ലിവർപൂളിനെ വെട്ടി റയൽ; ഡംഫ്രീസിനെ റാഞ്ചി സ്പാനിഷ് വമ്പന്മാർ
text_fieldsമാഡ്രിഡ്: ഇന്റർ മിലാൻ്റെ ഡച്ച് റൈറ്റ് ബാക്ക് ഡെൻസൽ ഡംഫ്രീസ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക്. താരവുമായി റയൽ വ്യക്തിപരമായ കരാർ വ്യവസ്ഥകളിൽ ധാരണയിലെത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ. ഡംഫ്രീസിന്റെ ഇന്റർ മിലാൻ കരാറിലെ 20 ദശലക്ഷം (മില്യൺ) യൂറോയുടെ റിലീസ് ക്ലോസ് അടുത്ത ആഴ്ച റയൽ ആക്ടിവേറ്റ് ചെയ്യും. കാലാവധി അവസാനിക്കുന്ന തിയ്യതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളുള്ളതിനാൽ 25 മില്യൺ യൂറോയിൽ നിന്നാണ് തുക 20 മില്യണായി കുറഞ്ഞത്.
ലിവർപൂൾ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ചാണ് ഡച്ച് താരം സാന്റിയാഗോ ബെർണബ്യൂവിലേക്ക് വരാൻ മുൻഗണന നൽകിയത്. റയലിന്റെ ടീം അഴിച്ചുപണിയിലെ ആദ്യത്തെ പ്രധാന സൈനിങ്ങുകളിൽ ഒന്നായിരിക്കും ഇത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായുള്ള അവസാനവട്ട പേപ്പർ വർക്കുകൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പ്രതിരോധം ശക്തമാക്കാൻ മൗറീഞ്ഞോ
ദീർഘകാലമായി റയൽ മാഡ്രിഡിന്റെ നായകനും പ്രതിരോധ ഭടനുമായ ഡാനി കർവാഹൽ ക്ലബ്ബിനോട് വിടപറഞ്ഞിരുന്നു. ഇതിന് പകരക്കാരനായാണ് പുതിയ താരങ്ങളെ റയൽ താവളത്തിൽ എത്തിക്കുന്നത്. ഇംഗ്ലീഷ് താരം ട്രെൻ്റ് അലക്സാണ്ടർ ആർനോൾഡിനെ റയൽ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് റൈറ്റ് ബാക്ക് പൊസിഷനിൽ കൂടുതൽ കരുത്തുറപ്പാക്കാൻ ഡംഫ്രീസിനെയും എത്തിക്കുന്നത്. പുതിയ പരിശീലകനായി ചുമതലയേൽക്കാൻ പോകുന്ന ഹോസെ മൗറീഞ്ഞോയുടെ പ്രധാന ലക്ഷ്യം പ്രതിരോധ നിര ശക്തമാക്കുക എന്നതാണ്. ഇതിന്റെ ഭാഗമായാണ് ഈ നീക്കം.
ഇന്ററിന് ലാഭം
2021-ൽ പി.എസ്.വി ഐന്തോവനിൽ നിന്നാണ് ഡംഫ്രീസ് ഇന്റർ മിലാനിലെത്തുന്നത്. ഇറ്റാലിയൻ ക്ലബ്ബിന്റെ ആഭ്യന്തര, യൂറോപ്യൻ വിജയങ്ങളിൽ നിർണായക പങ്കുവഹിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. യൂറോപ്പിലെ തന്നെ മികച്ച അറ്റാക്കിങ് വിങ് ബാക്കുകളിൽ ഒരാളാണ് മുപ്പതുകാരനായ ഡംഫ്രീസ്. അഞ്ച് വർഷം മുൻപ് ഏകദേശം 15 മില്യൺ യൂറോയ്ക്കാണ് ഇന്റർ താരത്തെ സ്വന്തമാക്കിയത്. അതിനാൽ ഈ കൈമാറ്റത്തിലൂടെ ഒരു പ്രധാന താരത്തെ നഷ്ടപ്പെടുമ്പോഴും സാമ്പത്തികമായി ഇന്റർ മിലാനും ലാഭമുണ്ടാക്കാൻ കഴിയും.
2026-27 സീസണിന് മുന്നോടിയായി റയൽ നടത്തുന്ന പ്രതിരോധ നിരയിലെ വമ്പൻ മാറ്റങ്ങളുടെ തുടക്കം മാത്രമാണിത്. പുതിയ സീസണിലേക്ക് ലിവർപൂളിന്റെ ഫ്രഞ്ച് സെന്റർ ബാക്ക് ഇബ്രാഹിമ കൊനാറ്റെയെയും റയൽ ലക്ഷ്യമിടുന്നുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന കൊനാറ്റെ ആൻഫീൽഡ് വിടുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മറ്റ് തടസ്സങ്ങളൊന്നുമില്ലെങ്കിൽ ഇറ്റലിയിലെ സാൻ സിറോയിൽ നിന്ന് ഡംഫ്രീസ് ഉടൻ തന്നെ സാന്റിയാഗോ ബെർണബ്യൂവിലേക്ക് പറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

