ആ കൗമാരക്കാരനെ ലോകം വീണ്ടും കാണുകയാണ്. അതാവട്ടെ, സ്പാനിഷ് തലസ്ഥാനമായ മഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂവിൽ 75,000 കാണികൾ നിറഞ്ഞ സ്റ്റേഡിയത്തിന്റെ നടുമുറ്റത്ത് വിശിഷ്ടാതിഥിയായും. ഇഷ്ട താരങ്ങളായ കിലിയൻ എംബാപ്പെയും വിനീഷ്യസ് ജൂനിയറും മുതൽ സൂപ്പർ താരങ്ങൾ ഇരു നിരയിലുമായി കാത്തിരുന്ന നിമിഷം, ഗാലറിയുടെ ആരവങ്ങൾക്കും കൈയടികൾക്കുമിടയിൽ വി.വി.ഐ.പി പരിവേഷത്തോടെ അബ്ദുറഹിം ബെർണബ്യൂവിലെ പുൽമൈതാനത്തേക്ക് പ്രവേശിച്ചു. കിലിയൻ എംബാപ്പെയുടെ പത്താം നമ്പർ ജഴ്സിയണിഞ്ഞ്, കാണികൾക്കു നേരെ നോക്കി കൈയടിച്ച് അഭിവാദ്യമർപ്പിച്ച് പ്രവേശിച്ച അബ്ദുറഹിമിനെ എംബാപ്പെ തന്നെ ഹസ്തദാനം നൽകി സ്വീകരിച്ചു.
റയൽ മഡ്രിഡും എസ്പാന്യോളും ഏറ്റുമുട്ടിയ സ്പാനിഷ് ലാ ലിഗ മത്സരത്തിന് മുമ്പായിരുന്നു ഈ ഹൃദ്യമായ കാഴ്ചകൾ. റയൽ മഡ്രിഡ് ആരാധകനായ കൗമാരക്കാരനെ ക്ലബ് മാനേജ്മെന്റാണ് തങ്ങളുടെ കളിമുറ്റത്തേക്ക് വിശിഷ്ടാതിഥിയായി ക്ഷണിച്ചത്. ഇരു ടീമുകളുടെയും താരങ്ങൾ കാത്തിരിക്കെ ഓണററി കിക്കോഫ് കുറിക്കാനും അബ്ദുറഹിമിന് അവസരം നൽകി. ടീം അംഗങ്ങളെല്ലാം ഒപ്പുചാർത്തിയ റയലിന്റെ ജഴ്സി സമ്മാനമായി നൽകിയാണ് അബ്ദുറഹിമിനെ മടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

