നിർഭാഗ്യം വില്ലനായി; ഗോകുലത്തിന് സമനില
text_fieldsകൊൽക്കത്ത: ഐ ലീഗിൽ ഗോകുലം കേരള-റിയൽ കശ്മീർ എഫ്.സി മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മൂന്നാം ജയം തേടിയിറങ്ങിയ ഗോകുലത്തിന് നിരവധി അവസരങ്ങൾ വന്നെത്തിയെങ്കിലും നിർഭാഗ്യം വില്ലനായി. ഡെന്നിസ് അൻറവിക്കും ഫിലിപ്പ് അജാഹിനും ഇരുപകുതിയിലുമായി നിരവധി അവസരങ്ങൾ വന്നെത്തിയെങ്കിലും വലകുലുക്കാനായില്ല. അറ്റാക്കിങ് ഫുട്ബാളായിരുന്നു കശ്മീർ ടീമും കാഴ്ചവെച്ചത്.
ഗോളുറപ്പിച്ച അവരുടെ പല മുന്നേറ്റങ്ങളും ഗോകുലം പ്രതിരോധതാരങ്ങളായ ജസ്റ്റിൻ ജോർജും ദീപക് ദേവ്റാണിയും ചേർന്ന് ചെറുത്തു. ഗോളി സി.കെ. ഉബൈദും മികച്ച പ്രകടനം കാഴ്ചവെച്ചു. സമനിലയോടെ ഏഴു പോയൻറുമായി ഗോകുലം നാലാം സ്ഥാനത്താണ്. ആറു പോയൻറുള്ള റിയൽ കശ്മീർ അഞ്ചാമതും.

