ബലാത്സംഗ കേസ്: മുൻ ബ്രസീൽ താരം റോബീഞ്ഞോ അറസ്റ്റിൽ
text_fieldsബ്രസീലിയ: ബലാത്സംഗ കേസിൽ ഒമ്പത് വർഷത്തെ ശിക്ഷ അനുഭവിക്കണമെന്ന കോടതി വിധിക്ക് പിന്നാലെ ബ്രസീൽ മുൻ ഫുട്ബാൾ താരം റൊബീഞ്ഞോ അറസ്റ്റിൽ. സാന്റോസിലെ ഫ്ലാറ്റിലെത്തിയാണ് പൊലീസ് 40കാരനെ അറസ്റ്റ് ചെയ്തത്. 2013ൽ 22കാരിയായ അൽബേനിയൻ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട താരം കുറ്റക്കാരനാണെന്ന് 2017ൽ ഇറ്റാലിയൻ കോടതി കണ്ടെത്തിയിരുന്നു. ഇറ്റലിയുടെ അഭ്യർഥനയെത്തുടർന്ന് റോബീഞ്ഞോ ബ്രസീലിൽ ശിക്ഷ അനുഭവിക്കണമെന്ന് ബുധനാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. സ്വന്തം പൗരന്മാരെ ബ്രസീൽ മറ്റു രാജ്യക്കാർക്ക് കൈമാറാറില്ല. ഈ സാഹചര്യത്തിലാണ് ബ്രസീലിൽ തന്നെ തടവുശിക്ഷ അനുഭവിക്കുക.
സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്, ഇംഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ സിറ്റി, ഇറ്റാലിയൻ ക്ലബ് എ.സി മിലാൻ എന്നിവയുടെ മുൻ താരമാണ് റോബീഞ്ഞോ. മിലാന്റെ താരമായിരിക്കെയാണ് കുറ്റകൃത്യത്തിൽ പങ്കാളിയാകുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷം 2020ൽ അപ്പീൽ നൽകാൻ അവസരം ഉണ്ടായിരുന്നെങ്കിലും അത് ചെയ്തിരുന്നില്ല. 2022ൽ ഇറ്റലിയിലെ പരമോന്നത കോടതി ശിക്ഷ ശരിവെക്കുകയും പ്രോസിക്യൂട്ടർ രാജ്യാന്തര അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
2003 മുതൽ 2017 വരെ ബ്രസീലിനായി 100 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ റോബീഞ്ഞോ 28 ഗോൾ നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിനായി രണ്ടുതവണ ലാലിഗ കിരീട നേട്ടത്തിൽ പങ്കാളിയായ താരത്തെ 2008ൽ അന്നത്തെ ബ്രിട്ടീഷ് റെക്കോഡ് തുകയായ 35.5 ദശലക്ഷം യൂറോക്ക് മാഞ്ചസ്റ്റർ സിറ്റി ടീമിലെത്തിച്ചിരുന്നു. രണ്ട് സീസണിന് ശേഷമാണ് എ.സി മിലാനിലെത്തിയത്. അഞ്ച് വർഷം അവിടെ കളിച്ച റോബീഞ്ഞോ പിന്നീട് ചൈനയിലെ ഗാങ്ഷു എവർഗ്രാൻഡെയിലും ബ്രസീലിലെ അത്‍ലറ്റികോ മിനീറോയിലുമാണ് കരിയറിന്റെ അവസാനത്തിൽ പന്തുതട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

