
റയലിന് 12-ാം സ്പാനിഷ് സൂപ്പർ കപ്പ് കിരീടം; താരമായി ലൂക മോഡ്രിച്
text_fieldsഅത്ലറ്റിക്ക് ബിൽബാവോയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പാനിഷ് സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ട് റയൽ മാഡ്രിഡ്. സൗദി അറേബ്യയിൽ നടന്ന ഫൈനലിൽ കളിയിലുടനീളം ആധിപത്യം സ്ഥാപിച്ചുകൊണ്ടായിരുന്നു റയലിെൻറ മിന്നും ജയം. ലൂക മോഡ്രിച്ചാണ് വെള്ളപ്പട്ടാളത്തിന് വിജയം സമ്മാനിച്ചത്.
38-ാം മിനിറ്റിലായിരുന്നു മോഡ്രിച്ചിലൂടെ റയൽ ആദ്യം സ്കോർ ചെയ്തത്. വലതു വിങ്ങിലൂടെ ഒറ്റക്ക് മുന്നേറിയ റോഡ്രിഗോ നൽകിയ പന്ത് ഒറ്റ ടച്ചിൽ മോഡ്രിച് വലയിൽ എത്തിക്കുകയായിരുന്നു. പെനാൽട്ടിയിലൂടെയായിരുന്നു രണ്ടാം ഗോൾ. ബെൻസീമയുടെ ഷോട്ടിൽ നിന്ന് വന്ന ഹാൻഡ് ബോളിലൂടെയാണ് പെനാൽട്ടി ലഭിച്ചത്. ബെൻസീമ തന്നെയായിരുന്നു ഷോട്ട് പായിച്ചത്.
ബാഴ്സയെ സെമിയിൽ പരാജയപ്പെടുത്തിയായിരുന്നു റയൽ ഫൈനലിലെത്തിയത്. റയലിെൻറ 12-ാം സ്പാനിഷ് സൂപ്പർ കപ്പ് നേട്ടമാണിത്. അതേസമയം കഴിഞ്ഞ 18 മാസമായി കിരീട വരൾച്ചയിലായിരുന്ന ടീമിന് ഇൗ നേട്ടം ആശ്വാസമായി.
