ലോകകപ്പ് നേരിട്ടാസ്വദിച്ച ആവേശത്തിൽ പാത്തുട്ടി
text_fieldsകോട്ടക്കൽ: ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ ഫുട്ബാൾ പ്രേമിയായ മാതാവിനെ എങ്ങനെ നാട്ടിലിരുത്തും. മക്കൾ മറ്റൊന്നും ആലോചിച്ചില്ല. നേരെ കൂട്ടിക്കൊണ്ടുപോയി. അങ്ങനെ ലോകകപ്പ് ഒരുക്കങ്ങളും മത്സരവും നേരിട്ടാസ്വദിച്ച ആവേശത്തിലാണ് തിരൂരങ്ങാടി ചുള്ളിപ്പാറയിലെ 60കാരി പാത്തുട്ടി ഉള്ളാടന്‍.
സ്വന്തം നാട്ടിലെ ഉദയ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഫുട്ബാള്‍ മത്സരങ്ങളുടെ ആവേശം പാത്തുട്ടി നേരിട്ടനുഭവിച്ചറിഞ്ഞിരുന്നു. ഇതിനിടയിലാണ് ലോകകപ്പ് ഖത്തറിലെത്തുന്നത്. ഖത്തറിലും കേരളത്തിലുമായി ബിസിനസ് സംരംഭങ്ങളുള്ള മക്കളായ അലിഹസന്, ഹനീഫ തച്ചറക്കല്‍, മന്‍സൂര്‍, ഷംസുദ്ദീൻ എന്നിവരോടൊപ്പം കളി കാണാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നാട്ടിൽ ബിസിനസ് നടത്തുന്ന ഫസൽ റഹ്മാനോടൊപ്പം ഈ മാസം അഞ്ചിന് ഖത്തറിലേക്ക് തിരിച്ചു. ബുധനാഴ്ച അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിൽ നടന്ന ബെല്‍ജിയം-കാനഡ മത്സരമാണ് ഖത്തറിലുള്ള മക്കളോടൊപ്പം ഇവർ നേരിട്ടാസ്വദിച്ചത്.
ഇരുടീമുകളും പൊരുതി കളിച്ചെങ്കിലും മത്സരത്തിൽ പാത്തുട്ടിയുടെ ഇഷ്ട ടീമായത് ബെല്‍ജിയമാണ്. ബ്രസീൽ, അർജൻറീന, ഇംഗ്ലണ്ട്, ജർമനി, സൗദി അറേബ്യ ആരാധകരാണ് അഞ്ചുമക്കളും. കളി കണ്ടതോടെ ഉമ്മക്ക് പെരുത്തിഷ്ടം ബെൽജിയത്തോടായി.
മക്കൾക്കൊപ്പം പതാകകളുമേന്തിയാണ് പാത്തുട്ടി സ്റ്റേഡിയത്തിലെത്തിയത്. ടി.വിയിലും മൊബൈൽ ഫോണുകളിലും കണ്ടിരുന്ന മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ നേരിൽ കാണാന്‍ കഴിഞ്ഞത് വ്യത്യസ്തമായൊരുനുഭവമാണെന്ന് പാത്തുട്ടി പറഞ്ഞു. സാധാരണക്കാര്‍ക്കും മത്സരങ്ങൾ നേരിട്ട് കാണാന്‍ അവസരം ലഭിച്ചതിൽ ഖത്തറിനും നന്ദി പറയുകയാണ് ഇവർ. ശനിയാഴ്ച രാവിലെ കരിപ്പൂരിൽ തിരിച്ചെത്തും. ചുള്ളിപ്പാറ സ്വദേശി പരേതനായ തച്ചറക്കൽ ഹംസക്കുട്ടി ഹാജിയാണ് ഭര്‍ത്താവ്.