സാബി അലോൻസയെ പരിശീലകനായി നിയമിച്ച് റയൽ മാഡ്രിഡ്
text_fieldsസാബി അലോൻസോയെ പരിശീലകനായി നിയമിച്ച് റയൽ മാഡ്രിഡ്. വർഷങ്ങൾക്ക് ശേഷമാണ് പഴയ തട്ടകത്തിലേക്ക് സാബി തിരിച്ചെത്തുന്നത്. ആറ് വർഷം സാന്റിയാഗോ ബെർണബ്യുവിൽ കളിക്കാരനായി തിളങ്ങിയ സാബി നിരവധി ട്രോഫികളും സ്വന്തമാക്കിയിരുന്നു.
2028 ജൂൺ വരെ മൂന്ന് വർഷത്തേക്കാണ് റയലുമായുള്ള സാബിയുടെ കരാർ. കാർലോ അഞ്ചലോട്ടിയെ മാറ്റിയാണ് അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. റയൽ മാഡ്രിഡിന് വേണ്ടി കിരീടങ്ങളൊന്നും നേടിക്കൊടുക്കാതെയാണ് അഞ്ചലോട്ടിയുടെ മടക്കം.
ബയർ ലെവർകൂസന്റെ പരിശീലകനായിരുന്ന സാബി ഈ മാസം ക്ലബ് വിടുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. 2022ലാണ് ലെവർകൂസനിലേക്ക് സാബി എത്തുന്നത്. ടീമിന് ആദ്യമായി ബുണ്ടേഴ്സ് ലീഗ് കിരീടം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ജർമ്മൻ കപ്പിലും സാബിയുടെ നേതൃത്വത്തിൽ ലവർകൂസന് കഴിഞ്ഞു. ഇക്കാലയളവിൽ തന്നെയാണ് ടീം ഫൈനലിലേക്ക് എത്തിയത്.
ലെവർകൂസനുമായി 2026 വരെ കരാറുണ്ടെങ്കിലും ടീം വിടാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന് ക്ലബ് സമ്മതമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച റയൽ മാഡ്രിഡിൽ അദ്ദേഹത്തിന് സ്വീകരണമൊരുക്കും. ജൂൺ ഒന്ന് മുതലായിരിക്കും അദ്ദേഹം പരിശീലകനായി ചുമതലയേറ്റെടുക്കുക.
2009ലാണ് ലിവർപൂളിൽ നിന്നും സാബി റയൽ മാഡ്രിഡിലെത്തുന്നത്. 236 മത്സരങ്ങളിൽ റയൽ കുപ്പായമണിഞ്ഞ സാബി ലാ ലീഗ കിരീടത്തിനൊപ്പം രണ്ട് കോപ ഡെൽ റേ നേടിയ ടീമിലും അംഗമായി. പത്താമത് യുറോപ്യൻ കിരീടം നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു.
റയൽ യൂത്ത് അക്കാദമിയിൽ പരിശീലകനായാണ് അദ്ദേഹം തന്റെ കോച്ചായുള്ള കരിയറിന് തുടക്കമിട്ടത്. 2018-19 സീസണിൽ റയലിന്റെ അണ്ടർ 14 ടീം കിരീടം നേടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

