വിനീഷ്യസിനെ പിന്തുണക്കുന്ന സന്ദേശങ്ങൾ വസ്ത്രത്തിൽ പ്രദർശിപ്പിച്ച് റഫിഞ്ഞ; താരത്തിന് മഞ്ഞക്കാർഡ്
text_fieldsമഡ്രിഡ്: വല്ലഡോളിഡിനെതിരായ ലാ ലിഗ മത്സരത്തിനിടെ ജഴ്സി ഊരി വിനീഷ്യസ് ജൂനിയറിനെ പിന്തുണക്കുന്ന സന്ദേശങ്ങൾ പ്രദർശിപ്പിച്ച ബാഴ്സലോണ താരം റഫിഞ്ഞക്ക് മഞ്ഞക്കാർഡ്. കളിയുടെ 63ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂഷനെത്തുടർന്ന് തിരിച്ചുകയറുന്നതിനിടെയായിരുന്നു ഐക്യദാർഢ്യ പ്രകടനം.
‘നിന്റെ കണ്ണുകളുടെ തിളക്കത്തേക്കാൾ പ്രാധാന്യം ചർമത്തിന്റെ നിറത്തിനായിരിക്കുന്നിടത്തോളം യുദ്ധമായിരിക്കും. നമ്മൾ ഒരുമിച്ചാണ് വിനി’-എന്നാണ് ജഴ്സിക്കകത്ത് ധരിച്ച വസ്ത്രത്തിൽ എഴുതിയിരുന്നത്. ‘സ്കോർ ചെയ്ത ശേഷം ഷർട്ട് കാണിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ, സബ്സ്റ്റിറ്റ്യൂഷനിൽ ചെയ്തു. കാര്യങ്ങൾ മാറുന്നില്ല. ആളുകൾ മറ്റൊരു വഴിക്കാണ് നോക്കുന്നത്. ചില കളിക്കാർ കൂടുതൽ പീഡിപ്പിക്കപ്പെടുന്നു. ഇത് മാറേണ്ടതുണ്ട്’ -മത്സരശേഷം റഫിഞ്ഞ പറഞ്ഞു.
ബാഴ്സലോണയുടെ ബദ്ധവൈരികളായ റയൽ മഡ്രിഡിനായാണ് വിനീഷ്യസ് കളിക്കുന്നതെങ്കിലും ബ്രസീലിൽ ഇരുവരും സഹതാരങ്ങളാണ്. അതേസമയം, ലാ ലീഗയിൽ കിരീടം നേടിയ ബാഴ്സ ഈ മത്സരത്തിൽ വല്ലഡോളിഡിനോട് 3-1ന് തോറ്റു.