ലോകകപ്പ് ഫുട്ബാൾ; യാത്ര സുഗമമാക്കാൻ ജിദ്ദ വിമാനത്താവളം
text_fieldsജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം
ജിദ്ദ: നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ കാണാനെത്തുന്ന ആരാധകരുടെ യാത്ര സുഗമമാക്കാൻ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങി. പതിവ് വിമാന സർവിസുകൾക്കു പുറമെ ഖത്തറിലേക്ക് ദിനേന പ്രത്യേകം സർവിസുകളുണ്ട്. ജിദ്ദ വിമാനത്താവള കമ്പനിയുടെ പ്രവർത്തന പദ്ധതി പ്രകാരം പ്രത്യേക വിമാന സർവിസുകൾ നവംബർ 13 മുതൽ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 23 വരെ സർവിസുകൾ തുടരും. വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ ലോകകപ്പ് ആരാധകർക്കും മറ്റുമായുള്ള പതിവ് വിമാനങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ട്. ദിവസേനയുള്ള പ്രത്യേക വിമാന സർവിസുകൾ ഹജ്ജ്, ഉംറ ടെർമിനൽ കോംപ്ലക്സിൽനിന്നായിരിക്കും യാത്ര പുറപ്പെടുക.
ഈ ടെർമിനലിലേക്ക് യാത്രക്കാരെ എത്തിക്കാൻ പ്രത്യേക ബസ് സർവിസ് നടത്തും. എല്ലാ അന്വേഷണങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ പ്രത്യേക ടീമിനെയും ഹജ്ജ്, ഉംറ ടെർമിനലിൽ നിയോഗിച്ചിട്ടുണ്ട്. ഖത്തറിലേക്ക് പോകുന്ന യാത്രക്കാർക്ക് പാസ്പോർട്ടിനും ബോർഡിങ് പാസിനുമൊപ്പം ഡിജിറ്റലായോ പ്രിന്റായോ 'ഹയ്യ' കാർഡും നിർബന്ധമാണ്. യാത്രക്കാർ ഹജ്ജ് ടെർമിനൽ കോംപ്ലക്സിന്റെ ഗേറ്റ് നമ്പർ 17നു മുന്നിലുള്ള കാർ പാർക്കിങ് സ്ഥലത്താണ് എത്തിച്ചേരേണ്ടത്. ഇവിടെ 3000 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. ഇവിടെനിന്നു പ്രത്യേകം സജ്ജീകരിച്ച ബസുകൾ വഴി കോംപ്ലക്സിലെ എയർകണ്ടീഷൻ ട്രാവൽ ഹാളുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകും. ഇതിനായി 18 ബസുകൾ 24 മണിക്കൂറും സർവിസിനുണ്ടാവും.
സൗദി എയർലൈൻസ്, ഫ്ലൈനാസ്, ഖത്തർ എയർവേസ് എന്നീ വിമാനക്കമ്പനികളുടെ സാധാരണ സർവിസുകൾ ടെർമിനൽ ഒന്നിൽനിന്നായിരിക്കും ഉണ്ടാവുക. ഈ സർവിസുകളിൽ സാധാരണപോലെ ലഗേജുകൾ അനുവദിക്കും. എന്നാൽ, ലോകകപ്പ് ഫുട്ബാളിന് മാത്രമായി ഹജ്ജ് കോംപ്ലക്സ് ടെർമിനലിൽനിന്ന് ദിനേന സർവിസ് നടത്തുന്ന പ്രത്യേക സൗദി എയർലൈൻസ് വിമാനങ്ങളിൽ ലഗേജുകൾ അനുവദിക്കില്ല. ഹാൻഡ് ബാഗേജ് മാത്രമേ അനുവദിക്കൂ. ദിവസേനയുള്ള പതിവുയാത്രകൾ ദോഹയിലെത്താനും ഹോട്ടലുകളിൽ താമസിക്കാതെ അതേ ദിവസംതന്നെ മടങ്ങാനും ഫുട്ബാൾ ആരാധകരെ പ്രാപ്തരാക്കുന്നതിനോടൊപ്പം യാത്രാനടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും സഹായിക്കുമെന്ന് ജിദ്ദ വിമാനത്താവള അതോറിറ്റി അഭിപ്രായപ്പെട്ടു.
യാത്രക്കാർക്കും ഫുട്ബാൾപ്രേമികൾക്കും ആവേശം പകരാൻ ജിദ്ദ വിമാനത്താവളത്തിൽ നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ടെർമിനൽ ഒന്നിന്റെ പ്രവേശന കവാടങ്ങൾ സൗദി ദേശീയ ടീമിന്റെ ലോഗോയുടെ നിറങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. കൂടാതെ, ഫുട്ബാൾ താരങ്ങളുടെ ചിത്രത്തോടൊപ്പം സെൽഫി ഫോട്ടോ എടുക്കാനുള്ള സൗകര്യവും പ്രവചന മത്സരമടക്കം വിവിധ ഗെയിമുകളും മത്സരങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. വിജയികൾക്ക് 'ഐഫോൺ' അടക്കമുള്ള സമ്മാനങ്ങളുമുണ്ടാവും.