ജോട്ട വീണ്ടും മൈതാനത്തെത്തി; പ്രിയ കൂട്ടുകാരന്റെ കാലിലെ ടാറ്റുവായി
text_fieldsറുബൻ നെവസിന്റെ കാലിൽ ഡീഗോ ജോട്ടയുടെ ചിത്രം
ലണ്ടൻ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അയർലൻഡിനെതിരെ ഇഞ്ചുറി ടൈമിൽ പോർചുഗലിന്റെ വിജയ ഗോൾ നേടി റൂബൻ നെവസ് നീണ്ടു നിവർന്നു നിന്നപ്പോൾ കാമറ കണ്ണുകൾ ഉടക്കിയത് ആ താരത്തിന്റെ മുഖത്തെ ആഘോഷങ്ങളിലായിരുന്നില്ല. 21ാം നമ്പർ ജഴ്സിയണിഞ്ഞ താരം തന്റെ ഇടതു കാലിലെ സോക്സ് താഴ്ത്തിയ ശേഷം, ഇരു കൈകളും ആകാശത്തേക്കുയർത്ത് അത് അവന് സമർപ്പിച്ചപ്പോൾ, കാമറകൾ കാലിന്റെ പിൻഭാഗത്ത് കുത്തിയ ടാറ്റുവിലേക്ക് സൂം ചെയ്തു. കളിക്കളത്തിലെ രണ്ട് കൂട്ടുകാർ പരസ്പണം പുണർന്നു നിൽക്കുന്ന ദൃശ്യം ലോകം കണ്ടു.
അത് മറ്റാരുമായിരുന്നില്ല. അകാലത്തിൽ പൊലിഞ്ഞ പോർചുഗലിന്റെ പ്രിയ താരം ഡീഗോ ജോട്ട. ഇക്കഴിഞ്ഞ ജൂലായ് മൂന്നിന് ഒരു കാറപകടത്തിന്റെ രൂപത്തിൽ വിധി തട്ടിയെടുത്ത ശേഷം പോർചുഗൽ ടീം ആദ്യമായി സ്വന്തം നാട്ടിൽ കളിക്കാനിറങ്ങിയപ്പോഴായിരുന്നു തന്റെ പ്രിയകൂട്ടുകാരനെ റുബൻ നെവസ് കാലിലെ പച്ചയിലൂടെ വീണ്ടും കളത്തിലെത്തിച്ചത്.
ജോട്ട അണിഞ്ഞ അതേ 21ാം നമ്പർ ജഴ്സിയിൽ കളിച്ച നെവസ്, 91 മിനിറ്റിൽ നേടിയ വിജയ ഗോൾ തന്‍റെ പ്രിയ കൂട്ടുകാരന് സമർപ്പിച്ച നിമിഷം ആരാധക ലോകവും ഏറ്റെടുത്തു.
ഇടതു കാലിൽ പച്ചക്കുത്തിയ ജോട്ടക്കൊപ്പമുള്ള തന്‍റെ ചിത്രം ഹൃദയത്തിലും കൊത്തിവെച്ചിട്ടുണ്ടെന്ന് ലോകം ഒരിക്കൽ കൂടി തിരിച്ചറിഞ്ഞ നിമിഷം.
ജോട്ട മരിച്ച രാത്രിയിൽ നടന്ന ക്ലബ് ലോകകപ്പിൽ അൽ ഹിലാലിന് വേണ്ടി കളിക്കാൻ നെവസുമുണ്ടായിരുന്നു. ജോട്ടയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്ന സമയം സ്റ്റേഡിയത്തിൽ കണ്ണീരടക്കാനാവാതെ നിൽക്കുന്ന നെവസിനെ കണ്ട ആരാധകരും കൂടെ കരഞ്ഞു.
മത്സരം കഴിഞ്ഞ് 12 മണിക്കൂർ പിന്നിട്ടപ്പൊഴേക്കും നെവസ് അമേരിക്കയിൽ നിന്ന് പോർച്ചുഗലിലെത്തി. ജോട്ടയുടെ അവസാന യാത്രയിൽ തന്റെ പ്രിയ സുഹൃത്തിനെ കൈകളിലേന്തിയവരിൽ അവനുമുണ്ടായിരുന്നു. കണ്ണീരടക്കാനാവാതെ ആ ശവമഞ്ചവും കൈകളിലേന്തിയുള്ള നെവസിന്‍റെ നടത്തം കണ്ണീരോടെയല്ലാതെ ആരും കണ്ടതില്ല.
‘സെലക്ഷന് പോകുമ്പോൾ നീ ആയിരുന്നു എന്റെ തൊട്ടടുത്ത്...ഡിന്നർ ടേബിളിലും ബസിലും വിമാനത്തിലുമെല്ലാം അങ്ങനെ തന്നെ. ഇന്ന് മുതൽ ഫീൽഡിൽ എനിക്കൊപ്പം നീയും ഇറങ്ങും. ഒരു വഴിയേ നമ്മൾ സഞ്ചരിക്കും. ഡിയാഗോ, നീയാണ് എന്റെ പ്രിയപ്പെട്ട ലെമനേഡ്,’- ജോട്ടയുടെ വിയോഗത്തിൽ നെവസ് കുറിച്ച വാക്കുകൾ അക്ഷരം പ്രതി പുലർന്നിരിക്കുന്നു. ഇല്ല ജോട്ട നിങ്ങൾ മരിച്ചിട്ടില്ല നിങ്ങളെ നിങ്ങളെക്കാളേറെ സ്നേഹിച്ച ഒരു ആത്മസുഹൃത്തിലൂടെ ഞങ്ങൾ നിങ്ങളെ കാണുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

