യു.എ.ഇയിലെ തട്ടുതകർപ്പൻ ഫാൻ സോണുകൾ
text_fieldsദുബൈ സിലിക്കൺ ഒയാസിസിലെ ഫാൻസോണിൽ ലോകകപ്പ് മത്സരം കാണാൻ എത്തിയവർ
ലോകകപ്പ് ആഘോഷത്തിന്റെ അർമാദമാണ് യു.എ.ഇയിലെ ഓരോ മുക്കിലും മൂലയിലും കണ്ടുവരുന്നത്. ഫാൻ സോണുകൾ നിറഞ്ഞു കവിയുന്നു, ഉറങ്ങാത്ത രാവുകൾക്ക് ദൈർഘ്യമേറുന്നു, നഗരങ്ങളിലിറങ്ങുന്ന വാഹനങ്ങളിൽ വിവിധ രാജ്യങ്ങളുടെ പതാകകൾ പാറിപ്പറക്കുന്നു... ലോകകപ്പ് ശരിക്കും ആഘോഷിക്കുകയാണ് യു.എ.ഇ.ആദ്യ മത്സരങ്ങളിൽ ഫാൻ സോണുകളിൽ കാര്യമായ ആളനക്കമുണ്ടായിരുന്നില്ല.
എന്നാൽ, നിലവിൽ ഫാൻ സോണുകളിൽ നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. നിറഞ്ഞുകവിയുന്ന ഫാൻസോണുകളിൽ ഫുട്ബാൾ ആരാധകരെ നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാർ പെടാപ്പാട് പെടുന്നു.
ഏറ്റവും കൂടുതൽ കാണികൾ എത്തുന്നത് അർജന്റീനയുടെയും ബ്രസീലിന്റെയും മത്സരത്തിനാണ്. മൊറോക്കോയും പോർച്ചുഗലും തകർപ്പൻ കളി പുറത്തെടുത്തതോടെ ഈ ടീമുകളുടെ മത്സരത്തിനും ആരാധകരുടെ എണ്ണം കൂടിയിട്ടുണ്ട്. ഫ്രാൻസ്, ഇംഗ്ലണ്ട് ടീമുകളാണ് മറ്റ് ഫേവറൈറ്റുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ യു.എ.ഇയിൽ ഉള്ളതിനാൽ എല്ലാ ടീമിന്റെ മത്സരങ്ങൾക്കും നിശ്ചിത എണ്ണം കാണികളുണ്ട്.
വമ്പൻ സൗകര്യങ്ങളാണ് ഫാൻ സോണുകളിൽ ഒരുക്കിയിരിക്കുന്നത്. ബീൻ ബാഗിൽ കിടന്ന് കളികാണാനും ഇഷ്ട ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനുമെല്ലാം ഫാൻ സോണിൽ സൗകര്യമുണ്ട്. ഭൂരിപക്ഷം സോണുകളിലും പ്രവേശനം സൗജന്യമാണ്. എന്നാൽ, എക്സ്പോ ഉൾപെടെയുള്ള ഫാൻ സോണുകളിൽ പ്രവേശനത്തിന് ടിക്കറ്റെടുക്കണം. ഇവിടെയും തിരക്കിന് യാതൊരു കുറവുമില്ല.
ഇഷ്ട ടീമിന്റെ ജഴ്സിയണിഞ്ഞും പതാകയേന്തിയും ചായം പൂശിയുമെല്ലാണ് ഫുട്ബാൾ ആരാധകർ ഫാൻ സോണിൽ എത്തുന്നത്. കൂറ്റൻ സ്ക്രീനിൽ കളി കാണുക എന്നതിലുപരി, ആവേശത്തിനൊപ്പം അണിചേരുക എന്നതാണ് ഫാൻ സോണിലെത്തുന്നവരെ ആകർഷിക്കുന്നത്. കാതടപ്പിക്കുന്ന സൗണ്ട് സിസ്റ്റവും ആരാധകർക്ക് ആവേശം പകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

